Connect with us

Gulf

ചികിത്സക്ക് പണമില്ല; ദുരിതത്തിലായ പാക് കുടുംബത്തിന് സഹായ ഹസ്തവുമായി ബുര്‍ജീല്‍ ആശുപത്രി

Published

|

Last Updated

അബൂദബി | സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് കുട്ടികളുടെ ചികിത്സ മുടങ്ങിയ പാക് കുടുംബത്തിന് സഹായവുമായി വി പി എസ് ഹെല്‍ത്ത് കെയറിന് കീഴിലുള്ള ബുര്‍ജീല്‍ ആശുപത്രിയും ഇന്ത്യന്‍ പ്രവാസികളും. ബിസിനസ് തകര്‍ന്നത് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാന്‍ സ്വദേശി അഹമ്മദ് ഗുലാമിന്റെ കുടുംബത്തിനാണ് സഹായം. കുടുംബത്തിന്റെ ദയനീയാവസ്ഥ മാധ്യമ വാര്‍ത്തകളിലൂടെ അറിഞ്ഞാണ് ആശുപത്രി അധികൃതര്‍ സൗജന്യ ചികിത്സ നല്‍കാന്‍ മുന്നോട്ടുവന്നത്.

അഹമ്മദിന്റെ അഞ്ചു വയസുള്ള മകന്‍ മുഹമ്മദ് അബ്ബാന്റെ മൂത്രദ്വാരത്തിലെ “ഹൈപ്പോസ്പാഡിയാസ്” എന്ന വൈകല്യത്തിനാണ് ചികിത്സ വേണ്ടിയിരുന്നത്. സഹോദരന്‍ മുഹമ്മദ് ആരിസിന് ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ക്കും. ദൈനംദിന ചെലവിനോ കുട്ടികളുടെ ചികിത്സക്കോ വഴിയില്ലാതെ കഴിയുകയായിരുന്നു കുടുംബത്തിന്റെ അവസ്ഥ ആറിഞ്ഞതോടെ കുടുംബത്തോട് ഡോക്ടര്‍മാരെ കാണാനായി എത്താന്‍ ബുര്‍ജീല്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. പരിശോധനകള്‍ക്ക് ശേഷം അബ്ബാനെ സൗജന്യമായി ശസ്ത്രക്രിയക്ക് വിധേയനാക്കി.

ശസ്ത്രക്രിയ വിജയകരമാണെന്നും കുട്ടിയുടെ ഭാവിയെ തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടായിരുന്ന അവയവ തകരാര്‍ പരിഹരിക്കപ്പെട്ടുവെന്നും പീഡിയാട്രിക് സര്‍ജറി കണ്‌സള്‍ട്ടന്റ് ഡോ. അമിന്‍ എല്‍ ഗഹാരി പറഞ്ഞു.
കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് വി പി എസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. രക്ഷിതാക്കള്‍ ഭയന്നതുകൊണ്ട് കാര്യങ്ങള്‍ കൈവിട്ടു പോകാമായിരുന്നു. എത്രയും വേഗം ഡോക്ടര്‍മാരുടെ അടുത്തെത്തിക്കാനായത് സഹായകരമായി. രണ്ടാമത്തെ കുട്ടിക്ക് ചികിത്സ നല്‍കാനായി ഡോക്ടര്‍മാര്‍ പരിശോധന തുടരുകയാണെന്ന് ബുര്‍ജീല്‍ ആശുപത്രി സി ഇ ഒ. ജോണ് സുനില്‍ അറിയിച്ചു.

അതേസമയം, അപ്രതീക്ഷിതമായി സഹായം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് രക്ഷിതാക്കളായ അഹമ്മദ് ഗുലാമും മഹ്ജാബീനും. മകന് ലഭിച്ചത് രണ്ടാം ജന്മമാണെന്ന് മഹ്ജാബീന്‍ പറഞ്ഞു. “ബുദ്ധിമുട്ടുകള്‍ അറിഞ്ഞു പല കോണുകളില്‍ നിന്നും സഹായം എത്തി. പാകിസ്ഥാനില്‍ നിന്നുള്ള പ്രവാസികള്‍ക്കൊപ്പം ഇന്ത്യക്കാരും സഹായിച്ചത് അമ്പരപ്പിച്ചു. സാധാരണക്കാരായ പ്രവാസികള്‍ പോലും അതിലുണ്ടായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മതത്തിന്റെ പേരില്‍ വിഭജനം ഇല്ലെന്നതിന് ഇതു തന്നെ തെളിവാണ്. ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി. രണ്ടാമത്തെ കുട്ടിയുടെ ചികിത്സക്കും സഹായം ലഭിക്കണേയെന്നാണ് ഇപ്പോഴത്തെ പ്രാര്‍ഥന.”

ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്നുള്ള കടബാധ്യത കാരണം നിയമ നടപടികള്‍ ഭയന്ന് കഴിയുകയാണ് അഹമ്മദ് ഗുലാം. എവിടെയെങ്കിലും തൊഴില്‍ ലഭിക്കാന്‍ സുമനസ്സുകള്‍ കനിയുമെന്നാണ് ഗുലാമിന്റെ പ്രതീക്ഷ.

---- facebook comment plugin here -----

Latest