Connect with us

Kerala

വനിതകളുടെ രാത്രി നടത്തം; പങ്കാളികളായത് നിരവധി പേര്‍

Published

|

Last Updated

തിരുവനന്തപുരം | നിര്‍ഭയ ദിനാചരണത്തിന്റെ ഭാഗമായി പൊതു ഇടം എന്റെതും എന്ന സന്ദേശവുമായി നടന്ന വനിതകളുടെ രാത്രി നടത്തത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ പങ്കാളികളായി. സംസ്ഥാന വനിത, ശിശുക്ഷേമ സമിതിയാണ് സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി നടത്തം സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്ക് അന്യമാകുന്ന പൊതു ഇടങ്ങള്‍ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു പരിപാടി. സംസ്ഥാനത്തിന്റെ നിരവധി കേന്ദ്രങ്ങളില്‍ പരിപാടി വിജയകരമായി നടന്നു.

രാത്രി നടത്തത്തില്‍ പങ്കാളികളായവര്‍ നിര്‍ഭയയുടെ സ്മരണയുമായി മെഴുകുതിരികള്‍ തെളിയിച്ചു. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ ഒരു മണിവരെ നടന്ന പരിപാടിയില്‍ പാട്ടും നൃത്തവും മറ്റുമായി വിവിധ സംഘടനകളും ഒത്തുചേര്‍ന്നു. അതിനിടെ, ഒന്നുരണ്ട് കേന്ദ്രങ്ങളില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായി പരാതിയുയര്‍ന്നു. കോട്ടയത്ത് ഓട്ടോ ഡ്രൈവര്‍ മോശമായ രീതിയില്‍ സംസാരിച്ചതായി രാത്രി നടത്തത്തില്‍ പങ്കെടുത്ത് സ്ത്രീ പരാതിപ്പെട്ടു. ഓട്ടോയുടെ നമ്പര്‍ പകര്‍ത്താന്‍ ഫോണ്‍ എടുത്തപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു. കാസര്‍കോട് പരിപാടിക്കിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഒരാളെ അറസ്റ്റ് ചെയ്തു.