Connect with us

National

പൗരത്വ ഭേദഗതി നിയമം: വിദ്യാർഥി മാഗസിന് കത്രിക വെച്ച് ഐ ഐ ടി കാൺപൂർ

Published

|

Last Updated

കാൺപൂർ | വിദ്യാർഥികളുടെ ഇ മാഗസിനിൽ വന്ന, പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ സംബന്ധിച്ച ലേഖനത്തിന് കത്രിക വെച്ച് ഐ ഐ ടി കാൺപൂർ. ക്യാമ്പസിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം അന്വേഷിച്ച് നടപടി സ്വീകരിച്ചിട്ടുമുണ്ട് ഐ ഐ ടി അധികൃതർ.

ഏറെ പ്രചാരമുള്ള വോക്‌സ് പോപുലി എന്ന ഇ മാഗസിനിലെ ലേഖനത്തിനാണ് അധികൃതർ വിലക്കേർപ്പെടുത്തിയത്. പ്രതിഷേധവുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു ലേഖനം. കഴിഞ്ഞ 17ന് ക്യാമ്പസിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

പ്രതിഷേധത്തിനിടെ ചില മുദ്രാവാക്യങ്ങൾ ഉയർന്നുവെന്നും ഇത് ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്നും അധികൃതർ പറയുന്നു. പ്രതിഷേധത്തിനിടെ ക്രൂരമായ പോലീസ് നടപടി നേരിടേണ്ടി വന്ന ജാമിഅ മില്ലിയ്യ, അലിഗഢ് യൂനിവേഴ്‌സിറ്റികളിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് കാൺപൂർ ഐ ഐ ടിയിലും പ്രതിഷേധം സംഘടിപ്പിച്ചത്. ഫൈസ് അഹ്മദ് ഫൈസിന്റെ പ്രസിദ്ധ ഗാനമാണ് ആലപിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു. ഈ സംഭവം അന്വേഷിച്ച് നടപടിയെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഇ മാഗസിനിൽ ലേഖനം പ്രസിദ്ധീകരിച്ചത്. കാൺപൂർ ഐ ഐ ടിയിലെ സമാധാനപരമായ പ്രതിഷേധത്തെ വർഗീയവത്കരിക്കരുത് എന്നായിരുന്നു ശീർഷകം. കഴിഞ്ഞ മൂന്ന് വർഷമായി പ്രസിദ്ധീകരിക്കുന്നതാണ് ഈ ഓൺലൈൻ മാഗസിൻ.

കഴിഞ്ഞയാഴ്ചയിലെ പ്രക്ഷോഭ സമയത്ത് മദ്രാസ് ഐ ഐ ടിയുടെ നടപടിയും വിവാദമായിരുന്നു. വിദ്യാർഥികൾ പ്രതിഷേധം നടത്തരുതെന്നായിരുന്നു നിർദേശം. പ്രതിഷേധത്തിൽ പങ്കെടുത്ത മദ്രാസ് ഐ ഐ ടിയിൽ ഗവേഷണം ചെയ്യുന്ന ജർമൻ വിദ്യാർഥിയെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.