Connect with us

National

പൗരത്വ നിയമ ഭേദഗതിക്കെതിരെ സന; ഇത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മകളോട് ഗാംഗുലി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ തുറന്നടിച്ചു കൊണ്ടുള്ള ബി സി സി ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ മകള്‍ സനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വയറല്‍. ജാമിഅ മില്ലിയ ഇസ്ലാമിയ്യ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് നടത്തിയ അക്രമത്തിനെതിരായ തന്റെ പ്രതിഷേധം ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ ഖുശ്‌വന്ത് സിംഗിന്റെ 2003ല്‍ പ്രസിദ്ധീകരിച്ച “ദി എന്‍ഡ് ഓഫ് ഇന്ത്യ” എന്ന രചനയിലെ ഒരു ഭാഗം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തുകൊണ്ടാണ് സന ശക്തമായി പ്രതിഷേധമറിയിച്ചത്.

എന്നാല്‍, മകളുടെ പോസ്റ്റിനെ തള്ളി പിതാവ് തന്നെ രംഗത്തെത്തി. മകള്‍ ചെറുപ്പമാണെന്നും അവള്‍ക്ക് രാഷ്ട്രീയമറിയില്ലെന്നും ഗാംഗുലി പ്രതികരിച്ചു. പോസ്റ്റ് ശരിയല്ലെന്നും ഇത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മകളോട് ട്വിറ്ററിലൂടെ ഗാംഗുലി ആവശ്യപ്പെടുകയും ചെയ്തു. സനയുടെ ആര്‍ജവമുള്ള നിലപാടിനെ പിന്തുണച്ചും പ്രശംസിച്ചും നിരവധി പ്രതികരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്.

“തങ്ങള്‍ക്ക് തഴച്ചുവളരാന്‍ സമുദായത്തെയും ഗ്രൂപ്പുകളെയുമാണ് എല്ലാ ഫാസിസ്റ്റ് ഭരണകൂടങ്ങളും ഉപയോഗപ്പെടുത്തുന്നത്. ഒന്നോ രണ്ടോ ഗ്രൂപ്പില്‍ നിന്നാണ് അത് ആരംഭിക്കുന്നത്. എന്നാല്‍, അവിടം കൊണ്ടത് അവസാനിക്കില്ല. ഭീതിയും സ്പര്‍ധയും സൃഷ്ടിക്കുന്നത് തുടര്‍ന്നു കൊണ്ടു മാത്രമെ, വെറുപ്പിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കപ്പെട്ട ഒരു സംഘടനക്ക് നിലനില്‍ക്കാനാകൂ. മുസ്‌ലിമോ ക്രിസ്ത്യനോ ആണെന്നതു കൊണ്ടു മാത്രം തങ്ങള്‍ സുരക്ഷിതരാണെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്.

ഇടത് ചരിത്രകാരന്മാരെയും പാശ്ചാത്യ വിദ്യാഭ്യാസം നേടിയവരെയുമെല്ലാം സംഘ്പരിവാര്‍ നേരത്തെത്തന്നെ ലക്ഷ്യം വച്ചിട്ടുണ്ട്. നാളെ പാവാട ധരിക്കുന്ന സ്ത്രീകള്‍, മാംസ ഭക്ഷണം കഴിക്കുന്നവര്‍, വിദേശ സിനിമകള്‍ കാണുന്നവര്‍, ക്ഷേത്രങ്ങളിലേക്ക് വാര്‍ഷിക തീര്‍ഥാടനങ്ങള്‍ നടത്താത്തവര്‍, ആയുര്‍വേദ ദന്ത് മഞ്ചന് പകരം ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുന്നവര്‍, വൈദ്യന്മാര്‍ക്കു പകരം അലോപ്പതി ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നവര്‍, ജയ് ശ്രീറാം മുഴക്കുന്നതിനു പകരം ഹസ്തദാനം ചെയ്യുന്നവര്‍ എന്നിവര്‍ക്കെതിരെയെല്ലാം ഈ വെറുപ്പിന്റെ രാഷ്ട്രീയം ചെന്നെത്തും. ആരും സുരക്ഷിതരല്ല. ഇന്ത്യ നിലനില്‍ക്കണമെന്നുണ്ടെങ്കില്‍ നാം ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞേ മതിയാവൂ.”- ഖുശ്‌വന്ത് സിംഗിന്റെ പുസ്തകത്തിലെ ഈ ഭാഗമാണ് സന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.

Latest