Connect with us

Editorial

ബോറിസ് ജോണ്‍സന്റെ വിജയവും ബ്രെക്‌സിറ്റിന്റെ വേഗവും

Published

|

Last Updated

ബ്രിട്ടീഷ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിപദത്തില്‍ തിരിച്ചെത്തുമ്പോള്‍ തീവ്രവലതുപക്ഷ ആശയഗതി ഒരു ചുവടു കൂടി വെച്ചിരിക്കുകയാണ്. കുടിയേറ്റവിരുദ്ധതയും ഇടുങ്ങിയ ദേശീയതയും എങ്ങനെയാണ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് കളമൊരുക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബ്രിട്ടനില്‍ കണ്ടത്. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് രാജ്യം പുറത്ത് കടക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനുള്ള പുറപ്പാടിലാണ് ബോറിസ് ജോണ്‍സണ്‍. ബ്രിട്ടന്‍ മറ്റ് നിരവധിയായ രാജ്യങ്ങളുമായുണ്ടാക്കിയ സാമ്പത്തിക, വാണിജ്യ കരാറുകള്‍ മുഴുവന്‍ പുതുക്കിപ്പണിയുന്നതിനും തൊഴില്‍ അന്വേഷകര്‍ക്കും അഭയാര്‍ഥികള്‍ക്കും മുമ്പില്‍ അതിര്‍ത്തി കൊട്ടിയടക്കുന്നതിനും കാരണമാകുന്ന ബ്രെക്‌സിറ്റ് വേഗത്തില്‍ നടപ്പാക്കുന്നതിനുള്ള അവസരമായാണ് തന്റെ ഉജ്ജ്വല വിജയത്തെ ജോണ്‍സണ്‍ കാണുന്നത്. ഈ ദിശയിലുള്ള തിരക്കിട്ട ചര്‍ച്ചകള്‍ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ബ്രെക്‌സിറ്റ് അത്ര എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാകില്ലെന്ന സന്ദേശം ഇ യു അധികൃതര്‍ നല്‍കിയിട്ടുണ്ട്. സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൃത്യമായ ഒരു വേര്‍പിരിയല്‍ കരാര്‍ കൊണ്ടുവരാന്‍ സാധിക്കാത്തത് കൊണ്ടാണ് ജോണ്‍സന്റെ മുന്‍ഗാമി തെരേസ മെയ്ക്ക് രാജിവെച്ചൊഴിയേണ്ടി വന്നത്. ഇ യുവുമായി ചില കാര്യങ്ങളില്‍ ബന്ധം സൂക്ഷിച്ചു കൊണ്ടുള്ള ഭാഗിക ബ്രക്‌സിറ്റായിരുന്നു തെരേസ മെയ് മുന്നോട്ട് വെച്ചിരുന്നത്. അതിന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പിന്തുണ കിട്ടിയില്ല. ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള മുഖ്യ പ്രതിപക്ഷ പാര്‍ട്ടി, ബ്രെക്‌സിറ്റ് നീക്കം പൂര്‍ണമായി നിര്‍ത്തിവെച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ആഗോള സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ശരിയായ നിലപാട് അതായിരുന്നു. ആ അര്‍ഥത്തില്‍ ജെറമി കോര്‍ബിന്‍ ജയിച്ചു വരണമെന്ന് സാമ്രാജ്യത്വ വിരുദ്ധ ചേരിയിലുള്ളവര്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു.

ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലെയും ജനാധിപത്യ വിശ്വാസികളെ നിരാശയിലാഴ്ത്തുന്ന ഘടകങ്ങള്‍ ജോണ്‍സന്റെ വിജയത്തിലുണ്ട്. അദ്ദേഹം ഒരു ജനകീയ പ്രശ്‌നവും ഉന്നയിച്ചിട്ടില്ല എന്നതാണ് അത്. സമ്പൂര്‍ണ ബ്രെക്‌സിറ്റ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടുത്ത വിമര്‍ശകനും ഇടതു ആശയധാര കൈക്കൊള്ളുന്നയാളുമായ ജെറമി കോര്‍ബിന്‍ ആകര്‍ഷകമായ നിരവധി മുദ്രാവാക്യങ്ങള്‍ വെച്ചു. ദേശീയ ആരോഗ്യമേഖല സംരക്ഷിക്കുമെന്ന് ഉറപ്പ് മുന്നോട്ട് വെക്കുകയും അതിനുള്ള പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. വെള്ളം, വൈദ്യുതി, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയവ ദേശസാത്കരിക്കുമെന്ന വാഗ്ദാനവും അദ്ദേഹം നല്‍കി.

ബ്രക്‌സിറ്റില്‍ പുതിയ ഹിതപരിശോധന നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ദയനീയ പരാജയം ഏറ്റുവാങ്ങിയ ജെറമി കോര്‍ബിന്‍ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവെച്ചിരിക്കുകയാണ്. വടക്കന്‍ ബ്രിട്ടനും മിഡ്‌ലാന്‍ഡ്‌സുമടങ്ങുന്ന ലേബര്‍ ശക്തി കേന്ദ്രങ്ങളില്‍ പോലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അട്ടിമറി വിജയം നേടിയത് ജെറമി കോര്‍ബിന്റെ പ്രതിച്ഛായ മോശമായതു കൊണ്ടു മാത്രമാണെന്ന് കുറ്റപ്പെടുത്തുകയാണ് ലേബര്‍ പാര്‍ട്ടിയിപ്പോള്‍. കണ്‍സര്‍വേറ്റീവ് തേരോട്ടത്തിനിടയിലും സ്‌കോട്ടിഷ് നാഷനലിസ്റ്റ് പാര്‍ട്ടി ശക്തി തെളിയിച്ചു. ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്കും തിരിച്ചടിയാണുണ്ടായത്.
രൂപത്തില്‍ മാത്രമല്ല, നിലപാടുകളിലും നയങ്ങളിലും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പതിപ്പാണ് ബോറിസ് ജോണ്‍സണ്‍. ബ്രിട്ടനിലെ ട്രംപെന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. ബ്രിട്ടീഷ് ആണെങ്കിലും ബോറിസ് ജനിച്ചത് യു എസിലാണ്. 2016 വരെ യു എസ് പൗരത്വവും ഉണ്ടായിരുന്നു. രണ്ടാമൂഴത്തിനായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്ന ഡൊണാള്‍ഡ് ട്രംപ് അഴിച്ചു വിടുന്ന പ്രചാരണം കടുത്ത മുസ്‌ലിം, കുടിയേറ്റ വിരുദ്ധതയില്‍ ഊന്നിയുള്ളതാണ്. യു എസ് ഇപ്പോള്‍ അനുഭവിക്കുന്ന എല്ലാ പ്രതിസന്ധികളെയും ഈ അതിദേശീയതയാല്‍ മറച്ചു പിടിക്കുകയാണ് ട്രംപ് ചെയ്യുന്നത്. ജനാധിപത്യം എന്ന ഭരണക്രമം നിരര്‍ഥകമാകുന്ന നിലയിലേക്ക് തീവ്രവലതുപക്ഷ തരംഗം ആഞ്ഞടിക്കുന്നുവെന്നാണ് ട്രംപിന്റെ പ്രചാരണ തന്ത്രവും ജോണ്‍സന്റെ വിജയവും വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഈ കൊടുങ്കാറ്റ് ഭീകര രൂപം കൈവരിച്ചിരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചു വന്നത് ജനാധിപത്യത്തിന്റെ വിജയമായല്ല ദൗര്‍ബല്യമായി മാത്രമേ കാണാനാകൂ. ജയിച്ചു വന്ന ശേഷം നടക്കുന്ന വര്‍ഗീയ അജന്‍ഡാ നിര്‍മിതികള്‍ പൗരത്വ ഭേദഗതി നിയമത്തില്‍ എത്തിനില്‍ക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് വരെ വിലയിരുത്തുന്നതിലേക്ക് കാര്യങ്ങള്‍ അധഃപതിച്ചിരിക്കുന്നു. അഥവാ ഇനി തിരഞ്ഞെടുപ്പ് നടന്നാലും ഒരു ജനകീയ വിഷയവും ചര്‍ച്ച ചെയ്യേണ്ടി വരില്ല ഭരണകക്ഷിക്ക്. അത്രക്കും ആഴത്തിലുള്ള വര്‍ഗീയ വിഭജനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

സമ്പൂര്‍ണ ബ്രക്‌സിറ്റ് വേണമെന്നതില്‍ ബോറിസ് ജോണ്‍സണ്‍ ഉറച്ച് നില്‍ക്കുകയാണ്. അത് വേഗത്തില്‍ വേണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഈ തിടുക്കം കൊണ്ട് രാജ്യത്ത് സംഭവിക്കുന്ന പ്രശ്‌നങ്ങളെ അദ്ദേഹം കാര്യമാക്കുന്നില്ല. വടക്കന്‍ അയര്‍ലാന്‍ഡിലാകും പ്രതിസന്ധി ഏറ്റവും രൂക്ഷമാകുക. ഇപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായ ഇവര്‍ക്ക് അയര്‍ലാന്‍ഡുമായാണ് സാംസ്‌കാരിക ബന്ധം. 1998ലെ ഗുഡ് ഫ്രൈഡേ കരാര്‍ പ്രകാരം അയര്‍ലാന്‍ഡ് അതിര്‍ത്തി തുറന്നതോടെയാണ് വ. അയര്‍ലാന്‍ഡിലെ വിഘടനവാദ പ്രവണതകള്‍ക്ക് ശമനമായത്. ഇ യുവില്‍ നിന്ന് ബ്രിട്ടന്‍ വേര്‍പ്പെടുന്നതോടെ ഈ അതിര്‍ത്തി അടയ്ക്കപ്പെടും.

അതോടെ വ. അയര്‍ലാന്‍ഡില്‍ പ്രശ്‌നങ്ങള്‍ തലപൊക്കുകയും ചെയ്യും. കടുത്ത ബ്രക്‌സിറ്റിലേക്ക് പോകേണ്ടെന്ന് തീരുമാനിക്കാന്‍ തെരേസയെ പ്രേരിപ്പിച്ചിരുന്നത് ഇത്തരം നിരവധി പ്രശ്‌നങ്ങളായിരുന്നു.
ഉയര്‍ന്ന ഭൂരിപക്ഷം ഏത് കടുത്ത തീരുമാനത്തിനുമുള്ള സമ്മതിയായാണ് തീവ്രവലതുപക്ഷ നേതാക്കള്‍ കണക്കിലെടുക്കാറുള്ളത്. ഇന്ത്യയില്‍ ഇപ്പോള്‍ അതാണല്ലോ കാണുന്നത്. അതുകൊണ്ട് ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടനില്‍ നിന്ന് കൂടുതല്‍ ജനാധിപത്യവിരുദ്ധമായ തീരുമാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

Latest