Connect with us

National

രാജ്യത്തെ ക്യാമ്പസുകളില്‍ ആളിപ്പടര്‍ന്ന് പ്രതിഷേധാഗ്നി

Published

|

Last Updated

ലഖ്‌നോവിലെ ദാറൂല്‍ ഉലൂം അറബിക് കോളജ് (നദ്‌വ കോളജ്)

ന്യൂഡല്‍ഹി ലഖ്‌നോ | രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്തെ ക്യാമ്പസുകളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലുമായി കൂടുതല്‍ കരുത്താര്‍ജിക്കുന്നു. ഡല്‍ഹി ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്. എ ബി വി പി ഒഴികെയുള്ള മുഴുവന്‍ വിദ്യാര്‍ഥി സംഘടനകളും സമരമുഖത്താണ്. പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു സംഘടനയുടേയും ബാനറിലല്ലാതെ വിദ്യാര്‍ഥികല്‍ ഒറ്റക്കെട്ടായി പ്രതിഷേധ മുഖത്തേക്ക് ഇറങ്ങുന്നതാണ് കാണുന്നത്.

ഡൽഹി പോലീസ് ആസ്ഥാനം

അലിഗഢ് യൂനിവേഴ്സിറ്റി, ജെ എന്‍ യു, കൊല്‍ക്കത്ത സര്‍വ്വകലാശാല, ഹൈദരാബാദിലെ മൗലാനാ ആസാദ് ഉറുദു സര്‍വ്വകലാശാല, ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, മദ്രാസ് ഐ ഐ ടി, പോണ്ടിച്ചേരി യൂണിവേഴ്‌സ്റ്റി, ലഖ്‌നോവിലെ ദാറൂല്‍ ഉലൂം അറബിക് കോളജ് (നദ്‌വ കോളജ്), കേരളത്തില്‍ കുസാറ്റ് അടക്കമുള്ള ഭൂരിഭാഗം ക്യാമ്പസുകളിലും പ്രതിഷേധം നടക്കുകയാണ്.

കുസാറ്റ്

ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഉത്തര്‍പ്രദേശ് ലഖ്‌നോവിലെ ദാറൂല്‍ ഉലൂം അറബിക് കോളജില്‍ (നദ്‌വ കോളജ്) വിദ്യാര്‍ഥികള്‍ രാവിലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിന് ശേഷം വിദ്യാര്‍ഥികള്‍ ക്യാമ്പസിലേക്ക് മടങ്ങി. എന്നാല്‍ പോലീസ് ഗേറ്റിന് സമീപത്ത് നിലയുറപ്പിച്ചതോടെ ക്യാമ്പസ് പരിസരം സംഘര്‍ഷാവസ്ഥയിലാണ്.

അലിഗഢ് യൂനിവേഴ്സിറ്റി

പോലീസ് ക്യാമ്പസിന് പുറത്ത് പ്രകോപനം സൃഷ്ടിക്കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. ക്യാമ്പസിനുള്ളില്‍ നിന്ന് വിദ്യാര്‍ഥികളും പുറത്ത് നിന്ന് പോലീസും കല്ലേറും നടക്കുന്നുണ്ട്. വലിയ സംഘര്‍ഷാവസ്ഥയാണ് സ്ഥലത്ത് നിലനില്‍ക്കുന്നത്.

ഹൈദരാബാദിലെ മൗലാനാ ആസാദ് ഉറുദു സര്‍വ്വകലാശാലയില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നൂറ്കണക്കിന് വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധം തീര്‍ക്കുകയാണ്. മുബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ചാണ് പ്രക്ഷോഭം. ഇവിടത്തെ രണ്ടായിരത്തോളം വിദ്യാര്‍ഥികളാണ് ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച് തെരുവില്‍ പ്രതിഷേധിച്ചത്.

അലിഗഢ് സർവകലാശാലയിലും പോലീസ് നരനായാട്ട്

അലിഗഢ് | ഉത്തർ പ്രദേശിലെ അലിഗഢ് മുസ്‌ലിം സർവകലാശാലയിലും പോലീസ് നരനായാട്ട്. ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയായിരുന്നു യു പി പോലീസിന്റെ നടപടി. കാമ്പസിനകത്ത് നടത്തിയ സമരത്തിന് നേരെ പോലീസ് ആക്രമണം അഴിച്ചു വിടുകയായിരുന്നു. ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. യൂനിവേഴ്‌സിറ്റിയുടെ പ്രധാന കവാടത്തിൽ തമ്പടിച്ച് പ്രതിഷേധിക്കുകയായിരുന്നു വിദ്യാർഥികൾ. കല്ലേറ് നടത്തിയെന്നും പറഞ്ഞായിരുന്നു പോലീസിന്റെ ലാത്തിച്ചാർജ്. പ്രധാന ഗേറ്റ് കടന്ന് നൂറ് മീറ്ററോളം ഉള്ളിലേക്ക് കടന്നു പോലീസ്.
പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചു. ക്യാമ്പസിൽ രാത്രി വൈകിയും സംഘർഷാവസ്ഥ തുടരുകയാണ്. പരുക്കേറ്റവരെ സമീപത്തെ ജെ എൻ എം സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെ പോലീസ് കാമ്പസിനകത്തെത്തി വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നുവെന്ന് അലിഗഢ് വിദ്യാർഥികൾ പറഞ്ഞു.

സംഭവവികാസങ്ങളെ തുടർന്ന് ജനുവരി അഞ്ച് വരെ അലിഗഢ് സർവകലാശാല അടച്ചു. അതുവരെ ക്ലാസുകളും പരീക്ഷകളുമുണ്ടാകില്ലെന്ന് രജിസ്ട്രാർ അബ്ദുൽ ഹാമിദ് അറിയിച്ചു. നഗരത്തിൽ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.