Connect with us

Editorial

അപകടം പതിയിരിക്കുന്ന ജനസംഖ്യാ രജിസ്റ്റർ ചോദ്യാവലി

Published

|

Last Updated

ദേശീയ പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും തമ്മിൽ ബന്ധമില്ലെന്നും രണ്ടിന്റെയും നടപടികൾ തമ്മിൽ വ്യത്യാസമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി ജെ പി ദേശീയ അധ്യക്ഷനുമായ അമിത് ഷാ പറഞ്ഞത്. ദേശീയ പൗരത്വ രജിസ്റ്റർ പൗരത്വവുമായി ബന്ധപ്പെട്ടതും ജനസംഖ്യാ രജിസ്റ്റർ സെൻസസുമായി ബന്ധപ്പെട്ടതുമാണ്. രണ്ടിനെയും ബന്ധിപ്പിക്കാൻ ശ്രമിക്കരുതെന്നും ജനസംഖ്യാ രജിസ്റ്ററിൽ പൗരത്വം തെളിയിക്കാനുള്ള രേഖകളൊന്നും ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഈ ആശങ്ക അസ്ഥാനത്താണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാര്‍ മാധ്യമങ്ങൾക്ക് നൽകിയ പരസ്യങ്ങളിലും പറയുന്നുണ്ട്.

എന്നാൽ അമിത്ഷാ പറയുന്നതും പരസ്യത്തിലെ അവകാശവാദവും വിശ്വസനീയമല്ല. ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന് മുന്നോടിയായി ത്തന്നെയാണ് ജനസംഖ്യാ രജിസ്റ്ററുമെന്നാണ് അതിനായി തയ്യാറാക്കിയ ചോദ്യാവലി വിരൽ ചൂണ്ടുന്നത്. ചോദ്യാവലിയിൽ പൗരന്റെ പേര്, ജനന തീയതി, ജനിച്ച സ്ഥലം, വീട് നമ്പർ, വീട് സ്ഥിതി ചെയ്യുന്ന ജില്ല, സംസ്ഥാനം എന്നിവയോടൊപ്പം മാതാവിന്റെയും പിതാവിന്റെയും ജനന തീയതി, ജനന സ്ഥലം താമസ സ്ഥലം, ജനിച്ച സ്ഥലത്താണോ ഇപ്പോൾ താമസിക്കുന്നത്, അല്ലെങ്കിൽ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് എത്രനാളായി താമസിക്കുന്നു എന്നീ വിവരങ്ങളും ചോദിക്കുന്നുണ്ട്. മാതാവിന്റെയും പിതാവിന്റെയും ജനന സ്ഥലം സംബന്ധിച്ച ചോദ്യം കഴിഞ്ഞ കാലങ്ങളിലൊന്നും ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഉന്നയിച്ചിരുന്നില്ല. ഇത്തവണ ഈ വിവരങ്ങൾ തേടുന്നത് എന്തിനാണെന്ന് അമിത്ഷാ വ്യക്തമാക്കേണ്ടതുണ്ട്. ജനസംഖ്യാ കണക്കെടുപ്പിന് അതിന്റെ ആവശ്യമില്ലല്ലോ. 2010 ലെ ചോദ്യാവലിയിൽ വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെട്ടിരുന്നു. ഇത്തവണ വിദ്യാഭ്യാസം സംബന്ധിച്ച ചോദ്യം ഒഴിവാക്കിയിട്ടുണ്ട്. ആധാർ, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐ ഡി എന്നിവയുടെ നമ്പർ ചോദിക്കുന്നുണ്ടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ മാത്രം കൈമാറിയാൽ മതി. നൽകുന്ന വിവരങ്ങൾ സാധൂകരിക്കുന്നതിനായി അധിക രേഖകൾ സമർപ്പിക്കേണ്ടതുമില്ല. ബയോമെട്രിക് രേഖകളും ആവശ്യപ്പെടില്ല. അതിനേക്കാളെല്ലാം പിതാവിന്റെയും മാതാവിന്റെയും ജനന തീയതിക്കും ജനന സ്ഥലത്തിനും പ്രാധാന്യം നൽകുമ്പോൾ തീർച്ചയായും അതിൽ അപകടം പതിഞ്ഞിരിപ്പുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി ശേഖരിക്കുന്ന വിവരങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചതായി മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തതുമാണ്. രാജ്യത്ത് തീവ്രഹിന്ദുത്വ ഭരണം അടിച്ചേൽപ്പിച്ച ബ്രാഹ്മണ്യത്തിന്റെ പൂണൂലിൽ രാജ്യത്തെ വരിഞ്ഞുമുറുക്കുകയെന്ന അപകടകരമായ അജൻഡയാണ് ഇതിന്റെ പിന്നിലുള്ളതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പൗരത്വ നിയമം മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമാണെന്ന ധാരണ ചിലർക്കെങ്കിലുമുണ്ട്. അത്തരമൊരു ധാരണ പരത്താൻ സംഘ്പരിവാർ കേന്ദ്രങ്ങൾ തന്നെ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നുണ്ട്. പ്രക്ഷോഭങ്ങളിൽ നിന്നു മുസ്‌ലിമേതര വിഭാഗങ്ങളെ അകറ്റി പ്രക്ഷോഭത്തെ ദുർബലപ്പെടുത്തുകയെന്നതാണ് അവരുടെ ലക്ഷ്യം. രാജ്യത്ത് ഇപ്പോഴുള്ള രേഖകൾ അനുസരിച്ച് പൗരത്വം അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്ന പ്രക്രിയ ആണല്ലോ പൗരത്വ രജിസ്‌ട്രേഷൻ. ഇതടിസ്ഥാനത്തിൽ 2024 ൽ സമ്പൂർണ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിക്കാനാണ് നീക്കം. ഇതിൽ ഉൾപ്പെടാൻ 1951 ന് മുമ്പ് പൂർവീകർ ഇവിടെ സ്ഥിരതാമസക്കാരാണെന്നു തെളിയിക്കണം. പിതാവ് ജനിച്ചത് 1951 ന് ശേഷമാണെങ്കിൽ പിതാമഹന്റെ ജനനരേഖ ഹാജരാക്കണം. ഇതിനുള്ള മുന്നോടിയായാണ് ജനസംഖ്യാ രജിസ്റ്ററിൽ മാതാവിന്റെയും പിതാവിന്റെയും ജനന സ്ഥലം സംബന്ധിച്ച ചോദ്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ജനന-മരണ രജിസ്ട്രേഷൻ നിയമം കർശനമാക്കുന്നത് തന്നെ 1969 ലാണെന്നതിനാൽ അതിനു മുന്നേയുള്ള രേഖകൾ വിരളമായിരിക്കും. ഈ നിയമമനുസരിച്ചു നിലവിലുള്ള രാജ്യത്തെ ജനങ്ങളിൽ ഹൈന്ദവ സഹോദരന്മാർ ഉൾപ്പെടെ ഗണ്യഭാഗവും പട്ടികയിൽ നിന്നു പുറത്താകും. അതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അഭയാർഥികളുടെ കാര്യത്തിൽ ചെയ്തതു പോലെ തങ്ങൾ ഇച്ഛിക്കുന്നവർക്ക് പൗരത്വം നൽകാൻ, അഥവാ വരേണ്യവർഗത്തെ മുഴുവനായും പൗരത്വ പട്ടികയിൽ ഉൾപ്പെടുത്താൻ നിയമഭേദഗതി കൊണ്ടുവന്നേക്കും.

അവശേഷിച്ച ഗോത്രവർഗ, ദളിത് പിന്നാക്കക്കാർ അടക്കമുള്ള ഇതര വിഭാഗങ്ങൾ രണ്ടാംതരം പൗരന്മാരായി ദുരിത ജീവിതം നയിക്കുകയോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന തടങ്കൽ പാളയങ്ങളിൽ അടക്കപ്പെടുകയോ ചെയ്യും. അതിനാണല്ലോ കർണാടക പോലുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ തടങ്കൽ പാളയങ്ങളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നത്. പാർലിമെന്റിൽ അസദുദ്ദീൻ ഉവൈസി ചൂണ്ടിക്കാണിച്ചതുപോലെ കുപ്രസിദ്ധമായ ന്യൂറംബർഗ് വംശീയ നിയമങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് മോദി സർക്കാറിന്റെ ഇപ്പോഴത്തെ പൗരത്വ നിയമങ്ങൾ. പടിപടിയായി പാസാക്കിയ നിയമങ്ങളിലൂടെയാണ് അഡോൾഫ് ഹിറ്റ്‌ലർ ജർമനിയിൽ നിന്ന് ജുതരെ ആട്ടിയോടിച്ചത്. 1935 ൽ റെയ്ഷ് പൗരത്വം ജർമൻ രക്തബന്ധമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയും മറ്റുള്ളവരെ ഒഴിവാക്കിയും വോട്ടിംഗ് അവകാശം എടുത്തുകളഞ്ഞുമായിരുന്നു “ന്യൂറംബർഗ് വംശീയ ശുദ്ധീകരണ”ത്തിന്റെ തുടക്കം. 1936ൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭക്ഷണശാലകളിലും പാർക്കുകളിലും മറ്റും ജൂതർക്ക് വിലക്കേർപ്പെടുത്തി. 1938 നവംബറിൽ രാജ്യത്തൊട്ടാകെ നാസികൾ ജൂതർക്കെതിരെ അഴിഞ്ഞാടി.

ജൂത കച്ചവട സ്ഥാപനങ്ങളും നശിപ്പിച്ചു. അടുത്ത വർഷം വീടുകളിൽ നിന്നു ജൂതരെ കുടിയൊഴിപ്പിച്ചു തുടങ്ങുകയും അവരുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടുകയും ചെയ്തു.
ആർ എസ് എസ് സൈദ്ധാന്തികൻ ഗോൾവാൾക്കർ തന്റെ “വി ഓർ ഔവർ നാഷൻഹുഡ് ഡിഫൈനഡ്” എന്ന ഗ്രന്ഥത്തിൽ പറയുന്നത് ശ്രദ്ധേയമാണ്. “സെമിറ്റിക് വംശജരായ ജൂതരെ ഇല്ലായ്മ ചെയ്ത ശേഷം രാജ്യം ശുദ്ധീകരിക്കുക വഴി ലോകത്തെ തന്നെ ജർമനി അത്ഭുതപ്പെടുത്തിയിരിക്കുന്നു. വംശാഭിമാനം അതിന്റെ ഉത്തുംഗതയിൽ നമുക്കവിടെ കാണാം. ഹിന്ദുസ്ഥാന് ഇതിൽ ഒട്ടേറെ പാഠങ്ങളുണ്ട്”. ഗോൾവാൾക്കറെ ആകർഷിച്ച ആ മാതൃകയാണ് മോദി-അമിത്ഷാ കൂട്ടുകെട്ട് ഇപ്പോൾ പരീക്ഷിച്ചു വരുന്നത്.