Connect with us

Articles

രാസവിഷങ്ങള്‍ വേരിറക്കുന്നു

Published

|

Last Updated

പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയില്‍ കീടനാശിനി ശേഷിപ്പുകള്‍ മാരകമായ അളവില്‍ ഉണ്ടെന്നുള്ള പഠന റിപ്പോര്‍ട്ടുകള്‍ കേരള കാര്‍ഷിക സര്‍വകലാശാല പുറത്തു വിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. നിരോധിച്ച കീടനാശിനികള്‍ വ്യാപകമായി കേരളത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നും ഓര്‍ഗാനിക് ലേബലില്‍ വില്‍ക്കുന്നവയിലും, ഇക്കോ ഷോപ്പുകളില്‍ നിന്ന് വില്‍ക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും കീടനാശിനികളുടെ അംശം കണ്ടെത്തിയിരുന്നു. ഇവിടങ്ങളില്‍ നിന്ന് വില്‍ക്കുന്ന 17 ശതമാനം പച്ചക്കറികളിലും 19 ശതമാനം പഴങ്ങളിലും 50 ശതമാനം സുഗന്ധവ്യഞ്ജനങ്ങളിലും കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. ഇതിനിടെ ഇന്ത്യയില്‍ 176 തരം നിരോധിത കീടനാശിനികള്‍ ഉപയോഗിക്കുന്നതായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) പറയുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നോ അനുബന്ധ വകുപ്പുകളില്‍ നിന്നോ തുടര്‍ നടപടികളോ കര്‍ശന പരിശോധനകളോ കീടനാശിനി വിഷം ഒഴിവാക്കാനുള്ള മാര്‍ഗങ്ങളോ ഉണ്ടാകുന്നില്ലെന്നുള്ളത് നമ്മുടെ ഭരണ സംവിധാനങ്ങളുടെ പിടിപ്പുകേട് മാത്രമാണ്.

വിഷമയമായ പഴങ്ങളും പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണത്തില്‍ ഉപയോഗിച്ച് രോഗികളാകേണ്ട ഗതികേട് ഇവിടുത്തെ ജനങ്ങള്‍ക്കുണ്ടാകുന്നു എന്നത് നമ്മുടെ ദുര്‍ഗതിയായി മാത്രമേ കാണാനാകൂ. ശരീരത്തിന് വേണ്ട ധാതുലവണങ്ങള്‍, വൈറ്റമിനുകള്‍, വളര്‍ച്ചാ വസ്തുക്കള്‍ എന്നിവ ലഭിക്കുന്നതിന് പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെ ആശ്രയിച്ചേ മതിയാകൂ. വിശപ്പടക്കുന്നതിനും ഭക്ഷ്യവസ്തുക്കള്‍ കൂടിയേ തീരൂ. ഇതിലാണ് കീടനാശിനി രൂപത്തില്‍ വിഷം കടന്നുകൂടുന്നത്. പഴം, പച്ചക്കറി ചെടികളെ കീടബാധയില്‍ നിന്ന് രക്ഷിച്ചു ലാഭകരമായി വിളവ് ഉത്പാദിപ്പിക്കാനാണ് കീടനാശിനികള്‍ പ്രയോഗിക്കുന്നത്. എന്നാല്‍ വിളവെടുപ്പിനു ശേഷവും കീടനാശിനികളുടെ അംശം വിളകളില്‍ നിലനില്‍ക്കുന്നതാണ് നമ്മെ രോഗങ്ങളിലേക്കു തള്ളിവിടുന്നതിന് കാരണമാകുന്നത്. ആപ്പിള്‍, മുന്തിരി, തണ്ണിമത്തന്‍, ചുവന്ന ചീര, ഉരുളന്‍കിഴങ്ങ്, പച്ചമുളക്, തക്കാളി, മുരിങ്ങാക്കോല്‍, ബീന്‍സ്, കറിവേപ്പില, വെണ്ട, കാരറ്റ്, മല്ലി, ജീരകം, മല്ലിയില എന്നിവയിലെല്ലാം കീടനാശിനികളുടെ അംശം കണ്ടെത്തിയിട്ടുണ്ട്.

പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും കുറഞ്ഞ അളവില്‍ ശരീരത്തിലെത്തുന്ന മാരകമായ കീടനാശിനികള്‍ ശരീരത്തില്‍ നിന്ന് പുറത്തു പോകാതെ തങ്ങിനില്‍ക്കുകയും ബയോ മാഗ്‌നിഫിക്കേഷനിലൂടെ അവയവങ്ങളില്‍ കൂടിയ സാന്ദ്രതയിലെത്തുകയും ക്യാന്‍സറിലേക്ക് നയിക്കുകയുമാണുണ്ടാകുന്നത്. പലപ്പോഴും കിഡ്‌നി, ശ്വാസകോശം എന്നിവ പ്രവര്‍ത്തന രഹിതമാകുകയും ചെയ്യുന്നു. വയറിളക്കം, ക്ഷീണം, വിളര്‍ച്ച, ഛര്‍ദി എന്നീ രോഗ ലക്ഷണങ്ങളും കീടനാശിനികള്‍ കൂടിയ അളവില്‍ അകത്തു ചെല്ലുമ്പോള്‍ ഉണ്ടാകാറുണ്ട്. കീടനാശിനികള്‍ ഗര്‍ഭിണികളിലും കുട്ടികളിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇവരില്‍ രോഗപ്രതിരോധ ശേഷി കുറക്കുന്നതിനും, മാനസിക വൈകല്യങ്ങള്‍, ഓട്ടിസം എന്നിവ സൃഷ്ടിക്കാനും കീടനാശിനികള്‍ക്കു കഴിയും. ഇക്കോ ഷോപ്പുകള്‍, ഓര്‍ഗാനിക് പച്ചക്കറികള്‍ എന്നൊക്കെ പറഞ്ഞു വില്‍പ്പന നടത്തുന്നവക്ക് വിപണികളില്‍ വേണ്ടത്ര പരിശോധനകള്‍ ഇല്ലെന്നതാണ് വാസ്തവം. ഇവിടങ്ങളില്‍ പ്രതിദിനം വില്‍ക്കപ്പെടുന്ന പഴങ്ങളും പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും കീടനാശിനി രഹിതമാണെന്ന് ഏത് ഔദ്യോഗിക ഏജന്‍സിയാണ് സര്‍ട്ടിഫൈ ചെയ്തു നല്‍കുന്നത്? വിശ്വസിക്കാവുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടങ്ങളില്‍ ലഭ്യമല്ലെന്നത് വാസ്തവമാണ്. ഇത്തരം കടകളില്‍ പഴങ്ങളും പച്ചക്കറികളും സര്‍ട്ടിഫൈ ചെയുന്ന ഏജന്‍സികളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാറില്ല. ടെസ്റ്റ് റിസല്‍ട്ടുകള്‍ കാണിക്കാറുമില്ല.

കീടനാശിനി രഹിതമാണ് ഇക്കോ ഷോപ്പുകളിലെ പച്ചക്കറികള്‍ എന്ന് കരുതി കൂടുതല്‍ വില നല്‍കി പഴങ്ങളും പച്ചക്കറികളും വാങ്ങുന്നവര്‍ വഞ്ചിക്കപ്പെടുകയാണ്. ഇത്തരം പകല്‍ക്കൊള്ളകള്‍ പലപ്പോഴും ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ കണ്ടില്ലെന്നു നടിക്കുന്നു. പണം മുടക്കി സാധനം വാങ്ങുന്ന ഉപഭോക്താവിന് ലഭിക്കേണ്ട മിനിമം അവകാശം പോലും നിഷേധിക്കപ്പെടുകയാണ്. ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം നീതി നിഷേധങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുന്തിരിയിലും കോളിഫ്‌ളവറിലും സ്ഥിരമായി കണ്ടെത്തുന്ന കീടനാശിനികള്‍ നിരോധിക്കപ്പെട്ടവയാണ്. ഒരു വലിയ പ്രശ്‌നം മിക്കവാറും കീടനാശിനികള്‍ക്കും പഴങ്ങളിലും പച്ചക്കറികളിലും ഭക്ഷ്യ വസ്തുക്കളിലും അനുവദനീയമായ തോത് നിശ്ചയിക്കപ്പെട്ടിട്ടില്ല എന്നതാണ്.

നിയന്ത്രണങ്ങള്‍ എത്ര ഉണ്ടായാലും ഉപഭോക്താവിന് കീടനാശിനിയുടെ സാന്നിധ്യം മനസ്സിലാക്കണമെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്യണം. അല്ലെങ്കില്‍ ക്യാന്‍സര്‍ വരെ ഉണ്ടായേക്കാവുന്ന പ്രശ്‌നമാണിത്. നമ്മുടെ നിത്യ ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത പഴങ്ങളും പച്ചക്കറികളും വിഷരഹിതമാണെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു ജനങ്ങള്‍ക്കു നീതി ലഭ്യമാക്കണം.