Connect with us

Kerala

ഹിന്ദുക്കള്‍ സംഘപരിവാറുകാരെ പോലെ കപട ദേശീയവാദികളല്ല; പൗരത്വനിയമത്തിനെതിരെ അവര്‍കൂടെയുണ്ടാകും: വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ഹിന്ദുക്കളും കൂടെയുണ്ടാവുമെന്ന് വി ഡി സതീശന്‍ എം എല്‍ എ. ഇന്ത്യയിലെ ഹിന്ദുക്കള്‍ സംഘ്പരിവാറുകാരെ പോലെ കപട ദേശീയവാദികളല്ല. അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരാണ്. ജയില്‍ മോചനത്തിനായി ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കിയിട്ട്, എല്ലാ ഔദാര്യവും ചെയ്ത്, കോണ്‍ഗ്രസിന്റെ സന്നദ്ധ ഭടന്മാരെ ഒറ്റു കൊടുത്ത അഞ്ചാം പത്തികളല്ല രാജ്യത്തെ ഹിന്ദുക്കളെന്നും വി ഡി സതീശന്‍ പറഞ്ഞു. നിയമസഭയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു വിഭാഗത്തിലെ ഒരാളോട് ഇന്ത്യവിട്ട് പോകാന്‍ ആരെങ്കിലും ആജ്ഞാപിച്ചാല്‍ തിരിഞ്ഞു നിന്ന് ഇത് എന്റെ ഇന്ത്യ, ഞങ്ങളുടെ ഇന്ത്യ എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന യുവതലമുറയാണ് വളര്‍ന്നുവരുന്നത് എന്നതാണ് ആവേശകരമെന്നും വി ഡി സതീശന്‍ പറഞ്ഞു.

പൗരത്വ പട്ടിക ഒരു വലയാണ്. ആ വലയില്‍ കുടുങ്ങാന്‍ പോകുന്ന മത്സ്യങ്ങള്‍ ഇപ്പോള്‍ പൗരത്വ നിയമത്തിലൂടെ പുറത്താക്കപ്പെട്ട ആളുകളാണ്. പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഒരുമിച്ച് ചേര്‍ക്കുമ്പോള്‍ കൃത്യമായ മതവിവേചനമാണ് സംഭവിക്കുകയെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

ഭരണഘടന നിര്‍മാണ സമിതിയിലെ 296 അംഗങ്ങളില്‍ 211 പേര്‍ കോണ്‍ഗ്രസുകാര്‍ ആയിരുന്നു. ഈ അംഗങ്ങളുടെ ബലത്തില്‍ ഇഷ്ടമുള്ള ഭരണഘടന ഉണ്ടാക്കാമായിരുന്നു. എന്നാല്‍, ഒരു രാജ്യത്തും ഇല്ലാത്ത ജനാധിപത്യത്തെയും മതേതരത്വത്തെയും സോഷ്യലിസത്തെയും ഉയര്‍ത്തി പിടിക്കുന്ന, ഒരു തുള്ളിവെള്ളം പോലും ചേര്‍ക്കാത്ത ഭരണഘടനക്കാണ് ദേശീയ നേതാക്കള്‍ രൂപം നല്‍കിയതെന്നും സതീശന്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest