Connect with us

Vazhivilakk

ശരിക്കും ഇഷ്ടമാണോ ഈ ഏസെംസേ പ്രസങ്ങങ്ങൾ

Published

|

Last Updated

ഒന്ന് ചോദിച്ചോട്ടെ, ആശംസാപ്രസംഗങ്ങൾ, ഭരണഘടന ഭേദഗതി പ്രകാരമോ പുതിയ നിയമനിർമാണം വഴിയോ എന്നെന്നേക്കുമായി നിരോധിക്കാനുള്ള ആലോചന വന്നാൽ നിങ്ങളതിനെ പിന്തുണക്കുമോ അതോ പിന്നിൽ നിന്ന് പാരവെക്കുമോ? ഞാനെന്റെ കാര്യം പറയാം. അത്തരമൊരു മൂവ്‌മെന്റ് ഉയർന്ന് വരികയാണെങ്കിൽ തീർച്ചയായും അതിന് കൊടിപിടിക്കാനും, ചുവരെഴുതാനും, സിന്ദാബാദ് വിളിക്കാനും തല്ലുകൊള്ളാനും ആ നിയമം പാസാക്കിക്കിട്ടും വരെ അഹമഹമിഹയാ(കടുസാഹിത്യം) പോരാടാനും തയാറാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ്!
ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചേരാനുള്ള സാഹചര്യത്തെക്കുറിച്ച് കേൾക്കേണ്ടതുണ്ട്. “വായനയുടെ ആകാശഭൂമികൾ” എന്ന വിഷയത്തിൽ പതിനൊന്ന് മണിമുതൽ ഒരു മണിവരെ ക്ലാസെടുക്കാൻ വിളിച്ചിട്ടാണ് ഞാൻ പോവുന്നത്. ഒരുപാട് വിളിച്ചും റഫറിയും, മനനം ചെയ്തും തൊങ്ങലുകൾ കോർത്തുവെച്ചും ഒരത്യുഗ്രൻ പ്രഭാഷണത്തിന്റെ മാറ്ററുമായാണ് ഞാൻ പരപ്പനങ്ങാടിയിൽ ട്രെനിറങ്ങിയത്.

പത്തേ അമ്പതിനെത്തിയ ഞാൻ ഏറെ നേരം മുഷിഞ്ഞിരിപ്പായി. സ്റ്റേജ് ഒരുങ്ങുന്നതിന്റെയും “ഹലോ മൈക് ടെസ്റ്റ്, ഹലോ മൈക് ടെസ്റ്റ്…! എന്നിങ്ങനെ ചെലക്കുന്നതിന്റെയും ഒച്ചപ്പാടുകൾ കേൾക്കാം. പതിനൊന്നരക്കാണ് ഞങ്ങളങ്ങനെ സ്റ്റേജിലേക്ക് ആനയിക്കപ്പെടുന്നത്. മുഖ്യവിഷയാവതാരകൻ ആയതിനാൽ എന്നെ മുമ്പിൽ തന്നെ പിടിച്ചിരുത്തും എന്ന് ഞാൻ വല്ലാതെ ആശിച്ചുപോയി. പക്ഷേ, അവിടങ്ങളിലെല്ലാം പലമാതിരി പ്രാതിനിധ്യങ്ങളുടെ ആശംസാമുരിക്കുകൾ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. അത്രക്ക് മോശമല്ലാത്ത സ്വാഗതപ്രസംഗം ഒരുവിധമങ്ങ് കഴിഞ്ഞുകിട്ടി. അധികം പ്രസംഗിക്കാതെ അധ്യക്ഷനും അലിവുകാണിച്ചു. പിന്നെയതാ വരുന്നു മോേേനേ… ആശംസാപ്രസംഗങ്ങളുടെ അണമുറിയാത്ത അക്രമപരമ്പര!

“പണ്ട് കുഞ്ഞുണ്ണിനായർ എഴുതിയപോലെ “വായിച്ചുവളരാം, വായിക്കാതെ വളയരുത്, വായിച്ചു വിളയണം.” എന്നു തുടങ്ങിയാണ് ഒരാൾ പ്രസംഗം തുടങ്ങിയത്. എനിക്ക് ചിരിയും വരുന്നു, ദേഷ്യവും നുരയുന്നു. സമയമാണെങ്കിൽ പന്ത്രണ്ടേകാലായി താനും. എന്താണിയാളിപ്പറയുന്നത് എന്ന് ഞാൻ ശ്രദ്ധിച്ചുനോക്കി. വാസ്തവം പറഞ്ഞാൽ അയാളുടെ സെന്റൻസുകൾ ചേർത്ത് ഒരു അർഥപ്രപഞ്ചം സൃഷ്ടിക്കാൻ എനിക്കാവുന്നേയില്ല. ഞാൻ നോട്ട് ചെയ്ത ഒറ്റവാചകം എടുത്തെഴുതാം. ആശയം കിട്ടുന്ന ആരെങ്കിലുമുണ്ടെങ്കിൽ എന്നെ സഹായിക്കണം: “നമ്മുടെ ഈ നാട്ടിലെ ഒരുപാട്, നല്ല വളരെയധികം ഇന്ത്യകൾ എത്രമാത്രം നമ്മൾ ശ്രമിക്കുന്നുവോ ഒരു നല്ല തലമുറയെ വാർത്തെടുത്തുകൊണ്ടുള്ള നമ്മുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളും ബാസുരമായ ഭാവിക്കുവേണ്ടിയുള്ള കർമഭടന്മാരും…” പാളം തെറ്റിയ പാസഞ്ചർ വണ്ടിയുടെ ബോഗികൾ പോലെ വാക്കുകൾ ലഗാനില്ലാതെ കീഴ്‌മേൽ കമഴ്ന്ന് വീഴുകയാണ്.

പിന്നെ വന്നയാൾ കണ്ടാൽതന്നെയറിയാം ഒരു വിചാരക്കാരനാണ്. സംസാരം തുടങ്ങുന്നത് തന്നെ ഒരു മാതിരി ഷ്‌ട്ടൈലാക്കിയിട്ടാണ്. അയാളുടെ ഉള്ളിൽ ഏതോ ഒരു അനൗൺസർ കുടിപാർക്കുന്നുണ്ട്. എനിക്കിവിടെ വന്നപ്പോൾ “വല്ലാത്ത ഒരു വികാരം” എന്നയാൾ പറഞ്ഞത് ഒരു വല്ലാത്ത രീതിയിലായിരുന്നു എന്ന് മാത്രമല്ല ആ “വല്ലാാാാത്ത” പല പ്രാവശ്യം അയാൾ വല്ലാത്ത വിധത്തിൽ ചെലവാക്കി. മുടി വളച്ച് പിന്നോട്ട് വാരിയ ആളാണ് അടുത്തത്. അയാൾക്ക് “വല്ലാത്ത”ക്ക് പകരമുള്ളത് “ഫോളോപ്പ്” ആയിരുന്നു. “ഈ പരിപാടി ഇവിടെ നിർത്താൻ പാടില്ല ഫോളോപ്പ് വേണം, ഫോളോപ്പില്ലാത്തതാണ്..”അങ്ങനെ തുടങ്ങി ഫോളോപ്പിന്റെ ഒരു മങ്ങലമാല.

പിന്നെ വന്നയാൾ ഒരു കാമുകന്റെ കട്ടാണ്. നമ്മൾ ഇപ്പോൾ കുടുംബമാണ്. വായനയെ പറ്റിയുള്ള ഒരു കൺവെൻഷനിൽ എന്തിനായിരിക്കാം ഇയാൾ കുടുംബം തൊട്ടു കളിക്കുന്നത്. ശേഷം കേട്ടാൽ മനസ്സിലാകും. കുടുംബം എന്ന് പറഞ്ഞാൽ കൂടുംബോൾ ഇമ്പമുണ്ടാകുന്നത് എന്നാണ്. എന്നാൽ ഇപ്പോൾ കൂടുമ്പോൾ ബോംബാണ് ഉണ്ടാവുന്നത് എന്ന് പറഞ്ഞു. ആരും ചിരിച്ചില്ല. വേഗം നിർത്തി.

ഉടൻ അടുത്തയാൾ ക്ഷണിക്കപ്പെട്ടു. അദ്ദേഹം വന്നയുടനെ പ്രസംഗ പീഠത്തിന്റെ ചതുരളവ് ഒന്ന് ഒരു ഒപ്പിച്ചുനോക്കി. “എനിക്ക് പ്രസംഗിക്കണമെങ്കിൽ ഇതുവേണം” എന്ന് പല്ല് മുപ്പത്താറും കാട്ടിച്ചിരിച്ചുകൊണ്ടാണ് എളക്കിയത്. ശേഷം സദസ്സിനെ നോക്കി ഒരു ചോദ്യം? (ബാക്കി അടുത്തയാഴ്ച പറയാം).

Latest