Connect with us

National

തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന ഭൂരിപക്ഷം ഭൂരിപക്ഷ ഹിതം നടപ്പിലാക്കാനുള്ള അവകാശമല്ല: പ്രണബ് മുഖര്‍ജി

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്നത് ഭൂരിപക്ഷത്തിന്റെ ഹിതം നടപ്പിലാക്കാനുള്ള അവകാശമല്ലെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പൗരത്വ നിയമ ഭേദഗതിയുടെയും അതുമായി ബന്ധപ്പെട്ട സമരങ്ങളുടെയും പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശമാണ് തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നത്. അല്ലാതെ, ഭൂരിപക്ഷത്തിന്റെ ഹിതം നടപ്പിലാക്കാനുള്ള അവകാശമല്ല. ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വാജ്‌പെയ് അനുസ്മരണ പ്രഭാഷണത്തില്‍ പ്രസംഗിക്കുക്കയായിരുന്നു മുന്‍ രാഷ്ട്രപതി.

വര്‍ഗീയമായ നടപടികളും വിഭജന ശ്രമങ്ങളും അംഗീകരിക്കാനാകില്ല. 12,69,219 ചതുരശ്ര മൈല്‍ വരുന്ന നമ്മുടെ രാജ്യത്ത് ഏഴ് പ്രധാന മതങ്ങളും 122 ഭാഷകളും 1600 ദേശഭാഷകളുമുണ്ട്. ഇതിനെയെല്ലാം ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ഭരണഘടന പ്രതിനിധാനം ചെയ്യുന്നുണ്ട്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്തിരുന്നയാളാണ് വാജ്‌പെയ്. പ്രത്യയശാസ്ത്രപരമായ പക്ഷം നിലനിര്‍ത്തിക്കൊണ്ടു തന്നെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാണ് അദ്ദേഹം ശ്രമിച്ചത്. 1952 മുതല്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് വന്‍ ഭൂരിപക്ഷം ജനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ആര്‍ക്കും അമ്പത് ശതമാനത്തിലധികം വോട്ട് നല്‍കിയിട്ടില്ലെന്നും പ്രണബ് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.