Connect with us

National

ഝാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്‍ അധികാരമേറ്റു; പ്രതിപക്ഷ ഐക്യവേദിയായി സത്യപ്രതിജ്ഞാ ചടങ്ങ്

Published

|

Last Updated

റാഞ്ചി | ഝാര്‍ഖണ്ഡിന്റെ 11ാമത് മുഖ്യമന്ത്രിയായി ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രസിഡന്റ് ഹേമന്ദ് സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ഹേമന്ദ് സോറന്‍ മുഖ്യമന്ത്രിയാകുന്നത്. കോൺഗ്രസ് നേതാവ് രാമേശ്വർ ഒാറയോണും ആർ.ജെ.ഡി നേതാവ് സത്യാനന്ദ് ഭോക്തയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൊറാബാദി ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ കക്ഷികളുടെ സംഗമവേദിയായി മാറി. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, ആർ.ജെ.ഡി നേതാവ് തേജ്വസിനി യാദവ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ലോക്താന്ത്രിക ജനതാദൾ നേതാവ് ശരത് യാദവ്, ഡി.എം.കെ നേതാക്കളായ ടി.ആർ. ബാലു, കനിമൊഴി അടക്കമുള്ളവർ പങ്കെടുത്തു.

81 സീറ്റുകളുള്ള നിയമസഭയില്‍ 47 സീറ്റുകള്‍ നേടിയാണ് ബിജെപിയെ മലര്‍ത്തിയടിച്ച് ജെഎംഎം-കോണ്‍ഗ്രസ്-രാഷ്ട്ര ജനതാദള്‍ (ആര്‍ജെഡി) സഖ്യം ഝാര്‍ഖണ്ഡില്‍ അധികാരത്തില്‍ എത്തിയത്. ബിജെപിയുടെ രഘുബാര്‍ ദാസിനാണ് ഭരണം നഷ്ടമായത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ദാസ്. എന്നാല്‍ ബിജെപിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം ഇത്തവണ 25 ആയി കുറഞ്ഞു.

Latest