Connect with us

Kerala

പൗരത്വ പ്രതിഷേധം: മുല്ലപ്പള്ളിയെ തള്ളി വി ഡി സതീശന്‍, എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട സമയമെന്ന് സി പി എം

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ചു സമരം ചെയ്തതില്‍ ഒരു തെറ്റുമില്ല. അതിനോട് നൂറു ശതമാനം യോജിക്കുന്നു. സോണിയാ ഗാന്ധിയും യെച്ചൂരിയും ഒന്നിച്ചു സമരത്തിന് നേതൃത്വം നല്‍കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായിക്കും പ്രതിപക്ഷ നേതാവ് ചെന്നിത്തലക്കും യോജിച്ച പ്രക്ഷോഭമാകാം. യോജിച്ച പ്രക്ഷോഭത്തിലൂടെ കേരളം ഒറ്റക്കെട്ടാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തി. ഒരുമിച്ചു നില്‍ക്കേണ്ടി വന്നാല്‍ ഇനിയും നില്‍ക്കും. അത് മനസിലാകാത്തവര്‍ കാര്യങ്ങള്‍ പഠിക്കട്ടെയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, മുല്ലപ്പള്ളിക്കെതിരെ സി പി എമ്മും രംഗത്തെത്തി. എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് സി പി എം പ്രസ്താവനയില്‍ പറഞ്ഞു. സംയുക്ത സമര്‍ത്തോടുള്ള വിയോജിപ്പ് സങ്കുചിത നിലപാടാണ്. ഉമ്മന്‍ ചാണ്ടിയുടെയും മുസ്‌ലിം ലീഗിന്റെയും നിലപാട് പ്രതീക്ഷ പകരുന്നതാണെന്നും പാര്‍ട്ടി വ്യക്തമാക്കി.
കോണ്‍ഗ്രസ് സി പി എമ്മുമായി ചേര്‍ന്ന് സമരം നടത്തുന്നതിനെ അനുകൂലിക്കാനാകില്ലെന്നായിരുന്നു കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവിച്ചത്. മോദിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് തുരങ്കം വച്ചത് കേരളത്തിലെ സി പി എമ്മുകാരാണെന്നും ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്ന് പിണറായി വിജയന്‍ സമ്മതിച്ചാല്‍ സംയുക്ത സമരത്തെ കുറിച്ച് ആലോചിക്കാമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

എന്നാല്‍, മുല്ലപ്പള്ളിയുടെ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. രാജ്യത്തെ ഏതൊരു സ്ഥലത്തു നടന്നതിനെക്കാള്‍ നല്ല സന്ദേശമാണ് സംയുക്ത പ്രക്ഷോഭത്തിലൂടെ കേരളം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സാഹചര്യം വിലയിരുത്തിയാല്‍ ബി ജെ പി ഇതര കക്ഷികള്‍ യോജിച്ചു പോരാടണമെന്നാണു വ്യക്തിപരമായ അഭിപ്രായം.
രാഷ്ട്രീയം ഓരോ ദിവസവും മാറുകയാണ്. 10 ദിവസം മുമ്പായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു സമരമാര്‍ഗം സ്വീകരിക്കില്ലായിരുന്നു. 1966- 67 കാലഘട്ടത്തില്‍ അരിക്കു വേണ്ടി ഭരണ- പ്രതിപക്ഷ കക്ഷികള്‍ സംയുക്ത സമരാഹ്വാനം നടത്തിയിരുന്നു. അതിനു ശേഷം യോജിച്ചൊരു പോരാട്ടം ഇപ്പോഴാണ്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടത് ബി ജെ പി ഇതര കക്ഷികള്‍ യോജിച്ച പോരാട്ടം നടത്തുമെന്നതിന് സൂചനയാണെന്നും ഇന്ത്യയൊട്ടാകെ ഈ നിലപാടിനെ സ്വാഗതം ചെയ്തുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Latest