Connect with us

Kerala

പൗരത്വ ഭേദഗതി നിയമം: റിപ്പബ്ലിക് ദിനത്തില്‍ എല്‍ഡിഎഫ് മനുഷ്യച്ചങ്ങല തീര്‍ക്കും

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള തുടര്‍ പേരാട്ടത്തില്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് സംസ്ഥാനത്ത് എല്‍ഡിഎഫ് മനുഷ്യചങ്ങല തീര്‍ക്കും. കാസര്‍കോട് മുതല്‍ തിരുവനനന്തപുരം വരെ തീര്‍ക്കുന്ന മനുഷ്യചങ്ങലയില്‍ സഹകരിക്കുന്ന മുഴുവന്‍ കക്ഷികളെയും കണ്ണിചേര്‍ക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന തീരുമാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ദുര്‍നയങ്ങളെ എതിര്‍ക്കുന്ന എല്ലാവരെയും ചങ്ങലയില്‍ പങ്കാളികളാക്കും. ഇതിന് മുന്നോടിയായി ജില്ലകളില്‍ എല്‍ഡിഎഫ് പ്രചാരണജാഥകള്‍ സംഘടിപ്പിക്കും. അതേസമയം ബിജെപി നിലപാടുകള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന സംഘടനകളെ മനുഷ്യചങ്ങലയില്‍ സഹകരിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ സംയുക്ത സത്യഗ്രഹം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള നല്ല പ്രതികരണമായെന്ന് എല്‍ഡിഎഫ് യോഗം വിലയിരുത്തിയതായി വിജയരാഘവന്‍ അറിയിച്ചു. കേരളം മതനിരപേക്ഷതയ്ക്ക് ഒപ്പമാണെന്ന് സര്‍ക്കാരും പ്രതിപക്ഷവും കക്ഷിനേതാക്കളും പങ്കെടുത്ത സംയുക്ത സത്യഗ്രഹത്തിന് പ്രഖ്യാപിക്കാനായി. കേരളത്തിന് അഭിമാനകരവും ആവേശകരവുമായ അനുഭവമാണ് സംയുക്ത സത്യഗ്രഹം പകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച 14 ജില്ലാ കേന്ദ്രങ്ങളിലും എല്‍ഡിഎഫ് നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വര്‍ഗീയ സംഘടന ആഹ്വാനം ചെയ്ത ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Latest