Connect with us

Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസായി; പ്രത്യേക നിയമസഭ സമ്മേളനം പിരിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം| പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയം ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലെ പ്രമേയം പാസാക്കാന്‍ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം പിരിഞ്ഞു.

പൗരത്വ ഭേദഗതി നിയമം കേന്ദ്രം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രിയാണ് സഭയില്‍ അവതരിപ്പിച്ചത്. പ്രമേയാവതരമത്തിന് ശേഷം നടന്ന ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കു ശേഷം പ്രമേയം നിയമ സഭ പാസാക്കി. ബി ജെ പി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്.

മതനിരപേക്ഷതക്ക് എതിരാണ് നിയമമെന്ന് പ്രമേയാവതരണത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു. മൗലികമായി സമത്വത്തിന്റെ ലംഘനമാണ് ഈ നിയമം. മതം അടിസ്ഥാനമാക്കി പൗരത്വം നിശ്ചയിക്കുന്നത് വിവേചനമാണ്. മൗലികാവകാശമായ സമത്വത്തിന്റെ ലംഘനംകൂടിയാണ് നിയമമെന്നും മതനിരപേക്ഷത തകര്‍ക്കുന്ന നിയമം റദ്ദാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

പൗരത്വ ഭേദഗതി നിയമം നമ്മുടെ നാടിനെ കുറിച്ച് രാജ്യാന്തര സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ ആശങ്ക പരിഹരിക്കേണ്ടതുണ്ട്. മതവിദ്വേഷത്തിന്റേയല്ല മറിച്ച് മതവിശ്വാസത്തെ ബഹുമാനിക്കുന്ന പാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്നതാണ് പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ സഹകരണത്തോടെ മുന്നോട്ടു പോകേണ്ടതാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ പ്രകാരം സെന്‍സസ് നടപടികള്‍ നടത്തുന്നത് ആശങ്കക്ക് ഇടയാക്കും. അതിനാലാണ് ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തയാറാക്കുന്നത് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പൗരത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുളള തടങ്കല്‍പ്പാളയങ്ങള്‍ കേരളത്തില്‍ ഉണ്ടാവില്ല. തടങ്കല്‍പ്പാളയങ്ങള്‍ക്കുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ല. പൗരത്വവുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രമേയം ചരിത്രത്തില്‍ ഇടംനേടും. പൗരത്വ ഭേദഗതി നിയമം റദ്ദാക്കി രാജ്യത്തെ ജനത ഒന്നായി കാണുന്ന ഭരണഘടനാ കാഴ്ചപ്പാട് തയാറാകണമെന്നും മുഖ്യമന്ത്രി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനം ഇറക്കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി.

കെ ബി ഗണേഷ് കുമാര്‍, പി സി ജോര്‍ജ്, വി ഡി സതീശന്‍ , എം സ്വരാജ് എന്നിവരും പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു.

രാഷ്ട്രീയവും രാഷ്ട്രവും രണ്ടല്ലന്നും രാഷ്ട്രമെന്ന കാര്യത്തെപ്പറ്റി ഗൗരവമായി ചിന്തിക്കണമെന്നും പ്രമേയത്തെ എതിര്‍ത്തുകൊണ്ട് ബിജെപിയിലെ ഏക അംഗമായ ഒ രാജഗോപാല്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം മുസ്ലിങ്ങള്‍ക്കെതിരല്ല . അബുദ്ുള്‍ കലാമിന് രാഷ്ട്രപതിയാക്കിയ രാജ്യമാണിത്. പുതിയ നിയമത്തില്‍ ഇന്ന മതക്കാര്‍ക്കെ പൗരത്വം കൊടുക്കാവു എന്ന് പറഞ്ഞിട്ടില്ല. ഇന്ന് വീരവാദം പറയുന്നവരാണ് മത അടിസ്ഥാന്തില്‍ രാജ്യത്തെ വെട്ടിമുറിച്ചതെന്നും ഒ രാജഗോപാല്‍ പറഞ്ഞു
പ്രധാന അജന്‍ഡയ്ക്ക് പുറമേ മറ്റു അജന്‍ഡയായി ഈ വഷയം പരിഗണിച്ചാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ നിയമനിര്‍മാണസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്.

അതേ സമയം പട്ടികജാതി പട്ടിക വര്‍ഗ സംവരണംസംബന്ധിച്ചും ആംഗ്ലോ ഇന്ത്യന്‍ സംവരണം സംബന്ധിച്ചുമുള്ള മുഖ്യമന്ത്രി നേരത്തെ അവതരിപ്പിച്ച പ്രമേയങ്ങള്‍ സഭ ഐക്യകണ്‌ഠേന പാസാക്കി.

 

പൗരത്വ നിയമ ഭേദഗതി 2019 -സഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗം

പൗരത്വ ഭേദഗതി നിയമം 2019 രാജ്യത്തെമ്പാടും വലിയ പ്രക്ഷോഭത്തിന് തിരികൊളുത്തിയിരിക്കുകയാണ്.  സര്‍വകലാശാല വിദ്യാര്‍ത്ഥികളും തൊഴിലാളികളും ജീവനക്കാരും പൊതുപ്രവര്‍ത്തകരും തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളില്‍പ്പെട്ടവരും ശക്തമായ പ്രതിഷേധമുയര്‍ത്തി  മുന്നോട്ടു വന്നിരിക്കുകയാണ്. മത വിവേചനത്തിന്റെ രീതിയിലുള്ള ഈ ഭേദഗതി അന്താരാഷ്ട്രാ സമൂഹത്തില്‍തന്നെ നമ്മുടെ നാടിനെക്കുറിച്ച് തെറ്റായ ചിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ലോകത്തെമ്പാടും പ്രവാസികളായി ജീവിക്കുന്ന മലയാളി സമൂഹത്തിനിടയിലും പൗരത്വ ഭേദഗതി നിയമം ആശങ്കകള്‍ രൂപപ്പെടുത്തിയിരിക്കുന്നു. ഈ അന്തരീക്ഷത്തില്‍ നിന്നുകൊണ്ടാണ് കേരള നിയമസഭ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ഈ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്.
രാജ്യത്തിന്റെ സവിശേഷതകളായി നാം അഭിമാനിക്കാറുള്ള ഘടകങ്ങളാണ് മതനിരപേക്ഷതയും അതിന്റെ  ഭാഗമെന്നോണം നിലകൊള്ളുന്ന നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാടും.

ഇന്ത്യയെപ്പോലെ ഇത്രയേറെ വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രവും ഭാഷകളും സംസ്‌കാരങ്ങളും മതവിഭാഗങ്ങളും എല്ലാം ഉണ്ടായിരുന്നിട്ടും ഒരു രാഷ്ട്രം എന്ന നിലയില്‍ നമുക്ക് നിലനില്‍ക്കാന്‍ കഴിഞ്ഞത് മേല്‍പ്പറഞ്ഞ രണ്ട് കാഴ്ചപ്പാടുകളെ മുന്നോട്ടുവെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു എന്നതിനാലാണ്. മതനിരപേക്ഷതയ്ക്കും വൈവിധ്യങ്ങളെ അംഗീകരിക്കുന്ന രീതിക്കും പോറല്‍ ഏല്‍ക്കുമ്പോള്‍ അത് രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ദുര്‍ബലപ്പെടുത്തുന്ന സ്ഥിതിയുണ്ടാകും എന്നത് നാം ഓര്‍ക്കണം.  അതുകൊണ്ടുതന്നെ മേല്‍പ്പറഞ്ഞ മൂല്യങ്ങളെ  കണക്കിലെടുക്കാതെ രൂപീകരിക്കുന്ന ഏതു നിയമനിര്‍മ്മാണവും വലിയ പ്രത്യാഘാതങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കും.

നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത രൂപപ്പെട്ടുവന്നത് നൂറ്റാണ്ടുകളായി ഇവിടെ വളര്‍ന്നുവന്ന സാമൂഹ്യ-രാഷ്ട്രീയ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിലാണ്. നാം ഇന്നുകാണുന്ന ഇന്ത്യന്‍ ജനതയുടെ  സംസ്‌കാരം രൂപപ്പെട്ടുവന്നത് ഏറെ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ്. നമ്മുടെ രാജ്യത്തെ സംബന്ധിച്ച അവ്യക്തമായ ധാരണകളേ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ചരിത്രത്തിന്റെ വികാസത്തിന് അനുസരിച്ച് ആധുനിക ഇന്ത്യ രൂപപ്പെട്ടുവരികയായിരുന്നു.

ആധുനിക ഇന്ത്യയുടെ രൂപീകരണം ഉണ്ടാകുന്നത് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ അടിത്തറയിലാണ്. നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് ഏറെ സവിശേഷതകള്‍ ഉണ്ട്. വൈവിധ്യമാര്‍ന്ന നിരവധി ധാരകളുടെ മഹാപ്രവാഹമായിരുന്നു അത്.   ആദിവാസികളിലും കര്‍ഷകരിലും നിന്ന് ആരംഭിച്ച പ്രക്ഷോഭങ്ങള്‍ അക്കാലത്ത് ഉയര്‍ന്നുവന്ന ആധുനിക മൂല്യങ്ങളെ കൂടി സ്വാംശീകരിച്ച് വളര്‍ന്നു വരികയായിരുന്നു.

ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും സാമൂഹ്യനീതിയും ഒക്കെ അതിന്റെ ഭാഗമായി ഉയര്‍ന്നുവന്നു. അത് ജനതയുടെ കാഴ്ചപ്പാടും വികാരവുമായി രൂപപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ മുന്നോട്ടുവച്ച ശിഥിലീകരണ പ്രവണതകളെയെല്ലാം അതിജീവിച്ച് ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയായിരുന്നു. ഭരണഘടനാ നിര്‍മ്മാണത്തിനായി രൂപീകരിച്ച കോണ്‍സ്റ്റിറ്റിയൂഷണ്‍ അസംബ്ലിയിലെ ചര്‍ച്ചകളിലൂടെ സ്വാതന്ത്ര്യസമരത്തിലെ മൂല്യങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് ഭരണഘടനയും രൂപപ്പെട്ടു. അങ്ങനെ മതനിരപേക്ഷതയിലും സാമൂഹ്യനീതിയിലും സമത്വത്തിലും ഊന്നിനിന്നുകൊണ്ടുള്ള നാനാത്വത്തില്‍ ഏകത്വം എന്ന കാഴ്ചപ്പാടും എല്ലാം ഇതില്‍ ഉള്‍ച്ചേരുകയായിരുന്നു. അതിന്റെ കരുത്തിലാണ് ഇന്ത്യ എന്ന രാജ്യം ഒരു വികാരമായി നമ്മുടെ മനസില്‍ സ്ഥാനം പിടിച്ചത്. ഈ കാഴ്ചപ്പാടാണ് ലോകം മുഴുവന്‍ ബഹുമാനിക്കുന്ന രാജ്യമായി നമ്മുടെ നാടിനെ ഉയര്‍ത്തിയത്.
ഒരു രാഷ്ട്രം എങ്ങനെയാണ് എന്നത് നിര്‍ണ്ണയിക്കുന്നത് അതിന്റെ പൗരത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടു ഏതു തരം ജനവിഭാഗങ്ങളെ രാഷ്ട്രം ഉള്‍ക്കൊള്ളുന്നു എന്നതാണ് അതിന്റെ സ്വഭാവ സവിശേഷതകളുടെ മര്‍മ്മപ്രധാനമായ ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ പൗരത്വം എന്നത് രാഷ്ട്രസ്വഭാവത്തിന്റേയും  അതിന്റെ ഘടനയുടേയും അടിത്തറയായി തീരുന്നു.

എല്ലാ മതവിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്നിടത്താണ്  മതേതര രാഷ്ട്രം എന്ന നിലയിലേക്ക് ഒരു രാജ്യം മാറുന്നത്. ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് നിയന്ത്രണവും ഏതെങ്കിലും  വിഭാഗത്തിന് പൗരത്വത്തിന് കൂടുതല്‍ പരിഗണനയും നല്‍കുന്നിടത്ത് അതിന്റെ മതേതര ഭാവം നഷ്ടപ്പെടും. അങ്ങനെ നാനാത്വത്തില്‍ ഏകത്വമെന്ന നാം ഉയര്‍ത്തിപ്പിടിച്ച മൂല്യം നഷ്ടപ്പെട്ടാല്‍ നമ്മുടെ രാഷ്ട്രത്തിന്റെ ശൈഥില്യത്തിലേക്ക് ആയിരിക്കും അത് നയിക്കുക. അത് ഒഴിവാക്കപ്പെടണമെങ്കില്‍ ഇത്തരം മൂല്യങ്ങളെ മുന്നോട്ടുവയ്ക്കുന്ന നിയമങ്ങളും പരിരക്ഷകളും ഉണ്ടായേ പറ്റൂ.  അതുകൊണ്ടാണ് പുതിയ പൗരത്വ നിയമദേഭഗതി പിന്‍വലിക്കണം എന്ന ആവശ്യം രാജ്യത്തിന്റെ പാരമ്പര്യത്തേയും അതിന്റെ വൈവിധ്യങ്ങളേയും അറിയാവുന്നവര്‍ മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളെന്ന് നാം മറക്കരുത്.

പൗരത്വ ഭേദഗതി നിയമം 2019ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മതാടിസ്ഥാനത്തിലുള്ള വിവേചനപരമായ വ്യവസ്ഥകള്‍ക്കെതിരെ ജാതി-മത-പ്രാദേശിക വേര്‍തിരിവുകള്‍ക്കതീതമായി രാജ്യത്തെമ്പാടും ഒരു പൊതുവികാരം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് പ്രക്ഷോഭങ്ങളായി തെരുവുകളിലേക്ക് വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഭരണഘടനയുടെയും ജനാധിപത്യ വ്യവസ്ഥയുടെയും അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിക്കുന്ന ആശയങ്ങളാണ് ഈ ഭേദഗതിയിലൂടെ  നിയമ പ്രാബല്യം നേടിയിരിക്കുന്നത് എന്നതാണ് ഈ എതിര്‍പ്പിന്റെ അടിസ്ഥാനം.
മതനിരപേക്ഷത നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ്. ഇതിനെ കേവലം നിയമനിര്‍മ്മാണ സഭകളിലെ ഭൂരിപക്ഷം കൊണ്ടുമാത്രം തകര്‍ക്കുവാന്‍  സാധ്യമല്ല എന്ന വിഖ്യാതമായ വിധിന്യായങ്ങളിലൂടെ സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമത്തെ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കി എന്ന ഒറ്റ കാരണം കൊണ്ട് എല്ലാവരും ശിരസ്സാവഹിച്ചു കൊള്ളണമെന്ന് കല്‍പനകള്‍ പുറപ്പെടുവിക്കുന്നത് നമ്മുടെ ഉയര്‍ന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് അനുയോജ്യമല്ല. നമ്മള്‍ നമുക്കായി നല്‍കിയ ഭരണഘടനയും അതിന്റെ അന്തഃസത്തയുമാണ് പരമ പ്രധാനം. ഇതിലുപരിയായി ഒരു നിയമ നിര്‍മ്മാണത്തിനും സ്ഥാനം നല്‍കാന്‍ കഴിയില്ല.

ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് നിയമസഭയും പാര്‍ലമെന്റുമെല്ലാം രൂപീകരിച്ചിട്ടുള്ളത്. ഭരണഘടനാ മൂല്യങ്ങളോട് കൂറ് പുലര്‍ത്തുമെന്ന പ്രതിജ്ഞയോടെയാണ് നമ്മളെല്ലാം ഈ സഭയിലിരിക്കുന്നത്. ഈ കടമ നിര്‍വഹിക്കുന്നതില്‍ നിന്നും നാം അണുകിട പോലും പിന്തിരിയില്ല എന്നതിന്റെ ഒരുറച്ച പ്രഖ്യാപനമാണ് ഇന്ന് ഈ പ്രമേയം പരിഗണിക്കാന്‍ നാമിവിടെ കൂടിയിരിക്കുന്നതിലൂടെ പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം.
പലവിധ പ്രതിസന്ധികളെയും അതിജീവിച്ച ശക്തി നമ്മുടെ രാജ്യത്തിനും അതിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്കും ഉണ്ട്. നിയമനിര്‍മ്മാണ സഭകളിലൂടെ, കോടതി വിധി ന്യായങ്ങളിലൂടെ, ജനകീയ പ്രക്ഷോഭങ്ങളിലൂടെ എല്ലാമുള്ള ശക്തമായ ഇടപെടലുകള്‍ നമ്മുടെ പൗരാവകാശ സംരക്ഷണത്തിനും സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും എക്കാലത്തും താങ്ങും തണലും ആയിരുന്നിട്ടുണ്ട്.

ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് മതപരമായ വിവേചനം ഉള്‍പ്പെടുത്തുന്ന വ്യവസ്ഥയുള്ള ഒരു നിയമത്തിനെതിരെ ജാതി-മത-പ്രാദേശിക വേര്‍തിരിവുകള്‍ക്കതീതമായി നടക്കുന്ന അഭിപ്രായ രൂപീകരണവും പ്രതിഷേധവും. ഇവ സമാധാനപരമായി നടക്കുന്നു എന്ന് ഉറപ്പു വരുത്താനും ഏതെങ്കിലും തരത്തിലുള്ള മതമൗലികവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും സമരത്തില്‍ അണിനിരക്കുന്ന ജനത പ്രഖ്യാപിക്കുന്ന സ്ഥിതിയും ഉണ്ട്. എത്ര ഭീകരമായ പ്രത്യാക്രമണങ്ങള്‍ ഉണ്ടായാലും അണഞ്ഞു പോകാത്ത  വെളിച്ചമാണ് ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സാമൂഹ്യ-സാമ്പത്തിക നീതിയുടെയും മൂല്യങ്ങളും തത്വങ്ങളും എന്ന് നാം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഈ പ്രയാണത്തിലെ ഒരു ചുവടുവെയ്പ്പാണ് കേരളത്തിലെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചുകൊണ്ടുള്ള ഒരുമയും ഇവിടെ ഈ സഭ പരിഗണിക്കുന്ന പ്രമേയവും.

കേരളത്തിന് മഹത്തായ ഒരു പാരമ്പര്യം ഉണ്ട്. അത് മത നിരപേക്ഷതയുടേതാണ്. അറേബ്യന്‍ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗ്രീക്കുകാരും, റോമക്കാരും എല്ലാം ഈ നാട്ടില്‍ മുമ്പേ വന്നു പോയവരാണ്. എല്ലാ മതങ്ങളെയും അതിന്റെ ആരംഭകാലത്ത് തന്നെ നമ്മുടെ നാട് ഉള്‍ക്കൊണ്ടിട്ടുണ്ട്. ക്രിസ്തുമതവും ഇസ്ലാം മതവും അത് ആരംഭിക്കുന്ന കാലത്തുതന്നെ കേരളത്തില്‍ വന്നിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യകാല ക്രിസ്ത്യന്‍ മുസ്ലിം പള്ളികള്‍ കേരളത്തില്‍ ആയിരുന്നു എന്ന കാര്യം നാം വിസ്മരിക്കരുത്.
മലബാറിലെ കാര്‍ഷികകലാപത്തിന്റെ ചരിത്രത്തെ ഓര്‍ക്കാതെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. മുഹമ്മദ് അബ്ദു റഹിമാന്‍ സ്വാതന്ത്ര്യസമരത്തിലെ ഒരിതിഹാസം തന്നെയായിരുന്നു. നവോത്ഥാന പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന മതനിരപേക്ഷതയുടെ ജീവിത സംസ്‌കാരത്ത മുന്നോട്ടു കൊണ്ടുപോകാനുള്ള ഉത്തരവാദിത്തമാണ് നമുക്ക് ഏറ്റെടുക്കാനുള്ളത്. ആ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാട് മുന്നോട്ടു വെയ്ക്കാന്‍ നിയമസഭയ്ക്ക് കഴിയണം. ആ പാരമ്പര്യത്തെ ഏറ്റു പിടിക്കുകയാണ് ഈ പ്രമേയത്തിലൂടെ കേരള നിയമസഭ ചെയ്യുന്നത്. മത വിദ്വേഷത്തിന്റെയല്ല, മതവിശ്വാസത്തെ ബഹുമാനിക്കുന്ന നമ്മുടെ പാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്നത് കൂടിയാണ് ഈ പ്രമേയം.

പുതിയ പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത ആശങ്കകള്‍ പരിഹരിക്കുക എന്നത് പ്രധാനമാണ്. ജനങ്ങളുടെ തികഞ്ഞ സഹകരണത്തോടെ മുന്നോട്ടുപോകേണ്ട ഒന്നാണ് സെന്‍സസ് പോലുള്ള പ്രവര്‍ത്തനങ്ങള്‍. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള രീതിയില്‍ അത് തയ്യാറാക്കുവാന്‍ ശ്രമിക്കുന്നത് ആശങ്കകളെ വര്‍ദ്ധിപ്പിക്കുന്നതിനു മാത്രമേ ഇടയാക്കൂ. അതുകൊണ്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ച രീതിയിലുള്ള ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കലും അതിനുതകുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ദേശീയ ജനസംഖ്യാ രജിസ്റ്ററും തയ്യാറാക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, അതേസമയം സാധാരണപോലെ നടത്തുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും സഹകരിക്കുന്നതാണ്.

ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള മറ്റൊരു ആശങ്ക പൗരത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുള്ള ഡിറ്റെന്‍ഷന്‍ സെന്ററുകളെപ്പറ്റിയാണ്. ഇത്തരത്തിലുള്ള ഒരു ഡിറ്റെന്‍ഷന്‍ സെന്ററും കേരളത്തില്‍ ഉണ്ടായിരിക്കില്ല. അതിനായുള്ള  യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ല.

പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നാം അംഗീകരിക്കുന്ന പ്രമേയം ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം നേടുമെന്നത് ഉറപ്പാണ്. പൗരത്വ നിയമ ഭേദഗതി 2019 റദ്ദ് ചെയ്ത് രാജ്യത്തെ ജനതയെ ഒന്നായി കാണുന്ന ഭരണഘടനാ കാഴ്ചപ്പാട് മുറുകെ പിടിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. നമ്മുടെ സംസ്ഥാനത്തിന്റെ മതനിരപേക്ഷാ പാരമ്പര്യം ഒരിക്കല്‍ക്കൂടി ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി ഈ പ്രമേയം അംഗീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.