Connect with us

National

'പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം'; സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. ഒന്‍പത് പാര്‍ട്ടികളിലെ 19 നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്.
ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്ന മോദി സര്‍ക്കാറിന് ഒട്ടും അനുകമ്പയില്ലെന്ന് രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സോണിയ മാധ്യമങ്ങളോട് പ്രതികരിച്ചു. പോലീസ് ജാമിയ വനിതാ ഹോസ്റ്റലില്‍ പ്രവേശിക്കുകയും വിദ്യാര്‍ഥികളെ വിലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ഉദാഹരണം നമുക്ക് മുന്നിലുണ്ടന്നും സോണിയ പറഞ്ഞു. രാജ്യം മുഴുവന്‍ ഗുരുതരമായ സ്ഥിതിവിശേഷത്തിലാണ് . പ്രതിഷേധം ഇനിയും വ്യാപിച്ചേക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. പ്രതിഷേധത്തില്‍ പോലീസ് ഇടപെട്ട രീതിയില്‍ ഞങ്ങള്‍ക്ക് കഠിനവേദനയുണ്ട് – സോണിയ ഗാന്ധി പറഞ്ഞു

വിഷയത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നു നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ഏതാണ്ട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിയമം പിന്‍വലിക്കണമെന്ന ആവശ്യമാണുള്ളതെന്നും ഇത് സമൂഹത്തെ ഭിന്നിപ്പിക്കുന്ന നിയമമാണന്നും നേതാക്കള്‍ രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, എ കെ ആന്റണി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, സിപിഎം സെക്രട്ടറി ജനറല്‍ സീതാറാം യെച്ചൂരി, ആര്‍ജെഡിയുടെ മനോജ് കുമാര്‍ ജാ, സിപിഐയുടെ ഡി രാജ, ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഓബ്രയന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താനെത്തിയത്.

വിവിധ ക്യമ്പസുകളില്‍ നടക്കുന്ന പോലീസ് അതിക്രമം തടയുന്നതിന് രാഷ്ട്രപതി ഇടപെടണമെന്ന ആവശ്യവും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പ് രാഷ്ട്രപതിയില്‍ നിന്ന് നേതാക്കള്‍ക്ക് ലഭിച്ചിട്ടില്ല.

Latest