Connect with us

Kerala

ശ്രീറാം വെങ്കിട്ടരാമനെതിരായ അച്ചടക്ക നടപടി; സഞ്ജയ് ഗാർഗ് സമിതിയുടെ അന്വേഷണം അന്തിമ ഘട്ടത്തിൽ

Published

|

Last Updated

തിരുവനന്തപുരം | സിറാജ് യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ സസ്‌പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് തലവനായ സമിതിയുടെ അന്വേഷണം അന്തിമ ഘട്ടത്തിൽ. അന്വേഷണത്തിന്റെ ഭാഗമായി കെ എം ബഷീറിന്റെ കൊലപാതക കേസിലെ പരാതിക്കാരനും സിറാജ് ഡയറക്ടറുമായ എ സൈഫുദ്ദീൻ ഹാജിയിൽ നിന്ന് സമിതി നാളെ തെളിവെടുപ്പ് നടത്തും. പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ശ്രീറാം വെങ്കിട്ടരാമന് നൽകിയ കുറ്റപത്രവും ഇതിന് ലഭിച്ച മറുപടിയും വിശദമായി പരിശോധിക്കുകയും ബന്ധപ്പെട്ടവരിൽ നിന്നെല്ലാം മൊഴിയെടുക്കുകയും ചെയ്യുന്ന നടപടി പുരോഗമിക്കുകയാണ്. സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്ക വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനുമായ സഞ്ജയ് ഗാർഗിനാണ് അന്വേഷണ ചുമതല. മറ്റൊരു ഐ എ എസ് ഉദ്യോഗസ്ഥനും ഊർജ വകുപ്പ് സെക്രട്ടറിയുമായ ഡോ. ബി അശോകുമാണ് പ്രസന്റിംഗ് ഓഫീസർ.
കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെൻഡ് ചെയ്ത ശേഷം ചീഫ് സെക്രട്ടറിയാണ് ശ്രീറാമിനെതിരെ വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിശദീകരണം തള്ളി സസ്‌പെൻഷൻ കാലാവധി നീട്ടിയ ശേഷമാണ് സഞ്ജയ് ഗാർഗിന് അന്വേഷണ ചുമതല നൽകിക്കൊണ്ടുള്ള ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിച്ചത്.

അപകടവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിശദീകരണ കുറിപ്പ് അന്വേഷണ സമിതി പരിശോധിച്ചിരുന്നു. സംഭവം നടക്കുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്ന വിശദീകരണമാണ് ശ്രീറാം വിശദീകരണക്കുറിപ്പിൽ നൽകിയിരുന്നത്. തനിക്കൊപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് വാഹനമോടിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീറാമിന്റെ വിശദീകരണം. എന്നാൽ, ശ്രീറാമിന്റെ വാദം തള്ളി വഫ ഫിറോസ് രംഗത്തു വന്നിരുന്നു.
ആഗസ്റ്റ് മൂന്നിന് പുലർച്ചെ 12.55നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ എം ബഷീർ കൊല്ലപ്പെടുന്നത്. ശ്രീറാം സർവേ ഡയറക്ടറായി ചുമതലയേൽക്കാനിരിക്കെയായിരുന്നു അപകടം. 2013 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ 1969ലെ ഓൾ ഇന്ത്യ സർവീസസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) റൂൾസ് റൂൾ 3(3) അനുസരിച്ചാണ് ചീഫ് സെക്രട്ടറി സസ്‌പെൻഡ് ചെയ്തത്.

അപകടം നടന്ന ശേഷം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങളാണ് നടന്നത്.
അപകടം ഉണ്ടാക്കിയ കാർ ആരാണ് ഓടിച്ചിരുന്നത് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരുന്നില്ല. സംഭവ സ്ഥലത്ത് വെച്ചു തന്നെ അപകടം ഉണ്ടാക്കിയ കാറിലുണ്ടായവരെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അവരുടെ പേരു വിവരങ്ങളും എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടില്ല.

മാത്രമല്ല ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നത്. ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കുന്നതിനായി മദ്യപിച്ചു വാഹനമോടിച്ചുവെന്ന പരാമർശവും എഫ് ഐ ആറിലുണ്ടായിരുന്നില്ല. പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന തരത്തിലായിരുന്നു എഫ് ഐ ആർ തയാറാക്കിയിരുന്നത്. പിന്നീട് മാധ്യമങ്ങളുടെയും ബന്ധപ്പെട്ടവരുടെയും നിരന്തര സമ്മർദത്തിനൊടുവിലാണ് ജാമ്യമില്ലാ വകുപ്പ് ചാർജ് ചെയ്യുന്നതും ശ്രീറാമിനെ റിമാൻഡ് ചെയ്യുന്നതും.