Connect with us

തിരുവനന്തപുരം | പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം വിജയിക്കുക തന്നെ ചെയ്യുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നുവെന്നത് ഏറെ സ്വാഗതാര്‍ഹമായ കാര്യമാണ്. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി സംഘടിപ്പിച്ച സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലിത്. ഭരണഘടനയുടെ മൗലികമായ ആശയത്തെ പൊളിച്ചെഴുതി ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്നത് രാജ്യത്തിന്റെ കെട്ടുറപ്പിനെയും ഭദ്രതയേയും ബാധിക്കും. ജനവിരുദ്ധമായ നടപടിക്കെതിരെ ഇത്തരത്തിലൊരു ഒത്തുചേരല്‍ രൂപപ്പെടുത്തിയ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും അഭിനന്ദിക്കുന്നതായി കാന്തപുരം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ ജാമിഅ മില്ലിയയില്‍ ഉള്‍പ്പടെ സമാനതകളില്ലാത്ത അക്രമമാണ് നടക്കുന്നത്. അക്രമം ഒന്നിനും പ്രതിവിധിയല്ല. അതാണ് ഹര്‍ത്താലിനെ പോലും പിന്തുണക്കാതിരുന്നത്. ഇന്ത്യയുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഒത്തുചേര്‍ന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം സംരക്ഷണത്തിന് വേണ്ടിയല്ല.

ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ സമാധാനപരമായി നടത്തിയ സമരത്തെ ക്രൂരമായി നേരിടുകയും ആപത്കരമായ രീതിയില്‍ പെരുമാറുകയും ചെയ്ത നിയമപാലകരുടെ നടപടി തികച്ചും അപലപനീയമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ പെടുന്ന ഈ സ്ഥാപനത്തില്‍ അനുമതിയില്ലാതെ പ്രവേശിക്കുകയും വിദ്യാര്‍ഥികളെ ദ്രോഹിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തവര്‍ നിയമപാലനത്തിനു യോജിച്ചവരല്ല. രാജ്യത്തിന്റെ സമാധാനം നിലനിറുത്തുന്നതിലാവണം പോലീസ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.