Connect with us

Kerala

പൗരത്വ ഭേദഗതിക്കെതിരെ റാലി: ജമാഅത്ത് വത്കരിക്കാനുള്ള നീക്കം പാളി

Published

|

Last Updated

കൊണ്ടോട്ടി | പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊണ്ടോട്ടിയില്‍ നടന്ന ബഹുജന റാലി ജമാഅത്ത്‌ വത്കരിക്കാനുള്ള നീക്കം പാളി. പ്രതിഷേധം രൂക്ഷമായതോടെ ജമാഅത്തെ ഇസ്‌ലാമി രംഗത്തിറക്കിയ ജാമിഅ മില്ലിയ്യ വിദ്യാര്‍ഥിനി ആഇശ റന്ന മാപ്പ് പറഞ്ഞു. ശനിയാഴ്ചയായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊണ്ടോട്ടിയില്‍ പൗരാവലിയുടെ കീഴില്‍ ബഹുജന റാലി നടന്നത്.

ടി വി ഇബ്‌റാഹീം എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ തുടങ്ങി ജനപ്രതിനിധികളുടെയും മത സംഘടനാ നേതാക്കളുടെയും വ്യാപാരികളുടെയും നേതൃത്വത്തിലായിരുന്നു റാലി. എന്നാല്‍, തലേദിവസം ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ആഇശാ റന്ന ദേശീയ പതാകയേന്തി റാലി നയിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തി. ഇതിനെതിരെ പൊതുസമൂഹത്തില്‍ മുറുമുറുപ്പുണ്ടായിരുന്നു. കോടങ്ങാട് നിന്ന് റാലി ആരംഭിക്കുന്നതിന് മുമ്പ് സംഘാടകര്‍ അറിയാതെ ജമാഅത്തുകാര്‍ ദേശീയ പതാക റന്നയുടെ കൈകളില്‍ നല്‍കുന്നതിന് ചരട് വലിച്ചിരുന്നു. വനിതാ ജമാഅത്ത് പ്രവര്‍ത്തകരും ഇതിനായി ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഗായികയും വൈദ്യര്‍ സ്മാരക കമ്മിറ്റി അംഗവുമായ ജയഭാരതിയാണ് ദേശീയ പതാകയേന്തിയത്.

വൈദ്യര്‍ സ്മാരകത്തില്‍ റാലി സമാപിക്കുന്നതോടെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ സി ഷീബ ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് റാലി അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഇവിടെയും ആഇശാ റന്നക്ക് പ്രസംഗിക്കന്നതിന് അവസരമൊരുക്കാൻ ജമാഅത്തുകാര്‍ ശ്രമം നടത്തി. പരിപാടി പിരിച്ചുവിടാനിരിക്കെ ജമാഅത്തുകാര്‍ മൈക്കെടുത്ത് റന്നക്ക് കൈമാറുകയായിരുന്നു.

പിണറായി സര്‍ക്കാര്‍ സി എ എ വിരുദ്ധ സമരക്കാരെ ജയിലിലടച്ചിരിക്കുകയാണെന്നും ജനാധിപത്യ രീതിയില്‍ നടന്ന ഹര്‍ത്താല്‍ തകര്‍ക്കാന്‍ ശ്രമിച്ചെന്നും റന്ന പറഞ്ഞു തുടങ്ങി. ഇതു കേട്ട് ചിലര്‍ ഇവരെ വളയുകയും പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ബഹുജന റാലിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടക്കില്ലെന്നും ഇത് ജമാഅത്ത് വേദികളില്‍ പറഞ്ഞാല്‍ മതിയെന്നും പറഞ്ഞ് ഇവര്‍ രോഷാകുലരായി. തുടർന്ന്, റന്നയും പിതാവും പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുകയും പ്രസ്താവന പിന്‍വലിച്ചതായി അറിയിക്കുകയും ചെയ്തതോടെ രംഗം ശാന്തമാവുകയായിരുന്നു.