Connect with us

Editorial

ചരിത്ര കോണ്‍ഗ്രസിലെ അപസ്വരങ്ങള്‍

Published

|

Last Updated

കണ്ണൂര്‍ സര്‍വകലാശാലയിലെ ദേശീയ ചരിത്ര കോണ്‍ഗ്രസിനിടെയുണ്ടായ അപസ്വരങ്ങളെ ചൊല്ലിയുള്ള വിവാദങ്ങള്‍ രൂക്ഷമാകുകയാണ്. ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, ചീഫ് സെക്രട്ടറിയെ രാജ്ഭവനില്‍ വിളിച്ചു പ്രതിഷേധമറിയിക്കുകയും ഡി ജി പിയോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയുമാണ്. സംഘാടകരുടെ വീഴ്ച, ക്ഷണിക്കാതെ പരിപാടിക്കെത്തിയവരുടെ പട്ടിക, വേദിയിലും പുറത്തുമുള്ള സി സി ടി വി ക്യാമറാ ദൃശ്യങ്ങള്‍ എന്നിവയെക്കുറിച്ച് ഒരാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ഡി ജി പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല വി സിയോടും വിശദീകരണം തേടിയിരുന്നു ഗവര്‍ണര്‍. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കാനുള്ള തീരുമാനത്തിലാണ് ഗവര്‍ണറെന്നാണ് വിവരം.

അതേസമയം, ഗവര്‍ണര്‍ ചരിത്ര കോണ്‍ഗ്രസിനെ മോദി സര്‍ക്കാറിന്റെ നയപരിപാടികളുടെ പ്രചാരണ വേദിയാക്കി മാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷവും പറയുന്നത്. ഭരണഘടനാ പദവിയായ ഗവര്‍ണര്‍ സ്ഥാനത്തിന് യോജിച്ച തരത്തിലായിരുന്നില്ല പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നീക്കങ്ങളും പ്രസ്താവനകളും. ആഗോള ചരിത്രകാരന്മാര്‍ ഉള്‍പ്പെടുന്ന ചരിത്രകോണ്‍ഗ്രസില്‍ എഴുതിത്തയ്യാറാക്കിയ പ്രസംഗം മാറ്റി വെച്ച് ഗവര്‍ണര്‍ രാഷ്ട്രീയം പറയാന്‍ തുനിഞ്ഞത് ഒട്ടും ശരിയായില്ല. മോദി സര്‍ക്കാറാണ് നിയമിച്ചതെന്നതു കൊണ്ട് സര്‍ക്കാറിന്റെ എല്ലാ നയങ്ങളെയും അനുകൂലിക്കാന്‍ താന്‍ ബധ്യസ്ഥനാണെന്നു ആരിഫ്ഖാന്‍ ധരിച്ചുവോ? അദ്ദേഹത്തിനു മുമ്പ് ഗവര്‍ണറായിരുന്ന പി സദാശിവത്തിനു രാഷ്ട്രീയപരമായി പല കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാറുമായി വിയോജിപ്പുണ്ടായിരുന്നു. മോദി സര്‍ക്കാര്‍ നിയമിച്ചയാളായിരുന്നിട്ടും പൊതുവേദികളെ അദ്ദേഹം ഒരിക്കലും രാഷ്ട്രീയം പറയാനോ മോദി സര്‍ക്കാറിന്റെ നയപരിപാടികളുടെ പ്രചാരണത്തിനോ ഉപയോഗപ്പെടുത്തിയിട്ടില്ല. അതായിരിക്കണം ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരാളുടെ നിലപാട്. ചരിത്ര കോണ്‍ഗ്രസിലെ ആരിഫ്ഖാന്റെ ചെയ്തികള്‍ ഗവര്‍ണര്‍ പദവിക്കു യോജിക്കാത്തതായെന്ന കാര്യത്തില്‍ ബി ജെ പിക്കാരല്ലാത്ത കേരളത്തിലെ മുഴുവന്‍ പാര്‍ട്ടികളും ഒറ്റക്കെട്ടാണെന്ന കാര്യം ശ്രദ്ധേയമാണ്.

ചരിത്ര കോണ്‍ഗ്രസില്‍, പൗരത്വ നിയമ ഭേദഗതിയെയും രാജ്യത്തിന്റെ ബഹുസ്വരതക്കെതിരായ നീക്കങ്ങളെയും എതിര്‍ത്തു സംസാരിച്ച ആശംസാ പ്രസംഗകര്‍ക്ക് ഗവര്‍ണര്‍ മറുപടി പറയാന്‍ തുനിഞ്ഞതാണ് വേദിയില്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയരാനും പരിപാടി അലങ്കോലപ്പെടാനും ഇടയാക്കിയത്. എഴുതി തയ്യാറാക്കിയ പ്രസംഗവുമായാണ് ഗവര്‍ണര്‍ വേദിയിലെത്തിയതെങ്കിലും അത് വായിക്കുന്നതിനു മുമ്പായി ആശംസാ പ്രസംഗകരുടെ പരാമര്‍ശങ്ങള്‍ക്ക് മുറപടി നല്‍കാതെ വയ്യെന്നു പറഞ്ഞു അദ്ദേഹം പൗരത്വ നിയമ ഭേദഗതി തികച്ചും ശരിയാണെന്ന നിലപാടുയര്‍ത്തി കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ അനുകൂലിക്കുകയായിരുന്നു. അതിനിടെ “”വിഭജനത്തോടെ മാലിന്യം ഒഴുകിപ്പോയെങ്കിലും അതിന്റെ ദുര്‍ഗന്ധം അവശേഷിക്കുന്നു””വെന്ന മൗലാനാ അബുല്‍ കലാമിന്റെ വാക്യം ഉദ്ധരിച്ചതോടെയാണ് സദസ്സില്‍ നിന്ന് പ്രതിഷേധമുയര്‍ന്നത്. ജെ എന്‍ യു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സദസ്സിലുണ്ടായിരുന്ന പലരും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാണിച്ചു. വേദിയിലുണ്ടായിരുന്ന പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് എഴുന്നേറ്റു “നിങ്ങള്‍ മൗലാനയുടെ വാക്കുകളല്ല, ഗോഡ്‌സെയുടെ വാക്കുകളാണ് ഇവിടെ ഉദ്ധരിക്കേണ്ടതെ”ന്നു പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ പ്രസംഗം നിറുത്തി എഴുന്നേറ്റു പോകുകയായിരുന്നു ആരിഫ്ഖാന്‍.

രാജ്യത്ത് ഇപ്പോള്‍ ഭരണഘടന ആക്രമിക്കപ്പെടുകയും ചരിത്രം അപനിര്‍മിക്കപ്പെടുകയുമാണെന്ന സിന്‍ഡിക്കേറ്റംഗം ബിജു കണ്ടക്കൈയുടെയും കെ കെ രാഗേഷ് എം പി യുടെയും ആശംസാ പ്രസംഗത്തിലെ പരാമര്‍ശമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ചരിത്ര കോണ്‍ഗ്രസില്‍ ചരിത്രത്തിനു പകരം രാഷ്ട്രീയം പറഞ്ഞത് ശരിയല്ലെന്നാണ് ഇതിനെക്കുറിച്ചു ഗവര്‍ണറുടെ പ്രതികരണം. മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ചരിത്രം മാറ്റിയെഴുതുകയും അപനിര്‍മിക്കപ്പെടുകയും ചെയ്യുന്നുവെന്നത് വസ്തുതയാണ്. 1947ലെ വിഭജനത്തിന്റെ ദുരിതങ്ങള്‍ ഒട്ടേറെ അനുഭവിച്ച രാജ്യത്തെ മറ്റൊരു വിഭജനത്തിലേക്ക് എടുത്തെറിയുന്ന വിധം ചരിത്രം വ്യഭിചരിക്കപ്പെടുമ്പോള്‍, ചരിത്ര കോണ്‍ഗ്രസില്‍ അക്കാര്യം സൂചിപ്പിക്കുന്നതില്‍ എന്താണ് അപാകത? സാംസ്‌കാരിക പൈതൃകങ്ങളും വംശ വൈവിധ്യവും ഉള്‍ക്കൊള്ളുന്ന ജനാധിപത്യമാണ് ഇന്ത്യയുടേത്. അതിനെ ഹിന്ദുത്വ വംശീയതയിലേക്ക് ചുരുട്ടിക്കൂട്ടാനുള്ള ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനാകുമോ? ഇത് രാഷ്ട്രീയം പറച്ചിലായി ഗവര്‍ണര്‍ക്ക് തോന്നിയത്, അദ്ദേഹത്തിന്റെ സംഘ്പരിവാര്‍ ഫാസിസത്തോടുള്ള ആഭിമുഖ്യം കൊണ്ടു മാത്രമാണ്.

ഭരണഘടനയെ സംരക്ഷിക്കേണ്ടത് തന്റെ ബാധ്യതയായതിനാലാണ് ഭേദഗതിയെ താന്‍ അനുകൂലിക്കുന്നതെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി. പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് മഹാത്മാ ഗാന്ധി നല്‍കിയ വാഗ്ദാനമാണ് പൗരത്വ ദാനമെന്നാണ് അദ്ദേഹം പറയുന്നത്. ഗാന്ധിജി അങ്ങനെ വാഗ്ദാനം നല്‍കിയിരിക്കാം. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നെത്തുന്ന മുസ്‌ലിം അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കരുതെന്നു ഗാന്ധിജി പറഞ്ഞിരുന്നോ? ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ നാനാത്വത്തില്‍ ഏകത്വത്തിന്റേതാണ്. ചില വിഭാഗങ്ങളെ അപരവത്കരിച്ചു കൊണ്ടുള്ള ഒരു രാജ്യം അദ്ദേഹത്തിന്റെ ഭാവനയില്‍ ഉണ്ടായിരുന്നേ ഇല്ല. മതത്തിന്റെ പേരിലുള്ള വിവേചനത്തെ ഭരണഘടനയും അംഗീകരിക്കുന്നില്ല. എന്നിട്ടും തന്റെ തെറ്റായ പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹം ഗാന്ധിജിയെയും ഭരണഘടനയെയും കൂട്ടൂപിടിച്ചതും ചരിത്ര നായകന്മാരെ തെറ്റായി ഉദ്ധരിച്ചതും അപഹാസ്യമായിപ്പോയി. ഷാബാനു കേസില്‍ സുപ്രീം കോടതിയുടെ തെറ്റായ വിധിയെ മറികടക്കുന്നതിന് രാജീവ് ഗാന്ധി സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നപ്പോള്‍ മന്ത്രി സ്ഥാനം രാജിവെച്ചു പ്രതിഷേധിക്കുകയും മുത്വലാഖ് വിഷയത്തില്‍ മുസ്‌ലിം വികാരത്തിനെതിരെ നിലകൊള്ളുകയും ചെയ്ത ആരിഫ്ഖാന്‍ പൗരത്വ നിയമ ഭേദഗതിയില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

---- facebook comment plugin here -----

Latest