Connect with us

National

ജാമിഅയിലെ സംഘർഷത്തിൽ പങ്കില്ലെന്ന് വിദ്യാർഥികൾ

Published

|

Last Updated

ന്യൂഡൽഹി | ജാമിഅ മില്ലിയ്യ സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെ സംഘർഷഭരിതമാക്കിയതിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് വിദ്യാർഥികൾ. ബസുകൾ കത്തിച്ചതിലും പ്രതിഷേധം അക്രമാസക്തമാക്കിയതിലും പങ്കില്ലെന്ന് ജാമിഅ സ്റ്റുഡന്റ്‌സ് കമ്യൂണിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

തങ്ങളുടെ പ്രതിഷേധം സമാധാനപരവും അഹിംസാത്മകവുമാണ്. അക്രമത്തിൽ ഏതെങ്കിലും കക്ഷികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അപലപിക്കുന്നു. പോലീസ് വിദ്യാർഥികൾക്കെതിരെ ലാത്തി ചാർജ് നടത്തുകയായിരുന്നു. പലർക്കും ഗുരുതര പരുക്കേറ്റു. ചില വനിതാ പ്രതിഷേധക്കാരെ മോശമായി മർദിക്കുകയും ചെയ്തിട്ടുണ്ട്. അക്രമം യഥാർഥ പ്രതിഷേധത്തെ നിന്ദിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ശ്രമമാണെന്നും ജാമിഅ വിദ്യാർഥികളുടെ സമര കൂട്ടായ്മ വ്യക്തമാക്കി.

പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസവും മാധ്യമ പ്രവർത്തകർക്കു നേരെ അക്രമം നടന്നിരുന്നു. ഇതിനു പിന്നിൽ ഡൽഹി പോലീസ് മഫ്തിയിൽ ഇറക്കിയവരാണെന്നു ജാമിഅ വിദ്യാർഥികൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം ജാമിഅ സർവകലാശാലയിൽ പ്രതിഷേധം രൂപപ്പെട്ടതിനെത്തുടർന്ന് സർവകലാശാല അടച്ചിരുന്നു. ജനുവരി അഞ്ച് വരെയാണ് അടച്ചത്.

സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല വൃത്തങ്ങൾ അറിയിച്ചിരുന്നു. അതിനിടെ ഇന്നലെ അലീഗഢ് സർവകലാശാലയിലും പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പോലീസ് ലാത്തി വീശി.
ഓഖ്‌ല, ജാമിഅ, ന്യൂ ഫ്രണ്ട്‌സ് കോളനി, മദൻപൂർ, മേഖലയിലെ സ്‌കൂളുകൾ തത്കാലം അടച്ചിടുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.