Connect with us

International

ഫിലിപ്പൈൻസിൽ ഭൂചലനം; മൂന്ന് പേർ മരിച്ചു

Published

|

Last Updated

മനില | തെക്കൻ ഫിലിപ്പൈൻസിലെ മിൻഡാനോവോ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ആറ് വയസ്സുകാരിയടക്കം മൂന്ന് പേർ മരിച്ചു. റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ചലനമാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 11.41 ന് ആയിരുന്നു ഭൂചലനം ഉണ്ടായത്.
വീട് തകർന്നാണ് പെൺകുട്ടി മരിച്ചതെന്ന് പ്രവിശ്യാ ഗവർണർ പറഞ്ഞു. മൂന്ന് പേർ മരിച്ചതായി ദുരന്ത നിവാരണ സേന സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ ദ്വീപായ മിൻഡാനാവോ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമാണ്.

ഭൂചലനത്തെ തുടർന്ന് ഹോട്ടലിലെ കുളം നാടകീയമായി കവിഞ്ഞൊഴുകുന്നതും മാളുകളിൽ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നതുമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പഡഡയിൽ മാർക്കറ്റ് തകർന്നു. സ്‌കൂൾ കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഞായറാഴ്ച പ്രവൃത്തിദിവസമല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പ്രഡിഡന്റ് റോഡ്രിഗോ ഡ്യുടർട്ടെയുടെ ഡാവാവോയിലെ വീടിന് വിള്ളലുണ്ടായി. അദ്ദേഹം വീട്ടിലുണ്ടായിരുന്നെങ്കിലും സുരക്ഷിതനാണ്.

സമീപ പ്രവിശ്യകളിൽ 5.0 തീവ്രത ഉൾപ്പെടെ നിരവധി ചലനങ്ങളുണ്ടായെന്നും സുനാമി സാധ്യതയില്ലെന്നും യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഒക്ടോബറിൽ ദ്വീപിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 14 പേർ മരിക്കുകയും 400ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Latest