Connect with us

Editorial

ആര്‍ക്കു വേണ്ടിയാണ് ഈ ഹര്‍ത്താല്‍?

Published

|

Last Updated

പൗരത്വ ഭേദഗതി ആക്ടിനെതിരെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെന്ന പോലെ കേരളത്തിലും പ്രതിഷേധം ശക്തമാണ്. ഭരണഘടനാ വിരുദ്ധമായ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ മതേതര കേരളം ഒറ്റക്കെട്ടാണ്. ഭേദഗതിക്കെതിരെ ഇന്നലെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന സത്യഗ്രഹ സമരത്തില്‍ കക്ഷിരാഷ്ട്രീയ വൈരം മറന്ന് സി പി എമ്മും കോണ്‍ഗ്രസും ഇതര രാഷ്ട്രീയ പാര്‍ട്ടികളും വിവിധ മത, സാംസ്‌കാരിക സംഘടനാ പ്രതിനിധികളും ഒന്നിച്ചണിനിരന്നു. കഴിഞ്ഞ വ്യാഴാഴ്ച മലപ്പുറത്ത് എസ് വൈ എസിന് കീഴില്‍ അത്യുജ്വല പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇ കെ സമസ്തയുടെ കീഴില്‍ കോഴിക്കോട്ടും ഗംഭീര റാലി നടന്നു. ജില്ലാ തലത്തിലും പ്രാദേശിക തലത്തിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു വരികയുമാണ്. എല്ലാം തികച്ചും സമാധാനപരം. വടക്കുകിഴക്കന്‍ മേഖലയിലും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അരങ്ങേറുന്നത് പോലെയുള്ള അക്രമത്തിന്റെ ലാഞ്ചന പോലും കടന്നു വന്നില്ല ഇതുവരെയും ഈ പ്രക്ഷോഭങ്ങളിലൊന്നും.

അതിനിടെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയും നിരോധിത തീവ്രവാദി സംഘടനയായ എന്‍ ഡി എഫ് രൂപം നല്‍കിയ പോപ്പുലര്‍ ഫ്രണ്ടും മാവോവാദി ചായ്‌വുള്ള ചില സംഘടനകളും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ധാര്‍മികമായി അംഗീകരിക്കാവുന്ന ഒരു സമരമല്ല, സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുകയും ജനജീവിതം താറുമാറാക്കുകയും ചെയ്യുന്ന, അക്രമത്തിലേക്ക് വഴുതിവീഴാന്‍ സാധ്യതയുള്ള ഹര്‍ത്താല്‍. സംസ്ഥാനത്ത് നടന്ന ബഹുഭൂരിഭാഗം ഹര്‍ത്താലുകളിലും ചെറിയ തോതിലെങ്കിലും അക്രമങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിട്ടുണ്ട്. മാത്രമല്ല, പൗരത്വ ഭേദഗതി ആക്ടിനെതിരെ സമാധാനപരമായി നടന്നു വരുന്ന സമര മുറകളെ പോലും അവതാളത്തിലാക്കാന്‍ സാധ്യതയുണ്ട് ഹര്‍ത്താലെന്നു വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

മണ്ഡലകാല പൂജയുടെ കാലമാണിത്. സംസ്ഥാനത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും അയ്യപ്പഭക്തന്മാര്‍ ശബരിമല ദര്‍ശനത്തിനു എത്തുന്ന ഈ ഘട്ടത്തില്‍ ഹര്‍ത്താലിന്റെ മറവില്‍ അവര്‍ക്കെതിരെ എന്തെങ്കിലും അക്രമങ്ങള്‍ അരങ്ങേറിയാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. അത് പൗരത്വ ഭേദഗതി ആക്ടിനെതിരായ പ്രതിഷേധക്കാരുടെ പേരില്‍ ചാര്‍ത്തപ്പെടുകയും സംഘ്പരിവാറിന് ആയുധമാകുകയും ചെയ്യും. 2018 ഏപ്രിലില്‍ കശ്മീരിലെ കത്‌വയില്‍ ഒരു നാടോടി മുസ്‌ലിം പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നതില്‍ പ്രതിഷേധിച്ചു നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താലിന്റെ കാര്യം മറക്കാറായിട്ടില്ല. അതിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങളുണ്ടായി. കത്‌വ സംഭവത്തിലെ ഇര മുസ്‌ലിമും പ്രതികള്‍ ഹിന്ദുത്വരുമായിരുന്നതിനാല്‍ മുസ്‌ലിംകളാണ് ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പിന്നിലെന്നാണ് ആദ്യത്തില്‍ പോലീസും പൊതുസമൂഹവും വിലയിരുത്തിയത്. അന്വേഷണത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്നും തീവ്രമുസ്‌ലിം സംഘടനകളെ പ്രകോപിപ്പിച്ചു സംസ്ഥാനത്ത് ഹിന്ദു- മുസ്‌ലിം ചേരിതിരിവു സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും വ്യക്തമായി. ഇരുളിന്റെ മറവില്‍ സ്‌ഫോടനങ്ങളും അക്രമങ്ങളും നടത്തി ക്രമസമാധാനഭംഗം സൃഷ്ടിക്കുകയും അത് മറ്റുള്ളവരുടെ പേരില്‍ ചാര്‍ത്തി ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് സംഘ്പരിവാറിന്റെ പ്രവര്‍ത്തന ശൈലി തന്നെയാണ്.

ഈ സാഹചര്യത്തില്‍ ഹര്‍ത്താലുമായി സഹകരിക്കേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മത, സാംസ്‌കാരിക സംഘടനകളുടെയും തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്, ഇന്നത്തെ ഹര്‍ത്താലിനെ തള്ളിപ്പറയുകയും പൗരത്വ ഭേദഗതിക്കെതിരെ കേരളത്തില്‍ വിശാലവും സമാധാനപരവുമായ ജനകീയ കൂട്ടായ്മ ഉയര്‍ന്നു വരുന്നതിനിടെ കടലാസ് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കുകയില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളും ഹര്‍ത്താലിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ യോഗവും ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞു. സുന്നി പ്രസ്ഥാനം നേരത്തേ തന്നെ ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയതാണ്. പൗരത്വ പ്രശ്‌നത്തില്‍ സമാധാനപരമായ സമരങ്ങളാണ് അഭികാമ്യമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉണര്‍ത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹര്‍ത്താലുമായി സഹകരിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഏത് കടലാസ് സംഘടനകള്‍ ആഹ്വാനം ചെയ്താലും ഭാഗികമായെങ്കിലും ഹര്‍ത്താല്‍ നടന്നെന്നിരിക്കും. നാശനഷ്ടം ഭയപ്പെട്ടു ബസുകളും പൊതുവാഹനങ്ങളും സര്‍വീസ് നിര്‍ത്തിവെച്ചേക്കാം. കല്ലേറും അക്രമവും ഭയന്നു ചിലയിടങ്ങളിലെങ്കിലും കടകമ്പോളങ്ങള്‍ പ്രവര്‍ത്തിച്ചില്ലെന്നു വരാം. ഇത് ഹര്‍ത്താലിന്റെ വിജയമായി കാണരുത്. ജനവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് ആര് നടത്തിയാലും ഈ സമരരീതി. കോടതികള്‍ ആവര്‍ത്തിച്ചു ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്. അഥവാ ഏതെങ്കിലും സംഘടന ഹര്‍ത്താലിനു ആഹ്വാനം ചെയ്യുകയാണെങ്കില്‍ തന്നെ ഏഴ് ദിവസം മുമ്പേ നോട്ടീസ് നല്‍കണമെന്നതുള്‍പ്പെടെ ചില നിബന്ധനകള്‍ കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. അതൊന്നും പാലിക്കാതെ നിയമവിരുദ്ധമായാണ് ഇന്നത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും അതില്‍ നിന്ന് പിന്‍മാറണമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെടുകയുണ്ടായി. ഹര്‍ത്താലുമായി മുന്നോട്ടു പോയാല്‍ ശക്തിയായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷ സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. അങ്ങനെ സംഭവിച്ചാല്‍ പൗരത്വ ഭേദഗതിക്കെതിരെ സമര രംഗത്തിറങ്ങിയ മതേതര പ്രസ്ഥാനങ്ങള്‍ക്കല്ല, പ്രക്ഷോഭത്തെ പരാജയപ്പെടുത്താന്‍ കച്ചകെട്ടി ഇറങ്ങിയ ഫാസിസ്റ്റു ശക്തികള്‍ക്കായിരിക്കും അതിന്റെ പ്രയോജനം.