Connect with us

National

പൗരത്വ നിയമം: പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാലുടന്‍ വെടിവെച്ച് കൊല്ലണമെന്ന് കേന്ദ്ര മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി രംഗത്ത്. പ്രക്ഷോഭത്തിനിടയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ അപ്പോള്‍ തന്നെ വെടിവെച്ചുകൊല്ലാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി റയില്‍വേ സഹമന്ത്രി സുരേഷ് അങ്കടി പറഞ്ഞു. പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് ബംഗാളിലെ മുര്‍ഷിദാബാദില്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടതിന് നാല് ദിവസത്തിന് ശേഷമാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന ആരെയും അധികൃതര്‍ വെടിവച്ചുകൊല്ലുമെന്ന മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി രംഗത്ത് വന്നത്.

ആരെങ്കിലും പൊതു സ്വത്ത് നശിപ്പിച്ചാല്‍ അവരെ വെടിവച്ചുകൊല്ലാമെന്ന് ജില്ലാ ഭരണകൂടത്തോടും റെയില്‍വേ അധികൃതരോടും താന്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്രമന്ത്രിയെന്ന നിലയിലാണ് താന്‍ ഈ നിര്‍ദേശം നല്‍കുന്നതെന്നും സുരേഷ് അങ്കടി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പശ്ചിമ ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിനകം തന്നെ റെയില്‍വേയ്ക്ക് ധാരാളം നഷ്ടങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അങ്കഡി പറഞ്ഞു. റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി 13 ലക്ഷം ജോലിക്കാര്‍ രാവും പകലും ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണയുള്ള ചില സാമൂഹിക വിരുദ്ധര്‍ രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഇവര്‍ക്കെതിരെ വല്ലഭായ് പട്ടേല്‍ ചെയ്തത് പോലെ പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിനെതിരെ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള യഥാര്‍ത്ഥ പൗരന്മാര്‍ക്ക് ഒരു ഭീഷണിയുമില്ലെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ തുടരാനുള്ള അവകാശം നല്‍കുന്നതെന്നും പ്രാദേശിക ന്യൂനപക്ഷങ്ങളെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest