Connect with us

National

സംസ്ഥാനങ്ങള്‍ക്ക് 35,325 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക നല്‍കിയതായി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | ജിഎസ്ടി കൗണ്‍സില്‍ ബുധനാഴ്ച ചേരാനിരിക്കെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജിഎസ്ടി നഷ്ടപരിഹാരമായി 35,298 കോടി രൂപ നല്‍കിയതായി കേന്ദ്ര പരോക്ഷനികുതി, കസ്റ്റംസ് ബോര്‍ഡ് (സിബിഐസി) അറിയിച്ചു. ജിഎസ്ടി നഷ്ടപരിഹാരത്തുക നല്‍കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കേരളമടക്കം ഏഴ് സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

ജിഎസ്ടി പിരിവ് വൈകിയതിനാല്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനും നികുതി അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നടപടികളെക്കുറിച്ച് ബുധനാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ജിഎസ്ടി പിരിവ് ബജറ്റ് എസ്റ്റിമേറ്റുകളിലേതിനേക്കാള്‍ 40% കുറഞ്ഞിരുന്നു. ഇത് കേന്ദ്രത്തിന് മൊത്തം 80,000 കോടി രൂപയുടെ വരുമാന നഷ്ടത്തിനിടയാക്കി. മൊത്തം നികുതി വരുമാന കുറവ് 2.03 ലക്ഷം കോടി രൂപ വരെയാകാം.

അതേസമയം, ജിഎസ്ടി സ്ലാബുകളില്‍ നിരക്ക് വര്‍ദ്ധനവിന് സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആറ് വര്‍ഷത്തിനിടെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയില്‍ വളരുന്ന സമയത്ത് ജിഎസ്ടി നിരക്ക് ഉയര്‍ത്തുന്നതിനെതിരെ ഇന്ത്യയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ സംസ്ഥാനങ്ങളുമായി ജിഎസ്ടി നിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച് കേന്ദ്രം ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെങ്കിലും 28% റേറ്റ് സ്ലാബില്‍ കൂടുതല്‍ ആഡംബര വസ്തുക്കള്‍ ഉള്‍പ്പെടുത്തുമെന്നും സ്വര്‍ണത്തിന്റെ ജിഎസ്ടി മൂന്നില്‍ നിന്ന് അഞ്ചായി ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജിഎസ്ടി നിരക്ക് ഉയര്‍ത്തിയാല്‍ കൂടുതല്‍ വരുമാനം നേടുന്നതിനായി സംസ്ഥാനങ്ങള്‍ ജിഎസ്ടിക്ക് പുറത്തുള്ള ഗതാഗത ഇന്ധനത്തിന്റെ വാറ്റ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം ഭയപ്പെടുന്നുണ്ട്. ഇത് പെട്രോളിലെയും ഡീസലിലെയും പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും പൊതുജന രോഷത്തിനും ഇടയാക്കും.