Connect with us

International

'ജുറാസിക് പാര്‍ക് 'കാണാന്‍ പുറപ്പെട്ട സംഘത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു

Published

|

Last Updated

ഹൊനലുലു  |ഹവായി ദ്വീപു സമൂഹങ്ങളിലെ ഏറ്റവും ദുര്‍ഘടമായതും ഒറ്റപ്പെട്ടതും വിദൂരവുമായ ദ്വീപിലേക്കു പുറപ്പെട്ട ഹെലികോപ്ടര്‍ തകര്‍ന്നു വീണു. ഏഴു യാത്രക്കാരുമായി പോയ ഹെലികോപ്ടറാണു കവായി ദ്വീപില്‍ തകര്‍ന്നുവീണത്. ആറു പേരുടെ മൃതദേഹം കണ്ടെത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. . മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത നിലയിലാണ്.

യാത്രാസംഘത്തില്‍ രണ്ടു കുട്ടികളുമുണ്ടെന്നാണു വിവരം. ഹവായിയിലെ ഏറ്റവും വിദൂരതയിലുള്ള ന പാലി തീരമേഖലയിലേക്കായിരുന്നു ഹെലികോപ്ടറിന്റെ യാത്ര. 1997ല്‍ “ജൂറാസിക് പാര്‍ക്ക്” സിനിമാ സീരീസിലെ ലോസ്റ്റ് വേള്‍ഡ് ചിത്രീകരിച്ചത് ഇവിടെയായിരുന്നു. സ്പാനിഷ് ഭാഷയില്‍ “ഈസ്‌ല സോന” എന്നറിയപ്പെടുന്ന ദ്വീപായാണ് ന പലിയെ ചിത്രത്തില്‍ അവതരിപ്പിച്ചത്. സഫാരി ഹെലികോപ്‌ടേഴ്‌സ് കമ്പനിക്കു കീഴിലായിരുന്നു ടൂറിസ്റ്റുകളുടെ യാത്ര. വ്യാഴാഴ്ച വൈകിട്ട് എത്തേണ്ടിയിരുന്ന യാത്രാസംഘത്തെപ്പറ്റി വിവരങ്ങളൊന്നും ലഭിക്കാതായതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്.

.

മേഖലയില്‍ കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 45 കി.മീ വേഗത്തില്‍ ശക്തമായ കാറ്റും വീശുന്നുണ്ട്. തീരരക്ഷാ സേനയ്‌ക്കൊപ്പം നാവികസേനയുടെ ഹെലികോപ്ടറും തിരച്ചിലില്‍ സഹായിക്കുന്നുണ്ട്. പ്രാദേശിക അഗ്‌നിരക്ഷാ സേനയും പ്രദേശത്തെ ഹെലികോപ്ടര്‍ കമ്പനികളും തിരച്ചിലിനായി രംഗത്തുണ്ട്. ജൂറാസിക് പാര്‍ക് സിനിമ ചിത്രീകരിച്ചിട്ടുള്ളതിനാല്‍ത്തന്നെ ഹവായിയില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ന പലി.

മനുഷ്യവാസമില്ലാത്ത ഇവിടെ കുത്തനെയുള്ള മലനിരകളും അവയ്ക്കിടയിലെ വെള്ളച്ചാട്ടങ്ങളുമാണ് ഏറെ പേരെ ആകര്‍ഷിക്കുന്നത്. പസിഫിക് സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നുവന്ന, ഏകദേശം 1216 മീറ്റര്‍ ഉയരമുള്ള ചുവപ്പു പാറക്കൂട്ടവും കാടുമാണ് മറ്റൊരു ആകര്‍ഷണം. മഞ്ഞുകാലത്തു പക്ഷേ ഇവിടെ കൊടുങ്കാറ്റ് വീശാറുണ്ട്, കടലും പ്രക്ഷുബ്ധമാകും. മിന്നല്‍ പ്രളയവും കാഴ്ച മറയ്ക്കുന്ന മഞ്ഞും പതിവാണ്. അടിയന്തര ലാന്‍ഡിങ്ങിനുള്ള ബീച്ചുകള്‍ പോലും പലപ്പോഴും അപകടകരമാണ്. കാടിനകത്ത് ലാന്‍ഡ് ചെയ്യുകയെന്നതും ഏറെ ദുഷ്‌കരമാണെന്നും വിദഗ്ധര്‍ പറയുന്നു.

Latest