Connect with us

Kerala

'പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു' എസ് വൈ എസ് ജില്ലാ യുവജന റാലികൾക്ക് 26ന് തുടക്കമാകും

Published

|

Last Updated

കോഴിക്കോട് | പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലകളിൽ നടക്കുന്ന യുവജന റാലികൾക്ക് ഈ മാസം 26ന് എറണാകുളത്ത് തുടക്കമാവും.
പ്രതിനിധി സമ്മേളനം, സെമിനാർ, പ്രകടനം, പൊതു സമ്മേളനം എന്നിവയാണ് യുവജന റാലിയുടെ ഭാഗമായി നടക്കുക.

എറണാകുളം പെരുമ്പാവൂരിൽ നടക്കുന്ന ജില്ലാ യുവജന റാലി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുർറഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം പ്രമേയ പ്രഭാഷണം നടത്തും.

സംസ്ഥാന സെക്രട്ടറിമാരായ റഹ്മത്തുല്ല സഖാഫി എളമരം, എം എൻ സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിക്കും.
പൗരത്വം ഔദാര്യമല്ല എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ അഡ്വ. എൻ അനിൽകുമാർ, ഡോ.മാത്യു കുഴൽ നാടൻ, അബ്ദുൽ ജബ്ബാർ സഖാഫി പങ്കെടുക്കും.

ഈ മാസം 30 ന് തിരുവനന്തപുരം, 31ന് കോട്ടയം, വയനാട്, കോഴിക്കോട്, ജനുവരി 11, കൊല്ലം, ജനുവരി 18, ആലപ്പുഴ ജനുവരി 19, മലപ്പുറം ഈസ്റ്റ്, പത്തനംതിട്ട ജനുവരി 25, തൃശൂർ, ഇടുക്കി ഫെബ്രുവരി ഒന്ന്, കണ്ണൂർ, നീലഗിരി ഫെബ്രുവരി രണ്ട്, കാസർകോട്, മലപ്പുറം വെസ്റ്റ്, പാലക്കാട് ജില്ലകൾ ഫെബ്രുവരി എട്ടിനും റാലി നടക്കും.

കാരന്തുർ മർകസിൽ ചേർന്ന സ്‌റ്റേറ്റ് ക്യാബിനറ്റ് യോഗം റാലിയുടെ ഒരുക്കങ്ങൾ വിലയിരുത്തി. സയ്യിദ് ത്വഹാ സഖാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മജീദ് കക്കാട് അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു.