Connect with us

Kerala

പൗരത്വ നിയമ ഭേദഗതി: അർധരാത്രി രാജ്ഭവൻ മാർച്ച്‌; കേരളത്തിൽ ഉടനീളം വിദ്യാർഥി പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് ഡൽഹി ജാമിയ മില്ലിയയിലെ വിദ്യാർഥികൾക്കെതിരായ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് കേരളത്തിൽ അർദ്ധരാത്രി വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. ഡൽഹി ഉറങ്ങാത്ത രാത്രി കേരളവും ഉറങ്ങാതെ നിന്നു.

ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രാജ്ഭവന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച മാർച്ച് തടയാൻ പോലീസ് ശ്രമിച്ചു.

ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ അകത്തു കയറാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ ബാരിക്കേടിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡി വൈ എഫ് ഐ മാർച്ചിന് പിന്നാലെ നടന്ന കെ എസ് യു മാർച്ചും സംഘർഷഭരിതമായി. ഇതിനു നേരെയും പോലീസ് ജലപീരങ്കി പ്രയാഗിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ഇന്നലെ രാത്രി വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു.

പോലീസിന്റെ നരനായാട്ടിൽ പ്രതിഷേധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അർധരാത്രിയിൽ എസ് എസ് എഫും തെരുവിലിറങ്ങി. കോഴിക്കോട് ടൗണിൽ 12 മണിയോടെ  റയിൽവെ സ്റ്റേഷനിലേക്ക്  നടന്ന പ്രതിഷേധ പ്രകടനം സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹർ  നേതൃത്വം നൽകി. മഞ്ചേരി, കൊണ്ടോട്ടി, കൊളപ്പുറം, കോട്ടക്കൽ, വേങ്ങര, അരീക്കോട്, കണ്ണൂർ, കാസർകോട്, പാലക്കാട്, പട്ടാമ്പി എന്നിവിടങ്ങളിൽ രാത്രിയിൽ പ്രതിഷേധം നടന്നു.

Latest