Connect with us

National

ഉന്നാവോ ബലാത്സംഗ കേസ്‌: മുന്‍ ബി ജെ പി എം എല്‍ എ. സെന്‍ഗര്‍ കുറ്റക്കാരന്‍

Published

|

Last Updated

ന്യൂഡല്‍ഹി: യു പിയിലെ ഉന്നാവോയില്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി ജെ പി നേതാവും യു പി മുന്‍ എം എല്‍യുമായ എ. കുല്‍ദീപ് സിംഗ് സെന്‍ഗര്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹി അതിവേഗ കോടതി. ശിക്ഷ ഡിസംബര്‍ 19ന് വിധിക്കും. സെന്‍ഗറിന്റെ ബന്ധുവും കൂട്ടു പ്രതിയുമായ ശശി സിംഗിന് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നതായും വിധി പ്രസ്താവിച്ച ജഡ്ജി ധര്‍മേന്ദ്ര കുമാര്‍ വ്യക്തമാക്കി.

2017ല്‍ ജോലി ആവശ്യവുമായി തന്റെ മുമ്പിലെത്തിയ പെണ്‍കുട്ടിയെയാണ് സെന്‍ഗര്‍ ബലാത്സംഗം ചെയ്തത്. സെന്‍ഗറിനെതിരായബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍സി ബി ഐക്ക് കഴിഞ്ഞതായി കോടതി പറഞ്ഞു. കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായും കണ്ടെത്തിയെന്ന് ജഡ്ജി വ്യക്തമാക്കി.
സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് പ്രതിക്കെതിരായ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നത്. കേസില്‍ ഒമ്പത് പ്രതികളാണ് ഉണ്ടായിരുന്നത്. മറ്റു പ്രതികളുടെ വിധി പ്രസ്താവിച്ചിട്ടില്ല.

സര്‍ക്കാറിലും പോലീസിലും വലിയ സ്വാധീനമുള്ള സെന്‍ഗറിനെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കാന്‍ ഇരയുടെ കുടുംബത്തിന് ഏറെ പണിപ്പെടേണ്ടി വന്നിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ പിന്നീട് പോലീസ് കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെട്ടു. കേസ് നടന്നുകൊണ്ടിരിക്കെ 2019 ജൂലൈയില്‍ പെണ്‍കുട്ടിയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച് ബന്ധുക്കളായ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഏറെ നാളത്തെ ചികിത്സക്കൊടുവിലാണ് രക്ഷപ്പെട്ടത്.

Latest