Connect with us

Editorial

പൊതുനിരത്തുകളില്‍ മരണം പതിയിരിക്കുന്നു

Published

|

Last Updated

സംസ്ഥാനത്ത് റോഡുകളിലെ കുഴികളില്‍ വാഹനങ്ങള്‍ വീണുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ അങ്കമാലിയിലെ ജിമേഷ് എന്ന യുവാവിന്റെ മരണത്തിനു ഇടയാക്കിയത് നിരത്തിലെ കുഴിയായിരുന്നു. കുഴിയില്‍ വീഴാതിരിക്കാന്‍ മുന്നിലുണ്ടായിരുന്ന കാര്‍ പെട്ടെന്നു ബ്രേക്കിട്ടപ്പോള്‍, ജിമേഷിന്റെ സ്‌കൂട്ടര്‍ കാറിലിടിച്ചു ടാങ്കര്‍ ലോറിക്കടിയിലേക്ക് മറിയുകയും ശരീരത്തില്‍ ലോറി കയറുകയുമായിരുന്നു. മരണപ്പെട്ട ഉമ്മാമയെ സന്ദര്‍ശിച്ച് അന്ത്യചുംബനം നല്‍കി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഈ ദാരുണാന്ത്യം.
പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപത്തെ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് യദുലാല്‍ എന്ന യുവാവ് മരിച്ചത് ഒരാഴ്ച മുമ്പായിരുന്നു. യദുലാല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കുഴിക്ക് സമീപം അശാസ്ത്രീയമായി സ്ഥാപിച്ച ബോര്‍ഡില്‍ തട്ടി റോഡിലേക്ക് മറിഞ്ഞു വീഴുകയും തൊട്ടു പിന്നാലെ വന്ന ലോറി യദുലാലിന്റെ ദേഹത്തു കൂടെ കയറിയിറങ്ങുകയുമായിരുന്നു. കാലവര്‍ഷത്തിന്റെ കടന്നു വരവോടെ ഹൈവേകളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ റോഡുകളിലുടനീളം കുഴികള്‍ പ്രത്യക്ഷപ്പെടുന്നു. ഇവ അടക്കുന്നത് മിക്കപ്പോഴും കാലവര്‍ഷം അവസാനിച്ച് പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ്. സമയബന്ധിതമായി റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നു കോടതി പല തവണ നിര്‍ദേശിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ പതിവു ശീലത്തിനും ശൈലിക്കും ഒരു മാറ്റവുമില്ല. ഈ കാലതാമസത്തിനിടെ നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്നു.
പാലാരിവട്ടത്തെ യദുലാലിന്റെ മരണവുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി സര്‍ക്കാറിനെതിരെ നടത്തിയത്. കുഴി അടക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ അതടക്കാനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. എത്ര ജീവന്‍ ബലി കൊടുത്താലാണ് ഈ നാട് നന്നാകുക എന്നു ചോദിച്ച കോടതി ചെറുപ്രായത്തിലാണ് യദുലാലിന്റെ ജീവന്‍ നഷ്ടമായതെന്നും എന്തുകൊണ്ടാണ് ആ യുവാവിന്റെ കുടുംബത്തിന്റെ അവസ്ഥ ആരും മനസ്സിലാക്കാത്തതെന്നും ചോദിച്ചു. നാണക്കേട് കൊണ്ട് തലകുനിഞ്ഞു പോകുകയാണ്. കാറില്‍ സഞ്ചരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് റോഡിലെ മോശം അവസ്ഥയുടെ ബുദ്ധിമുട്ട് അറിയണമെന്നില്ല. ഉദ്യോഗസ്ഥരില്‍ വിശ്വാസം നഷ്ടമായതായും കോടതി പറഞ്ഞു. ഒരാള്‍ ഒരു കുഴി കുഴിച്ചാല്‍ അത് മൂടാന്‍ പ്രോട്ടോകോള്‍ നോക്കുകയാണെന്ന് കുറ്റപ്പെടുത്തിയ കോടതി വകുപ്പ് തലങ്ങളിലെ ഏകോപനമില്ലായ്മയെയും അതിരൂക്ഷമായി വിമര്‍ശിച്ചു. ഉത്തരവിടാന്‍ മാത്രമേ കോടതിക്ക് കഴിയൂ. അത് നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാറാണ്. കൊച്ചിയിലെ റോഡുകളുടെ നിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്ന് അഭിഭാഷകരെ അമിക്കസ്‌ക്യൂറിയായി നിയമിക്കുകയും ചെയ്തു ഹൈക്കോടതി.

രണ്ടാഴ്ച മുമ്പ് റോഡുകളിലെ കുഴികള്‍ സൃഷ്ടിക്കുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, ഭരണകൂട സംവിധാനങ്ങളുടെ അനാസ്ഥയിലേക്കും കൃത്യവിലോപത്തിലേക്കുമാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റോഡിലെ കുഴികളില്‍ വീണുണ്ടായ അപകടങ്ങളില്‍ രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടത് 15,000ത്തോളം പേര്‍ക്കാണ്. ഭീകരാക്രമണം, അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ എന്നിവയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് ഇതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി മുന്‍ ജഡ്ജി കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ റിപ്പോര്‍ട്ടിലാണ് 2013 മുതല്‍ 2017 വരെ കുഴികള്‍ മൂലം ഉണ്ടായ അപകടങ്ങളില്‍ 14,926 പേര്‍ മരിച്ചതായി ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ജൂലൈയിലാണ് റോഡ് സുരക്ഷ സംബന്ധിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി സമിതിയെ ഏര്‍പ്പെടുത്തിയത്. ഇത്തരം അപകടങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണം ലഭ്യമല്ലെന്നും ഇത് വളരെ വലിയ സംഖ്യ ആയിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മരിച്ചവരുടെ എണ്ണം തന്നെ സര്‍ക്കാര്‍ കണക്കാണ്. യഥാര്‍ഥ സംഖ്യ ഇതിലേറെയാകാമെന്നാണ് കോടതി നിരീക്ഷണം.

കേരളത്തിലെ റോഡുകളില്‍ ദിനംപ്രതി 106 അപകടം വീതം നടക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. പന്ത്രണ്ടിലധികം മനുഷ്യ ജീവനുകളാണ് ദിവസേന ഇവയില്‍ പൊലിയുന്നത്. പരുക്കേല്‍ക്കുന്നത് 150 പേര്‍ക്ക് വീതവും. 2018ലെ വാഹനാപകടങ്ങളില്‍ ആകെ മരണസംഖ്യ 4,259 ആയിരുന്നു. 31,687 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കേരള പോലീസിന്റെ കണക്കുകള്‍ പ്രകാരം 2019ല്‍ സെപ്തംബര്‍ മാസം വരെ മരിച്ചത് 3,375 പേരാണ്. 30,784 അപകടങ്ങളിലായി 22,178 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 2018ല്‍ നടന്ന വാഹനാപകട മരണങ്ങളില്‍ 82 ശതമാനവും ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ടു നടന്നതാണ്. ഇതിന്റെ കാരണങ്ങളില്‍ നല്ലൊരു ഭാഗവും റോഡിന്റെ ശോച്യാവസ്ഥയും കുഴികളുമാണ്. അരയടിയോളം ആഴത്തില്‍ രണ്ടും മൂന്നും മീറ്റര്‍ നീളത്തിലുള്ള കുഴികള്‍ വരെയുണ്ട് ചില ഭാഗങ്ങളില്‍. സൂക്ഷിച്ചും വേഗം കുറച്ചും സഞ്ചരിച്ചില്ലെങ്കില്‍ തല കുത്തി താഴെ വീഴും.

അങ്കമാലിയിലും പാലാരിവട്ടത്തും നടന്നതു പോലെ പിന്നില്‍ മറ്റു വല്ല വണ്ടികളും വരുന്നുണ്ടെങ്കില്‍ മരണവും സംഭവിക്കാം. കാലവര്‍ഷത്തിനു പുറമെ പി ഡബ്ല്യൂ ഡിയും വാട്ടര്‍ അതോറിറ്റി, ബി എസ് എന്‍ എല്‍ തുടങ്ങിയ വകുപ്പുകളും തമ്മിലുള്ള ധാരണയില്ലായ്മ കൂടിയാണ് റോഡിന്റെ ശോച്യാവസ്ഥക്ക് കാരണം. മരാമത്തുവകുപ്പ് റോഡിലെ ഗട്ടറുകളുടെ പണി തീര്‍ത്ത് അധികം താമസിയാതെ തന്നെ മറ്റേതെങ്കിലും ഡിപ്പാര്‍ട്ടുമെന്റ് വെട്ടിപ്പൊളിക്കും. ആഴ്ചകളോ മാസങ്ങളോ അതു നികത്തപ്പെടാതെ കിടക്കും. അറ്റകുറ്റപ്പണികള്‍ പെട്ടെന്നു നടക്കണമെങ്കില്‍ കോടതി ഇടപെടുകയോ വി ഐ പികളുടെ സന്ദര്‍ശനമുണ്ടാകുകയോ വേണം. പൊതുമരാമത്ത് വകുപ്പ് ഈ ഉദാസീനതയും കൃത്യവിലോപവും അവസാനിപ്പിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. മറ്റു വകുപ്പുകള്‍ പൈപ്പിടലും കേബിള്‍ പണിയും മറ്റും മരാമത്തുവകുപ്പുമായി കൃത്യമായ ധാരണയോടെ നടത്തുകയും വേണം. ഇങ്ങനെ ചെയ്താല്‍ റോഡുകളുടെ ശോച്യാവസ്ഥക്കു കുറേയേറെ പരിഹാരമാകും.

---- facebook comment plugin here -----

Latest