Connect with us

International

ബ്രക്‌സിറ്റ് ബില്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍

Published

|

Last Updated

ലണ്ടന്‍  |പാര്‍ലിമെന്റില്‍ ഭൂരിപക്ഷം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബ്രക്‌സിറ്റ് ബില്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ജോണ്‍സണ്‍ വക്താവ് അറിയിച്ചു. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്റെ വിടുതല്‍ വാങ്ങുന്ന ബില്‍ ഈ ക്രിസ്മസിന് മുമ്പ് തന്നെ നടപ്പാക്കുമെന്നാണ് ജോണ്‍സണ്‍ വ്യക്തമാക്കിയത്. സ്പീക്കറുമായുള്ള ചര്‍ച്ചക്ക് ശേഷം ഭരണഘടനാപരമായ വഴിയിലൂടെ തന്നെ ഇത് നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

പാര്‍ലിമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ ഈ വര്‍ഷം തന്നെ ബ്രിട്ടന് ഇ യുവില്‍ നിന്ന് പൂര്‍ണമായ വിടുതല്‍ (ബ്രക്‌സിറ്റ്) ലഭിക്കുന്ന ബില്‍ പാസ്സാകുമെന്നാണ് വിലയിരുത്തല്‍. ഇ യു രാജ്യങ്ങളുമായുള്ള വ്യാപാര കരാര്‍ നിലനിര്‍ത്തിക്കൊണ്ടാകും ബ്രക്‌സിറ്റ് നടപ്പാക്കുക. ഉപാധികളില്ലാതെ തന്നെ ഇത് നടപ്പാക്കാനുള്ള തീരുമാനമാണ് ജോണ്‍സണ്‍ സര്‍ക്കാറിന്റേത്.
അതിനിടെ, ബോറിസ് ജോണ്‍സന്റെ വലിയ തിരഞ്ഞെടുപ്പ് വിജയം ബ്രിട്ടനില്‍ മൂന്ന് വര്‍ഷമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് അവസാനമൊരുക്കുകയും യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോകുന്നതിനുള്ള നടപടികള്‍ക്ക് വേഗം കൂട്ടുകയും ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായി. 2020 ജനുവരി 31ന് ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുമെന്നായിരുന്നു ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചത്.

650ല്‍ 365 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ജോണ്‍സണ്‍ രണ്ടാമതും അധികാരത്തിലേറുന്നത്. പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് 203 സീറ്റ് മാത്രമാണ് ലഭിച്ചത്. എസ് എന്‍ പിക്ക് 48 സീറ്റ് ലഭിച്ചിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ നിന്ന് ജോണ്‍സണിന് അനുകൂലമായ തരംഗമാണ് ദൃശ്യമായത്.
ബ്രിട്ടീഷ് രാജ്ഞി വ്യാഴാഴ്ച ഔദ്യോഗികമായി പാര്‍ലിമെന്റ് തുറക്കും. ഔദ്യോഗിക നടപടി ക്രമങ്ങള്‍ക്ക് ശേഷം ആദ്യത്തെ ചര്‍ച്ച ബ്രക്‌സിറ്റായിരിക്കും.

Latest