Connect with us

International

അതി ശൈത്യം; ബംഗ്ലാദേശിൽ അമ്പത് മരണം

Published

|

Last Updated

ധാക്ക | അതിശൈത്യം തുടരുന്ന ബംഗ്ലാദേശിൽ ഇതുവരെ മരിച്ചത് 50 പേർ. ഈ വർഷത്തെ രാജ്യത്തെ ഏറ്റവും താഴ്ന്ന താപനിലയായ 4.5 ഡിഗ്രി സെൽഷ്യസ് ബംഗ്ലാദേശിന്റെ വടക്ക് അതിർത്തി പട്ടണമായ തെതൂലിയയിൽ ഇന്നലെ പുലർച്ചെ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നവംബർ ഒന്ന് മുതൽ ഈ മാസം 28 വരെ ബംഗ്ലാദേശിലുടനീളം 17 പേർ ഗുരുതരമായ ശ്വാസകോശ അണുബാധ കാരണവും 33 പേർ വയറിളക്കം കാരണവും മരിച്ചുവെന്ന് ആരോഗ്യ ഡയറക്ടറേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥ ആഇശ അക്തർ പറഞ്ഞു. കടുത്ത ശൈത്യം തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി, നിർജലീകരണം, ന്യുമോണിയ തുടങ്ങിയ അസുഖങ്ങൾ ബാധിച്ച ആളുകളെക്കൊണ്ട് ആശുപത്രികൾ തിങ്ങിനിറഞ്ഞിരിക്കുകയാണ്.

തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെയാണ് തണുത്ത കാലാവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചത്. തണുപ്പകറ്റാനുള്ള വസ്ത്രങ്ങൾ ഇല്ലാത്തത് കുട്ടികളെയും പ്രായമായവരെയും രോഗബാധിതരാക്കുന്നുവെന്നും ആഇശ അക്തർ പറഞ്ഞു.

തണുത്ത കാറ്റും കടുത്ത മൂടൽമഞ്ഞും രാജ്യത്ത് കുറച്ച് ദിവസം കൂടി തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മൂടൽമഞ്ഞ് കാരണം പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു. ചില വിമാന സർവീസുകൾ വൈകിപ്പിക്കാനും അധികൃതരെ നിർബന്ധിതരാക്കി. ഹിമാലയൻ ഭാഗത്ത് നിന്നുള്ള തണുത്ത കാറ്റ് വടക്കൻ മേഖലയിലൂടെ എളുപ്പത്തിൽ വീശുന്നതിന്റെ ഫലമായാണ് താപനില ഗണ്യമായി കുറയുന്നതെന്ന് ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പിന്റെ തെതൂലിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര മേധാവി റഹിദുൽ ഇസ്്ലാം പറഞ്ഞു. ജനുവരി ആദ്യ വാരം വരെ താപനില ഇപ്പോഴത്തേത് പോലെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.