Connect with us

Kerala

പ്രക്ഷോഭം നാടിന്റെ നിലനില്‍പ്പിന് വേണ്ടി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ ഇന്ന് നടക്കുന്ന സംയുക്ത പ്രതിഷേധം നാടിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിലൂടെ മതേതര ഇന്ത്യയെ കശാപ്പുചെയ്യുകയാണ്. അതിനു നേതൃത്വം വഹിക്കുന്നത് രാജ്യം ഭരിക്കുന്ന കക്ഷി തന്നെയാണ്. ആ കക്ഷിയെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റു സ്വഭാവമുള്ള ആര്‍ എസ് എസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പേജിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ സംയുക്ത സത്യഗ്രഹം നടത്തുകയാണ്. ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിത്തറ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഐക്യത്തിലൂന്നിയ സഹവര്‍ത്തിത്വമാണ്. മതേതര രാഷ്ട്രം എന്ന് നാം പറയുന്നത്, എല്ലാ മതത്തില്‍ പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും സ്വതന്ത്രമായി, ഭയമില്ലാതെ ജീവിക്കാനാവുന്ന നാടാണ് നമ്മുടേത് എന്നത് കൊണ്ടാണ്. ആ സവിശേഷതകള്‍ക്കു കാവലാളാണ് രാജ്യത്തിന്റെ ഭരണഘടന. ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ ആദ്യത്തെ ആക്രമണം ഭരണഘടനയ്ക്ക് നേരെ ആകുന്നതിന്റെ കാരണവും അത് തന്നെയാണ്. സാമ്രാജ്യത്വത്തിന്റെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിച്ച എല്ലാത്തിനെയും; എല്ലാ സ്മരണകളെയും പ്രതീകങ്ങളെയും ആക്രമിക്കുകയാണ്. ഗാന്ധിജിയുടെ ചിത്രത്തെപ്പോലും വെടിവെച്ചു കൊല്ലുന്നു. ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ മതേതര ഇന്ത്യയെ കശാപ്പുചെയ്യുകയാണ്. അതിനു നേതൃത്വം വഹിക്കുന്നത് രാജ്യം ഭരിക്കുന്ന കക്ഷി തന്നെയാണ്. ആ കക്ഷിയെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റു സ്വഭാവമുള്ള ആര്‍ എസ് എസാണ്.

മതത്തെ അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്ന ഭരണഘടനാവിരുദ്ധമായ നിയമമാണ് പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിന്റെ തുടര്‍ച്ചയായി ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരുന്നു. വലിയ ആശങ്കയാണ് ഈ നിയമം ജനങ്ങളില്‍ സൃഷ്ടിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് വൈകാരികമായ പ്രതിഷേധപ്രകടനങ്ങള്‍. ഇത്തരം ഒരു കരിനിയമം ജനാധിപത്യത്തിഒല്‍ വിശ്വസിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാവില്ല. കേരളത്തില്‍ ഒറ്റക്കെട്ടായ പ്രതിരോധം ഉയരുന്നതിന്റെ പശ്ചാത്തലം ഇതാണ്.

സംസ്ഥാനത്തെ ഭരണപ്രതിപക്ഷ നേതൃത്വവും സമൂഹത്തിലെ പ്രമുഖ വ്യക്തികളും സംഘടനകളും ഒത്തൊരുമിച്ചു പ്രതിഷേധമായി രംഗത്തിറങ്ങുകയാണ്. അതിന്റെ തുടക്കം എന്ന നിലയില്‍ തിങ്കളാഴ്ച രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ സത്യഗ്രഹ സമരം നടക്കും. ഈ സത്യഗ്രഹം നാടിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.