Connect with us

National

ഡൽഹി തണുപ്പിന്റെ പിടിയിൽ; റെഡ് വാണിംഗ് പ്രഖ്യാപിച്ചു

Published

|

Last Updated

ആഗ്രയിലെ താജ്മഹലിന് മുന്നിൽ രൂപപ്പെട്ട കനത്ത മൂടൽമഞ്ഞ്

ന്യൂഡൽഹി | ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തണുപ്പിന്റെ പിടിയിൽ. താപനില അസാധാരണമായി രണ്ട് ഡിഗ്രി സെൽഷ്യസിലും താഴ്ന്നതോടെ അതിശൈത്യത്തിന്റെ പിടിയിലാണ് തലസ്ഥാന നഗരമായ ഡൽഹി. ഡൽഹിയിലെ സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായ 1.7 ഡിഗ്രി സെൽഷ്യസ് ഇന്നലെ പുലർച്ചെ രേഖപ്പെടുത്തി. തണുപ്പ് കടുത്തതോടെ ഡൽഹിയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അപകട സൂചന നൽകുന്ന റെഡ് വാണിംഗ് പ്രഖ്യാപിച്ചു.

ശരാശരി മേഖലയിലെ താപനില 2.4 ഡിഗ്രിയായിരുന്നപ്പോൾ ലോദി റോഡ് പരിസരത്താണ് 1.7 ഡിഗ്രി രേഖപ്പെടുത്തിയത്. 100 വർഷത്തിനിടെയുള്ള ഏറ്റവും കടുത്ത രണ്ടാമത്തെ തണുപ്പാണിത്. ശരാശരി താപനില താഴ്ന്നതാണ് തണുപ്പ് കൂടാൻ കാരണമായത്. 19.84 ഡിഗ്രി സെൽഷ്യസാണ് ഈ വർഷം രേഖപ്പെടുത്തിയ ശരാശരി താപനില. 1919 ഡിസംബറിൽ ഇത് 19.8 ഡിഗ്രിയും 1997ൽ 17.3 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. 1997ൽ കൂടിയ താപനില 17.3 ഡിഗ്രിയായിരുന്നതാണ് ഇതിന് മുമ്പുണ്ടായ ഏറ്റവും വലിയ തണുപ്പ്. അതേസമയം ഏറ്റവും കുറഞ്ഞ താപനില 1992ൽ ഇതേ മാതൃകയിൽ രേഖപ്പെടുത്തിയിരുന്നു. 1930ൽ പൂജ്യം ഡിഗ്രി കുറഞ്ഞ താപനിലയും രേഖപ്പെടുത്തിയിരുന്നു. തണുപ്പ് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ജനുവരി മൂന്ന് വരെ ഇത് തുടരും.

തണുപ്പും മഞ്ഞും ഇതേ രീതിയിൽ തുടരുന്നതിനാൽ റെഡ് മുന്നറിയിപ്പ് വരും ദിവസങ്ങളിലുമുണ്ടാകുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. നിലവിൽ ഇന്നലത്തേക്കും ഇന്നത്തേക്കുമാണ് റെഡ് വാണിംഗ് നൽകിയിരിക്കുന്നത്.
മൂടൽമഞ്ഞ് കാരണം ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഗതാഗത സംവിധാനം താറുമാറായി. ഡൽഹിയിലേക്കുള്ള പല ട്രെയിനുകളും വൈകിയാണോടുന്നത്. വിമാന സർവീസുകളും താറുമാറായി. ഇന്നലെ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് നാല് വിമാനങ്ങൾ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങാനാകാതെ വഴിതിരിച്ചുവിട്ടു. 24 തീവണ്ടികൾ വൈകിയതായി റെയിൽവേയും അറിയിച്ചു. ചില തീവണ്ടികൾ അഞ്ച് മണിക്കൂറോളം വൈകി. മഞ്ഞ് വീഴ്ച കാരണം റോഡ് മാർഗമുള്ള ഗതാഗതവും ദുരന്തപൂർണമാണ്. ഡൽഹി-ജയ്പൂർ ഹൈവേയിൽ ഇന്നലെ വ്യത്യസ്ഥ അപകടങ്ങളിൽ രണ്ട് പേർ മരിക്കുകയും പത്ത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തണുപ്പ് കൂടിയതോടെ ഡൽഹി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിലെ മാർക്കറ്റുകൾ വളരെ നേരത്തെ അടക്കുന്നുണ്ട്. ബസ് സർവീസുകളും നേരത്തേ അവസാനിപ്പിക്കുന്നുണ്ട്.

ജനുവരി ആദ്യവാരം ഡൽഹിയിൽ മഴ പെയ്യുമെന്നും ഇതോടെ തണുപ്പ് കുറയുമെന്നുമാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. അയൽ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും സ്ഥിതി വ്യത്യസ്തമല്ല. ഡൽഹി സർക്കാർ 223 ഷെൽട്ടർ ഹോമുകൾ തുറന്നിട്ടുണ്ട്. ശരാശരി ഒമ്പതിനായിരത്തോളം പേരാണ് ദിവസവും ഈ ഷെൽട്ടർ ഹോമുകളെ ആശ്രയിക്കുന്നതെന്നാണ് വിവരം.