Connect with us

Ongoing News

ഇന്ത്യ- വെസ്റ്റിൻഡീസ് ഏകദിനം: ആദ്യ ജയം വിൻഡീസിന്

Published

|

Last Updated

ഇന്ത്യ- വെസ്റ്റിൻഡീസ് മത്സരത്തിൽ നിന്ന്

ചെന്നൈ | വെസ്റ്റിൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഷിമ്രോൺ ഹെറ്റ്മയറുടേയും ഷായ് ഹോപ്പിന്റെയും വെടിക്കെട്ടിന് മുന്നിൽ ഇന്ത്യ തകർന്നുവീണു. എട്ട് വിക്കറ്റിനാണ് ഇന്ത്യയെ വെസ്റ്റിൻഡീസ് തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 287 റൺസാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഹെറ്റ്‌മെയർ 106 പന്തിൽ 139 റൺസും ഷായ് ഹോപ് 151 പന്തിൽ 102 റൺസുമാണെടുത്തത്. നിക്കോളാസ് പൂരൻ 29 റൺസുമായി പുറത്താകാതെ നിന്നു. എട്ട് പന്തിൽ ഒന്പത് റൺസുമായി സുനിൽ അംബ്രിസാണ് വിൻഡീസ് നിരയിൽ പുറത്തായത്. സ്‌കോർ: ഇന്ത്യ-287/8(50 ഓവർ). വെസ്റ്റിൻഡീസ്-291/2(47.5 ഓവർ).

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് 1–0ന് മുന്നിലെത്തി. അർധ സെഞ്ച്വറി നേടി തിളങ്ങിയ ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യക്ക് സമാന്യം ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. കെ എൽ രാഹുൽ (6), വിരാട് കോലി(4), രോഹിത് ശർമ (36), ശ്രേയസ് അയ്യർ ( 70), ഋഷഭ് പന്ത് (71), കേദാർ ജാദവ് (40), രവീന്ദ്ര ജഡേജ (21 ), ശിവം ദുബെ (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ദീപക് ചാഹർ ഏഴ് റൺസെടുത്തും മുഹമ്മദ് ഷാമി റൺസൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു.

വെസ്റ്റിൻഡീസിനായി ഷെൽഡൻ കോട്രൽ, അൽസാരി ജോസഫ്, കീമോ പോൾ എന്നിവർ രണ്ട് വിക്കറ്റ് വീതവും പൊള്ളാർഡ് ഒരു വിക്കറ്റും വീഴ്ത്തി. 19 ഓവറിൽ 80/3 എന്ന നിലയിൽ നിന്നായിരുന്നു അയ്യരുടെയും പന്തിന്റെയും രക്ഷാപ്രവർത്തനം. ശ്രേയസ് അയ്യർ 88 പന്തിൽ 70 റൺസ് നേടി പുറത്തായപ്പോൾ 69 പന്തിലാണ് ഋഷഭ് പന്ത് 71 റൺസ് അടിച്ചത്. ഓപണിംഗ് വിക്കറ്റിൽ കെ എൽ രാഹുലും രോഹിത് ശർമയും ചേർന്നു 21 റൺസ് നേടി.

ഏഴാം ഓവറിന്റെ രണ്ടാം പന്തിൽ ഷെൽഡൻ കോട്രൽ രാഹുലിനെ ഷിമ്രോൺ ഹെയ്റ്റ്മറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഓവറിന്റെ അവസാന പന്തിൽ വിരാട് കോലിയെയും കോട്രൽ ബോൾഡ് ചെയ്തു. പിന്നീട് രോഹിത്തും ശ്രേയസ് അയ്യറും ചേർന്നു 55 റൺസ് സ്‌കോർ ബോർഡിൽ ചേർത്തെങ്കിലും 19ാം ഓവറിന്റെ രണ്ടാം പന്തിൽ ജോസഫ് രോഹിത്തിനെ പുറത്താക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം 18ാം തീയതി വിശാഖപട്ടണത്ത് നടക്കും.

Latest