Connect with us

Articles

ഭിന്നിപ്പിന് വിത്തിറക്കുന്നതാര്?

Published

|

Last Updated

പൗരത്വ നിയമ ഭേദഗതിയുടെയും പൗരത്വ രജിസ്റ്റര്‍ പ്രാബല്യത്തിലാക്കുന്നതിനുള്ള മുന്നോടിയായ ദേശീയ ജനസംഖ്യാ പട്ടികയുടെയും ലക്ഷ്യം രാജ്യത്തെ മുസ്‌ലിംകളാണ്. ഇന്ത്യന്‍ യൂനിയന്‍ ഹിന്ദു രാഷ്ട്രമായി മാറണമെന്നും അതില്‍ അധിവസിക്കാനുദ്ദേശിക്കുന്ന മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ഹിന്ദുത്വ അജന്‍ഡകള്‍ അംഗീകരിച്ച് ജീവിക്കാന്‍ തയ്യാറുള്ളവരാകണമെന്നുമാണ് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) ആഗ്രഹം. അതിന്റെ പൂര്‍ത്തീകരണത്തിലേക്കുള്ള നിയമപരമായ നടപടികളുടെ തുടക്കമാണ് പുതുക്കിയ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പൗരത്വപ്പട്ടിക ദേശവ്യാപകമാക്കാന്‍ ആലോചിച്ചിട്ടേയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും അത് വിശ്വാസ യോഗ്യമല്ല. പ്രതിഷേധങ്ങളെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആശയക്കുഴപ്പം സൃഷ്ടിക്കുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്.

നിയമ ഭേദഗതിയും പൗരത്വപ്പട്ടിക രാജ്യവ്യാപകമാക്കാനുള്ള നീക്കവും മുസ്‌ലിം വിരുദ്ധമെന്നതിന് അപ്പുറത്ത് ഇന്ത്യന്‍ യൂനിയനെന്ന ആശയത്തിനും അതിനെ മുന്നോട്ടു നയിക്കുന്ന ഭരണഘടനക്കും എതിരാണെന്ന തിരിച്ചറിവിലാണ് പ്രക്ഷോഭങ്ങള്‍. ലക്ഷ്യം തങ്ങളാണെന്ന് തിരിച്ചറിയുന്ന മുസ്‌ലിംകളുടെ പങ്കാളിത്തം പ്രക്ഷോഭങ്ങളില്‍ കൂടുതലുണ്ടാകുക സ്വാഭാവികം മാത്രം. ആ പങ്കാളിത്തം ചൂണ്ടിക്കാട്ടി പ്രക്ഷോഭങ്ങള്‍ക്ക് വര്‍ഗീയ മുദ്ര ചാര്‍ത്തിക്കൊടുക്കാനാണ് സംഘ്പരിവാരത്തിന്റെ ശ്രമം. അക്രമികളെ അവരുടെ വസ്ത്രത്തില്‍ നിന്ന് തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നറിയിപ്പ് നല്‍കിയതും പ്രക്ഷോഭങ്ങള്‍ക്ക് വര്‍ഗീയച്ഛായ നല്‍കുക എന്ന ഉദ്ദേശ്യത്തിലാണ്. നിയമ ഭേദഗതിയിലൂടെയും പൗരത്വ പട്ടിക രാജ്യവ്യാപകമാക്കാനുള്ള ശ്രമത്തിലൂടെയും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ അതിനെതിരെ ഉയരുന്ന പ്രക്ഷോഭങ്ങളെയും ഭൂരിപക്ഷ സമുദായാംഗങ്ങളുടെ ഏകീകരണത്തിനുള്ള ഉപാധിയായി മാറ്റാന്‍ ഉദ്യമിക്കുന്നു. ഇതിനെ മറികടക്കുക എന്ന വലിയ ഉത്തരവാദിത്വമുണ്ട് മതനിരപേക്ഷ ജനാധിപത്യം നിലനില്‍ക്കണമെന്നാഗ്രഹിച്ച് പ്രതിഷേധങ്ങള്‍ക്കിറങ്ങുന്നവര്‍ക്ക്. അത് വിദ്യാര്‍ഥികളും യുവാക്കളും വേഗത്തില്‍ തിരിച്ചറിയുന്നുവെന്നതുകൊണ്ടാണ്, വസ്ത്രം കണ്ടാല്‍ അക്രമികളെ തിരിച്ചറിയാമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് തൊട്ടുപിറകെ, ഡല്‍ഹിയില്‍ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയുടെ മുന്നില്‍ അര്‍ധ നഗ്നരായി പ്രതിഷേധിക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്. ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ നിന്നുള്ള പ്രതിഷേധത്തിന് ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കിയപ്പോഴും ഇതൊരു മത വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ലെന്ന സന്ദേശം നല്‍കാനാണ് ശ്രമിച്ചത്.
ആ വിശാലമായ കാഴ്ചപ്പാടില്‍ നില്‍ക്കാന്‍ എത്രകാലം സാധിക്കുമെന്നതാണ് ഈ പ്രതിഷേധങ്ങളുടെ ഭാവിയെ നിര്‍ണയിക്കുന്ന ഘടകം. പൗരത്വ നിയമ ഭേദഗതിയോ പൗരത്വ പട്ടികയുടെ നിര്‍മാണമോ തുലോം കുറവ് ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പക്ഷേ, പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ കേരളവുമുണ്ട്, ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ മുന്‍നിരയിലൊക്കെ മലയാളികളുണ്ട്. അത് ജാമിഅയിലായാലും അലിഗഢിലാണെങ്കിലും ബനാറസ് ഹിന്ദു സര്‍വകലാശാലയിലാണെങ്കിലുമൊക്കെ.

അതുകൊണ്ടാണ് സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ മലയാളികളാണെന്ന ആരോപണം കര്‍ണാടകത്തില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നുമൊക്കെ ഉയരുന്നത്. ദേശീയ തലത്തിലുയരുന്ന പ്രതിഷേധങ്ങള്‍ക്ക് മലയാളികള്‍ നല്‍കുന്ന ആ ഊര്‍ജത്തെ പിന്നാക്കം പിടിക്കുന്ന പ്രവര്‍ത്തനങ്ങളും അരങ്ങേറുന്നതാണ് ഇപ്പോഴത്തെ കാഴ്ച. ഇതൊരു മുസ്‌ലിം പ്രശ്‌നം മാത്രമാണെന്ന് സ്ഥാപിച്ചെടുക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍. അത്തരം ശ്രമങ്ങള്‍ സംഘ്പരിവാര്‍ അജന്‍ഡയെയാണ് സഹായിക്കുക എന്ന തിരിച്ചറിവ് നഷ്ടമായിരിക്കുന്നു.

സംസ്ഥാനത്തിന്റെ അധികാരത്തിന് വേണ്ടി മത്സരിക്കുമ്പോഴും പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഭരണ പ്രതിപക്ഷ കക്ഷികള്‍ ഇവിടെ സന്നദ്ധമായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇതര കക്ഷി നേതാക്കളും ഒരുമിച്ച് നടത്തിയ സമരം യോജിച്ച സമരത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള സന്ദേശം കേരളത്തിന് പുറത്തേക്ക് നല്‍കുകയും ചെയ്തു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഹിന്ദുത്വ അജന്‍ഡക്കെതിരെ യോജിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവര്‍ത്തിച്ചത് കേരളത്തിലെ സമരത്തിന്റെ കൂടി ആവേശത്തിലാകണം. യോജിച്ച സമരമെന്ന ആശയം മുന്നോട്ടുവെച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. എന്നാല്‍ യോജിച്ചുള്ള സമരങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയ കെ പി സി സിയുടെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഭിന്നിപ്പിന്റെ വിത്തിട്ടു. കെ പി സി സിയുടെ മുന്‍ പ്രസിഡന്റുമാരായ കെ മുരളീധരനും വി എം സുധീരനും മുല്ലപ്പള്ളിയെ പിന്തുണച്ച് രംഗത്തു വന്നതോടെ മൃദു ഹിന്ദുത്വ നിലപാടുകള്‍ പുലര്‍ത്തുന്നുവെന്ന ആരോപണം നേരത്തേ തന്നെ നേരിടുന്ന രമേശ് ചെന്നിത്തല സമ്മര്‍ദത്തിലായി. മുസ്‌ലിം സംഘടനകളുടെ യോഗം പ്രത്യേകം വിളിക്കാന്‍ അദ്ദേഹം തയ്യാറായത് ഈ സാഹചര്യത്തിലാണ്. യു ഡി എഫിന്റെ സമരങ്ങള്‍ക്ക് മുസ്‌ലിം സംഘടനകളുടെ പിന്തുണ സമാഹരിക്കാന്‍ ശ്രമിക്കുമ്പോള്‍, സമരങ്ങള്‍ക്ക് വര്‍ഗീയ മുഖമുണ്ടെന്ന സംഘ്പരിവാര്‍ വാദത്തിന് ബലമുണ്ടാകുകയാണ് ഫലം.

സമരങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വരെ വിളിച്ചിട്ടുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. ഉത്തര്‍ പ്രദേശിലും ഡല്‍ഹിയിലും കര്‍ണാടകത്തിലുമൊക്കെ കൊടിയ ക്രൂരതയാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഉത്തര്‍ പ്രദേശില്‍ പോലീസ് വെടിവെപ്പില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതില്‍ പോലും തിട്ടമില്ല. അവ്വിധമുള്ള നടപടികള്‍ കേരളത്തിലുണ്ടായില്ലെങ്കിലും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനും കേസെടുക്കാനും പോലീസ് മടിച്ചിട്ടില്ല. ആ നടപടി വിമര്‍ശിക്കപ്പെടുക സ്വാഭാവികമാണ്. അതിനോട് അസഹിഷ്ണുത കാട്ടുകയും നിര്‍ബന്ധിച്ച് മാപ്പു പറയിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ മതനിരപേക്ഷ ജനാധിപത്യത്തിന് വേണ്ടിയുയരുന്ന ശബ്ദങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് സി പി ഐ (എം) യും ചെയ്യുന്നത്. സംഘ്പരിവാരത്തിന്റെ അസഹിഷ്ണുതയെ വിമര്‍ശിക്കുന്നവര്‍ ഇവിടെ അടിച്ചമര്‍ത്തലിന് മുന്‍കൈ എടുക്കുന്നവരായി മാറുന്നത് ഫലത്തില്‍ സഹായിക്കുക സംഘ്പരിവാരത്തെ തന്നെ.

യോജിച്ച സമരമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചപ്പോള്‍ അതിനൊരു രാഷ്ട്രീയ തുടര്‍ച്ചയുണ്ടാകുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വമുണ്ടായിരുന്നു സി പി ഐ (എം)യുടെയും എല്‍ ഡി എഫിന്റെയും നേതൃത്വത്തിന്. അതുണ്ടായിരുന്നുവെങ്കില്‍ മനുഷ്യച്ചങ്ങല പ്രഖ്യാപിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസുമായും യു ഡി എഫുമായും ആശയവിനിമയം നടത്തി, പൗരത്വ പ്രശ്‌നത്തെ അധികരിച്ചുള്ള പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയ നേട്ടമുദ്ദേശിച്ചുള്ളതല്ലെന്ന സന്ദേശം നല്‍കാന്‍ അവര്‍ ശ്രമിക്കുമായിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം നീക്കിയ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ നാല് വോട്ടിന് വേണ്ടി മാറ്റാനുള്ളതല്ല നിലപാടുകള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. അതുപോലെ ദൃഢമായൊരു നിലപാട് ഈ വിഷയത്തില്‍ ഉണ്ടാകാതെ പോയതിന്റെ ഫലം കൂടിയാണ് ഇപ്പോഴുണ്ടായ ഭിന്നത.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്