Connect with us

Eranakulam

ബി എസ് എൻ എൽ കരാർവത്കരണം താഴേത്തട്ടിലേക്കും; കൂടുതൽ തൊഴിലാളികൾ പുറത്താകും

Published

|

Last Updated

കൊച്ചി | പൊതുമേഖലാ സ്ഥാപനമായ ബി എസ് എൻ എല്ലിനെ കരാറുകാർക്ക് കൈമാറാനുള്ള കേന്ദ്രസർക്കാർ നീക്കം സജീവമായതോടെ കൂടുതൽ ജോലികൾ കരാർവത്കരിക്കാൻ നടപടിയൊരുങ്ങുന്നു. വി ആർ എസ് വഴി അടുത്ത മാസം 31 ഓടെ 78,300 ഓളം ജീവനക്കാരെ പിരിച്ചയക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബി എസ് എൻ എല്ലിന്റെ ഓരോ എസ് എസ് എയിലെയും വിവിധ ഡിവിഷനുകളിൽ കരാർവത്കരണം കൂടുതൽ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച നിർദേശം കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

നഗര പ്രദേശങ്ങളിലെ കേബിൾ ശൃംഖലയുടെ ജോലികൾ, ലാൻഡ്‌ലൈൻ, ബ്രോഡ്ബാൻഡ് എന്നിവയുടെ പരിപാലനം തുടങ്ങി നിരവധി പ്രവൃത്തികൾക്ക് നിലവിലുള്ളതിൽ നിന്ന് വ്യത്യസ്തമായി കരാർ നൽകാനാണ് നീക്കം. ഒരോ പ്രവൃത്തിക്കും നിശ്ചിത തൊഴിലാളികൾക്ക് നിശ്ചിയിക്കപ്പെട്ട കൂലി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്ന നിലവിലെ കരാർ വ്യവസ്ഥക്ക് പകരം തൊഴിലാളികളുടെ എണ്ണം കുറച്ച് ജോലി മൊത്തത്തിൽ കരാർ നൽകുന്നതിനാണ് ആലോചിക്കുന്നത്. ഇത്തരത്തിലുള്ള കരാർ സംവിധാനം നിലവിൽ വരുന്നതോടെ ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിൽ രഹിതരാകുമെന്നതിനപ്പുറം കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനികൾ നൽകുന്ന തുച്ഛമായ വേതനത്തിന് പുതിയ തൊഴിലാളികൾ ജോലി ചെയ്യേണ്ടിയും വരും.

പുതിയ തരത്തിലുള്ള കരാർവത്കരണം ബി എസ് എൻ എല്ലിന്റെ നിലനിൽപ്പിനെത്തന്നെ കാര്യമായി ബാധിക്കുമെന്നാണ് തൊഴിലാളി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. മാസങ്ങളായി ശമ്പളം നൽകാതെ കരാർ ജീവനക്കാരെ സ്വയം ഒഴിഞ്ഞു പോകാൻ പ്രേരിപ്പിക്കുന്നത് ഇത്തരത്തിലുള്ള കരാർവത്കരണത്തിന്റെ മുന്നോടിയായുള്ള നീക്കമാണെന്നും നേതാക്കൾ ആരോപിക്കുന്നു. സംസ്ഥാനത്തെ എട്ടായിരത്തോളം കരാർ ജീവനക്കാർക്ക് കഴിഞ്ഞ ഫെബ്രുവരി മുതൽ ശമ്പളം മുടങ്ങിയിരുന്നു. രാജ്യ വ്യാപകമായി അരലക്ഷത്തോളം കരാർ ജീവനക്കാർക്കാണ് ശമ്പളം നിഷേധിക്കപ്പെട്ടത്. ഇതിൽ രണ്ടായിരം രൂപക്ക് താഴെ മാസവേതനം ലഭിക്കുന്ന തൊഴിലാളികളടക്കം ഉൾപ്പെടും. സ്ത്രീ തൊഴിലാളികളടക്കമുള്ള കരാർ ജീവനക്കാർ മാസങ്ങളായുള്ള ശമ്പള നിഷേധത്തെത്തുടർന്ന് പല ഘട്ടങ്ങളിലായി പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തുണ്ടായിരുന്നെങ്കിലും ഒരു തരത്തിലുളള നീക്കുപോക്കിനും അധികൃതർ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ തൊഴിലാളികൾ പലരും വർഷങ്ങൾ ജോലി ചെയ്ത സ്ഥാപനങ്ങളിൽ നിന്ന് ചെയ്ത ജോലിക്ക് ശമ്പളം പോലും ലഭിക്കാതെ സ്വയം ഒഴിയാൻ തുടങ്ങിയിട്ടുമുണ്ട്.
സ്വകാര്യ കമ്പനികൾ പോലും മടിക്കുന്ന സ്ഥലങ്ങളിൽ സേവനമെത്തിക്കുന്ന, കേബിൾ ജോലികൾ ഏറ്റെടുത്ത് നടത്തുന്ന കരാർ തൊഴിലാളികൾ ശമ്പളമില്ലാത്തതിനാൽ ഒഴിഞ്ഞു പോകുന്നത് ബി എസ് എൻ എല്ലിനെ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്. വർഷങ്ങളായി ബി എസ് എൻ എല്ലിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞതിനാൽ ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജീവനക്കാരിലേറെയും പേർ.

അതേസമയം ബി എസ് എൻ എൽ സ്ഥിരം ജീവനക്കാർക്ക് നവംബറിലെ ശമ്പളം ഇപ്പോഴും ലഭിച്ചിട്ടില്ല. മാസത്തിന്റെ അവസാനത്തെ പ്രവൃത്തി ദിവസം മുടങ്ങാതെ ലഭിച്ചിരുന്ന ശമ്പളം മാസങ്ങളായി ക്രമം തെറ്റിയാണ് ലഭിക്കുന്നത്. ഈ മാസത്തെ ശമ്പളം എന്ന് കിട്ടുമെന്ന് ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടുമില്ല. ജീവനക്കാരുടെ യാത്രാ ആനുകൂല്യം (എൽ ടി സി) മാസങ്ങൾക്ക് മുമ്പ് തന്നെ നിഷേധിച്ചിരുന്നു. ചികിത്സാ ആനുകൂല്യത്തിനും നിയന്ത്രണമേർപ്പെടുത്തി. ബേങ്ക് വായ്പയിലേക്കും ഇ പി എഫ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ തുക അടക്കാതെ പിഴ നൽകേണ്ട ബാധ്യതയും അടുത്ത കാലത്തായി ജീവനക്കാർക്ക് തന്നെയാണ്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest