Connect with us

Articles

ക്യാമ്പസുകള്‍ ഉണര്‍ന്നിരിക്കുന്നുണ്ട്

Published

|

Last Updated

‘സ്വാതന്ത്ര്യത്തോളം വലുതാകരുത് പഠിപ്പും പരീക്ഷയും. രാജ്യം അടിമത്വത്തില്‍ പിടയുകയും ജനകോടികള്‍ പട്ടിണി കിടക്കുകയും ചെയ്യുമ്പോള്‍ പൊള്ളയായ ബിരുദങ്ങള്‍ കൊയ്തു കൂട്ടുന്നതില്‍ അര്‍ഥമില്ല. രാജ്യം മരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കാണ് ജീവിക്കാന്‍ കൊതി”… രാജ്യത്തെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദേശത്തിന്റെ പ്രയോക്താവ് നെഹ്‌റുവാണ്. ഉപ്പ് നിയമം ലംഘിക്കാന്‍ 1930 മാര്‍ച്ച് 12ന് ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചു. നിയമ ലംഘനത്തിന്റെ വിപ്ലവ ധ്വനികള്‍ ക്യാമ്പസുകളിലും അലയടിച്ചു. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലൊന്നില്‍ വിദ്യാര്‍ഥികളുടെ മുഴുവന്‍ ശ്രദ്ധയും ദേശീയ പ്രസ്ഥാനത്തിലേക്ക് ക്ഷണിച്ചുകൊണ്ട് നെഹ്‌റു നടത്തിയ മനോഹരമായ പ്രസംഗത്തിന്റെ ഭാഗമാണ് ഈ സന്ദേശം.

സ്വാതന്ത്ര്യ സമരരംഗത്ത് ഇന്ത്യന്‍ വിദ്യാര്‍ഥിത്വത്തിന് ഏറെ പ്രിയപ്പെട്ട രണ്ട് ദേശീയ നേതാക്കള്‍ ജവഹര്‍ലാല്‍ നെഹ്‌റുവും സുഭാഷ് ചന്ദ്രബോസുമായിരുന്നു. രാഷ്ട്രവിമോചന സമരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി കലാലയങ്ങളെ സമരോത്സുകമാക്കുന്നതില്‍ ഇരുവരും തുല്യതയില്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഭരണഘടനയെ അപ്രസക്തമാക്കുന്ന വിധത്തിലുള്ള പൗരത്വ ഭേദഗതി നിയമം പാര്‍ലിമെന്റിന്റെ ഇരു സഭകളിലും പാസ്സായതോടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ഒരു കുടിയേറ്റക്കാരനെയും വേണ്ടെന്ന് പറയുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യമേ അക്രമപാതയിലാണ് പ്രക്ഷോഭം നയിക്കപ്പെടുന്നത്. പൗരത്വത്തില്‍ നിന്ന് മുസ്‌ലിംകളെ മാത്രം മാറ്റിനിര്‍ത്തുക വഴി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ നിഷേധിക്കുന്ന നിയമം മതനിരപേക്ഷതയുടെ വേരറുക്കുകയാണെന്ന് ഉന്നയിച്ചു കൊണ്ടുള്ള സമരങ്ങളാണ് രാജ്യത്താകമാനം പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നത്. അതിനാണ് അന്താരാഷ്ട്ര സമൂഹം ഉറച്ച പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നതും. അത്തരം പ്രക്ഷോഭങ്ങള്‍ പൊതുവെ സമാധാനപരമാണ്. അതില്‍ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യയും അലിഗഢ് സര്‍വകലാശാലയുമാണ് പ്രതിരോധത്തിന്റെ കേന്ദ്രബിന്ദുവായി വര്‍ത്തിച്ചത്. സമാധാനപരമായി മുദ്രാവാക്യങ്ങളുയര്‍ത്തി സമരം ചെയ്ത വിദ്യാര്‍ഥികളെ പ്രതികാര ബുദ്ധിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസും അര്‍ധ സൈനിക വിഭാഗവും നേരിട്ടത്.
ജാമിഅ ക്യാമ്പസില്‍ അനുമതിയില്ലാതെ അതിക്രമിച്ചു കടന്ന പോലീസ് വ്യാപക അക്രമങ്ങളാണ് അഴിച്ചുവിട്ടത്. വിദ്യാര്‍ഥികള്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മണിക്കൂറുകളോളം വൈദ്യസഹായം പോലും ലഭിക്കാതെ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ തടവിലാക്കപ്പെട്ടപ്പോള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥികള്‍ക്കും മറ്റൊരു പ്രതിഷേധ കേന്ദ്രമായ അലിഗഢിലെ വിദ്യാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തെരുവിലിറങ്ങി.

ഫാസിസ്റ്റ് കിരാത വാഴ്ചക്കാലത്ത് ഇന്ത്യന്‍ ധൈഷണിക വിദ്യാര്‍ഥിത്വത്തിന്റെ സമരച്ചുവടുകള്‍ക്ക് തിരികൊളുത്താറുള്ള ജെ എന്‍ യുവും ഹിന്ദു ബനാറസുമടക്കം ഉയര്‍ത്തിവിട്ട ഐക്യദാര്‍ഢ്യ സ്വരങ്ങളില്‍ രാജ്യത്തെ മുന്‍നിരയിലുള്ള ഒരുപിടി നിയമ സര്‍വകലാശാലകളും ഒന്നിച്ചു മുന്നോട്ടുവന്നു. നാഷനല്‍ ലോ സ്‌കൂള്‍ (എന്‍ എല്‍ എസ്) ഉള്‍പ്പെടെ രാജ്യത്തെ എട്ട് പ്രമുഖ നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി സംഘടനകള്‍ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തി പ്രക്ഷോഭ വഴിയിലേക്ക് പ്രവേശിച്ചതും നാഷനല്‍ ലോ യൂനിവേഴ്‌സിറ്റി ഡല്‍ഹി(എന്‍ എല്‍ യു ഡി)യും ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളും (ജെ ജി എല്‍ എസ്) പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചും ജാമിഅക്കും അലിഗഢിനും പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തിയത് ശ്രദ്ധേയമായ ഒരേടാണ്. ഭരണഘടനയെ തകര്‍ക്കുന്ന നീക്കത്തിനെതിരെ രാജ്യത്തെ നിയമ വിദ്യാര്‍ഥികള്‍ ഒന്നടങ്കം മുന്നോട്ടുവരുന്ന കാഴ്ച കേന്ദ്ര സര്‍ക്കാറിനെ അലോസരപ്പെടുത്തും. ഭരണഘടനാ വിരുദ്ധ നീക്കങ്ങള്‍ക്ക് നിയമ രംഗത്ത് നിന്ന് വിസമ്മതത്തിന്റെ ശബ്ദങ്ങളാണ് ഇതിനകം തന്നെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

അമേരിക്കയിലെ 19 പ്രധാന യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും ജാമിഅ മില്ലിയ്യക്ക് ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞ ദിവസം ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. യലെ, കൊളംബിയ തുടങ്ങിയ പ്രശസ്ത യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികളാണ് നീതിക്കായി പോരാടുന്ന ജാമിഅക്കും അലിഗഢിനും പിന്തുണയുമായി രംഗത്തെത്തിയത്. അന്തര്‍ദേശീയ സമൂഹത്തില്‍ നിന്നുയരുന്ന എതിര്‍പ്പും ക്യാമ്പസുകളിലെ പ്രക്ഷുബ്ധതയും ഭരണകൂടത്തെ തെല്ലൊരു പരിഭ്രമത്തിലെത്തിച്ചിരിക്കുന്നു. അതുകൊണ്ടാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചൊതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിയുന്നത്. എന്നാല്‍ തെരുവിലിറങ്ങിയ വിദ്യാര്‍ഥി രോഷം വെന്നിക്കൊടി പാറിക്കാതെ പിന്‍മാറിയിട്ടില്ലെന്നത് ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയും ഫാസിസ്റ്റ് ഭരണകൂടത്തിന് ഉള്‍ക്കിടിലമുണ്ടാക്കുന്നതുമാണ്.
അടിച്ചമര്‍ത്തും തോറും ആളിപ്പടരുന്ന യുവശക്തിയെ ഉണര്‍ത്തിവിട്ടാല്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്ന പരിണിത ഫലമുണ്ടാകും എന്ന് ഭരണകൂടത്തെ പലരും ഉപദേശിക്കുന്നതും നാം കാണുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രവഴികള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടുന്ന, ബൗദ്ധിക കരുത്താര്‍ജിച്ച യുവതയുടെ അടയാളപ്പെടുത്തലുകള്‍ ഏറെയാണ്. ഒരുവേള ഉശിരു പോരെന്ന് പറഞ്ഞ് ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍നിര നായകരെ തന്നെ തള്ളിപ്പറഞ്ഞ പാരമ്പര്യമുള്ള ക്യാമ്പസുകളെ ലാത്തിയും തോക്കും കാട്ടി വരുതിക്ക് നിര്‍ത്താം എന്ന് കരുതുന്നത് മൗഢ്യമാണ്. ഉണര്‍ന്നിരിക്കുന്ന കലാലയങ്ങളില്‍ പഴയ വിപ്ലവ വീര്യം ചോര്‍ന്നിട്ടില്ലെന്ന് നമ്മളും കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒന്നും ക്ഷിപ്രസാധ്യമല്ലെന്ന് ഭരണകൂടം തിരിച്ചറിയട്ടെ.

സര്‍ സി പിയെപ്പോലും കൂസാത്ത പാരമ്പര്യമുണ്ട് കേരളത്തിലെ ക്യാമ്പസുകള്‍ക്ക്. ദിവാന്‍ ഭരണത്തെ എതിര്‍ത്ത് ലേഖനമെഴുതിയ നാരായണപ്പിള്ള എന്ന അഭിഭാഷകനെ ശിക്ഷിക്കാനൊരുങ്ങി സര്‍ സി പി. രക്ഷിക്കാന്‍ കോണ്‍ഗ്രസും. തിരുവനന്തപുരം വിക്ടോറിയ ജൂബിലി ഹാളിലായിരുന്നു അക്കാലത്ത് നിയമസഭ സമ്മേളിച്ചിരുന്നത്. തൊട്ടപ്പുറത്ത് മഹാരാജാസ് കോളജും. ദിവാന്‍ അനുകൂലികളായ സഭാംഗങ്ങളെ കൂവിവിളിക്കല്‍ മഹാരാജാസിലെ വിദ്യാര്‍ഥികളുടെ പതിവായിരുന്നു. നാരായണപ്പിള്ളക്കെതിരെ തിരിഞ്ഞ മുന്‍കോപിയായ ദിവാനോടുള്ള പ്രതിഷേധം വിദ്യാര്‍ഥികള്‍ തീര്‍ത്തത് കൂവല്‍ സദ്യയൊരുക്കിയായിരുന്നു. അടുത്ത ദിവസം ദിവാന്റെ പ്രതികാര നടപടി പ്രതീക്ഷിച്ചു കൊണ്ട് ജനം മഹാരാജാസിന് ചുറ്റും ഒത്തുകൂടി. വൈകുന്നേരത്തോടെ സര്‍ സി പിയുടെ കാര്‍ മഹാരാജാസിന്റെ ഗേറ്റിലെത്തി. ഒട്ടും പരിഭ്രമിക്കാതെ രൂക്ഷ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ തുടങ്ങിയ വിദ്യാര്‍ഥികള്‍ അതൊരു കൂട്ട കൂവിവിളിയില്‍ കൊണ്ടെത്തിച്ചതും സര്‍ സി പി ഇളിഭ്യനായി കാറില്‍ കയറി രക്ഷപ്പെട്ടതും ചരിത്രം. വര്‍ത്തമാന സാഹചര്യത്തില്‍ ജനാധിപത്യ രാജ്യം തന്നെയാണ് ഇന്ത്യ. എതിര്‍വാക്കിടമില്ലാത്ത തിരുവായകള്‍ക്ക് പ്രതാപം കത്തിച്ചുനിര്‍ത്തിയ സര്‍ സി പി ഒരു പാഠമാണ്. ഉറങ്ങാത്ത ക്യാമ്പസുകള്‍ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുക തന്നെ ചെയ്യും.

Latest