Connect with us

National

പ്രതിഷേധം രൂക്ഷം, വ്യാപകം; യെച്ചൂരി, രാജ, രാമചന്ദ്ര ഗുഹ ഉള്‍പ്പടെ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി തുടരുന്നു. രാജ്യത്ത് കൂട്ട അറസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ജന്തര്‍ മന്തറിലേക്കുള്ള മാര്‍ച്ചിന് നേതൃത്വം നല്‍കാനെത്തിയ സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയ ഇടത് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ആനി രാജ തുടങ്ങിയ ഇടത് നേതാക്കളും മാര്‍ച്ചിനെത്തിയിട്ടുണ്ട്. ഇവരെയെല്ലാം പോലീസ് തടയുകയാണ്. ബെംഗളൂരു ടൗണ്‍ ഹാളിന് മുന്നില്‍ പ്രതിഷേധിക്കാന്‍ എത്തിയ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ ഉള്‍പ്പടെ പോലീസ് അറസ്റ്റ് ചെയ്തു. പൗരാവകാശ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവും അറസ്റ്റിലായിട്ടുണ്ട്.

രാജ്യത്ത് പോലീസ് രാജാണെന്ന് യെച്ചൂരി പറഞ്ഞു.
ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്റര്‍ പിടിക്കുകയും ഭരണഘടനയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തതിനാണ് തന്നെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് രാമചന്ദ്രഗുഹ പ്രതികരിച്ചു. അറസ്റ്റില്‍ അഭിമാനിക്കുന്നു. പോലീസുകാര്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിനനുസരിച്ച് തുള്ളുകയാണ്. വിവേചനപരമായ ഒരു നിയമത്തിനെതിരെ തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. ഒരു തരത്തിലുള്ള അക്രമവും അവിടെ ഉണ്ടായിട്ടില്ലെന്നും ഗുഹ പറഞ്ഞു.

പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ മലയാളികളുള്‍പ്പടെയുള്ള നൂറോളം വിദ്യാര്‍ത്ഥികളെ തെലങ്കാന പോലീസ്കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ മൊയ്‌നാബാദ് പോലീസ് സ്റ്റേഷനിലാണുള്ളത്. സമര സ്ഥലത്തേക്ക് ഇവര്‍ പോവുകയായിരുന്ന ബസ് പോലീസ് പിടിച്ചെടുത്തു. പോലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥികള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സമരത്തില്‍ നിന്ന് ഒരു കാരണവശാലും പിന്മാറില്ലെന്ന് ജാമിഅ സമര സമിതി വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ മില്ലിയ വിദ്യാര്‍ഥികളും ഇടത് പാര്‍ട്ടികളും നടത്താന്‍ തീരുമാനിച്ച പ്രതിഷേധ മാര്‍ച്ചിന് ഡല്‍ഹി പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. വിദ്യാര്‍ഥികള്‍ ചെങ്കോട്ടയിലേക്കും ഇടത് പാര്‍ട്ടികള്‍ മണ്ഡി ഹൗസില്‍ നിന്ന് ജന്തര്‍മന്തറിലേക്കുമാണ് മാര്‍ച്ച് തീരുമാനിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചെങ്കോട്ടയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അനുമതി നല്‍കാത്തതിനെ കൂസാതെ മാര്‍ച്ചിനെത്തിയ വിദ്യാര്‍ഥികളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അക്രമമുണ്ടാകുമെന്നത് മുന്‍നിര്‍ത്തി ഡല്‍ഹിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി എന്നിവക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. ചിലയിടങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കാളിന്ദികുഞ്ജ് മഥുര റോഡ് അടച്ചു. അതിര്‍ത്തികളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലക്‌നൗ ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളില്‍ സമരാനുകൂലികളായ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുജറാത്ത്, ചെന്നൈ നഗരങ്ങളിലെ മാര്‍ച്ചുകള്‍ക്കും പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും പ്രതിഷേധം കത്തുകയാണ്. ചെന്നൈ, തിരുച്ചിറപ്പള്ളി, കടലൂര്‍, രാമനാഥപുരം. ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.