Connect with us

National

ലൈംഗിക ചൂഷണത്തിനെതിരായ പരാതിയില്‍ നടപടിയില്ല; ഉന്നാവില്‍ സ്വയം തീകൊളുത്തിയ യുവതി മരിച്ചു

Published

|

Last Updated

കാണ്‍പുര്‍ | ലൈംഗിക ചൂഷണത്തിനെതിരെ നല്‍കിയ പരാതിയില്‍ പോലീസ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു. യു പിയിലെ ഉന്നാവിലാണ് സംഭവം. ഉന്നാവിലെ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലെത്തി പരാതിക്കാരി സ്വയം തീകൊളുത്തുകയായിരുന്നു. ഡിസംബര്‍ 16നാണ് സംഭവം.

70 ശതമാനം പൊള്ളലേറ്റ് കാണ്‍പൂരിലെ ലാലാ ലജ്പത്റായി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് 23കാരി മരിച്ചത്. യുവതിയുടെ പരാതിയില്‍ അവദേശ് സിങ് എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ അപ്പോഴേക്കും അവദേശ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. ഇതിനു പിന്നാലെയാണ് യുവതി എസ് പി ഓഫീസിന് മുന്നിലെത്തി മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയത്. തുടര്‍ന്ന് അവര്‍ എസ് പി ഓഫീസിലേക്ക് ഓടിക്കയറി.

പരാതിക്കാരിക്ക് ആരോപണ വിധേയനായ അവദേശ് സിങ്ങുമായി വര്‍ഷങ്ങളായി അടുപ്പമുണ്ടായിരുന്നുവെന്ന് ഉന്നാവ് എസ് പി വിക്രാന്ത് വീര്‍ പറഞ്ഞു. സിങ് ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഒക്ടോബര്‍ രണ്ടിനാണ് യുവതി പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ യുവതി ആരോപിച്ചിരുന്നത്.