Connect with us

National

ജാമിഅക്ക് പിന്നാലെ അലിഗഡിലും പോലീസ് നരനായാട്ട്

Published

|

Last Updated

ന്യൂഡൽഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയർത്തിയ ജാമിഅ സർവകലാശാല വിദ്യാർഥികൾക്കും പ്രദേശ വാസികൾക്കും നേരെ പോലീസിന്റെ ക്രൂരമായ അതിക്രമം. സർവകലാശാലാ അധികൃതരുടെ അനുമതിയില്ലാതെ ക്യാമ്പസിനുള്ളിൽ കയറി പോലീസ് നരനായാട്ടു നടത്തി. പെൺകുട്ടികളുടെ ഹോസ്റ്റലിലും ലൈബ്രറിയിലും കയറി പോലീസ് കണ്ണീർ വാതകവും ലാത്തി ചാർജും പ്രയോഗിച്ചു. രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്താണ് പോലീസ് ക്യാമ്പസിനുള്ളിൽ കയറി അക്രമം നടത്തിയത്. അനുമതി ഇല്ലാതെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കാമ്പസിൽ പ്രവേശിച്ചതെന്നും വിദ്യാർഥികളെയും ജീവനക്കാരെയും പോലീസ് മർദിച്ചതായും ജാമിഅ മില്ലിയ്യ സർവകലാശാല പ്രോക്ടർ വസീം അഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

പോലീസ് അതിക്രമത്തിൽ വിദ്യാർഥികൾക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്. രാത്രിയിലും പ്രവർത്തിക്കുന്ന ലൈബ്രറിയുടെ ഭാഗമായിയുള്ള വായനാ മുറിയിലേക്കാണ് പോലീസ് അതിക്രമിച്ചു കയറിയത്. ക്യാമ്പസിനുള്ളിൽ കയറിയ പോലീസ് സർവകലാശാല ഗാർഡുകളെ മാറ്റി ഗേറ്റ് അടച്ചു വിദ്യാർഥികളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
നേരത്തേ നടന്ന പ്രതിഷേധത്തിൽ ഉൾപ്പെട്ട ചിലർ ക്യാമ്പസിനുള്ളിൽ കയറിട്ടുണ്ടെന്ന് ആരോപിച്ചാണ് പോലീസ് ജാമിഅ ക്യാമ്പസിനുള്ളിലേക്ക് കയറിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സർവകലാശാലാ പരിസരത്ത് ഇന്നലെ വൈകിട്ടോടെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയിരുന്നത്.

സർവകലാശാലയിൽ നിന്ന് വിദ്യാർഥികളും പ്രദേശ വാസികളും അടങ്ങുന്നവർ ജന്തർ മന്തിറിലേക്ക് നടത്തിയ ഗാന്ധി പീസ് മാർച്ച് പോലീസ് തടയുകയായിരുന്നു. സർവകലാശാല പരിസരത്തു നിന്ന് രണ്ട് കിലോമീറ്റർ മാറിയാണ് പോലീസ് തടഞ്ഞത്. ഇതോടെ മാർച്ച് സംഘർഷത്തിലേക്ക് വഴി മാറി. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ലാത്തി ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.

ബട്ട്‌ലാഹൗസ്, ജാമിഅ നഗർ, ഒക്ക്‌ല, ഒക്ക്‌ല മോഡ്, സുഖ്‌ദേവ് വിഹാർ, ന്യൂ ഫ്രണ്ട്‌സ് കോളനി പ്രദേശങ്ങളിലാണ് ഇന്നലെ പ്രതിഷേധം അരങ്ങേറിയത്. ഡൽഹി സർക്കാറിന്റെ നാല് ബസുകൾ അഗ്നിക്കിരയായി. പ്രതിഷേധക്കാർ ബസുകൾ കത്തിക്കുകയും അക്രമം അഴിച്ചിവിടുകയുമായിരുന്നുവെന്നു ഡൽഹി പോലീസ് പറഞ്ഞു. രണ്ട് അഗ്‌നിശമന സേനാംഗങ്ങൾക്ക് പരുക്കേറ്റതായും പോലീസ് വ്യക്തമാക്കി.
അതേസമയം, പോലീസ് തന്നെയാണ് അക്രമം അഴിച്ചുവിട്ടതെന്ന് വ്യക്തമാക്കി പ്രതിഷേധക്കാർ രംഗത്തെത്തി. ബസുകൾക്ക് നേരെ പോലീസ് അക്രമം നടത്തുന്ന വീഡിയോയും ചിത്രങ്ങളും പ്രതിഷേധക്കാർ പുറത്തുവിട്ടു.

ഡൽഹി പോലീസ് മഫ്തിയിൽ നിയോഗിച്ചവരാണ് അക്രമമുണ്ടാക്കിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇതിന്റെ ചിത്രങ്ങളും അവർ പുറത്തുവിട്ടിട്ടുണ്ട്.
അതിനിടെ, അലിഗഢ് സർവകലാശാലാ പരിസരത്തും സംഘർഷമുണ്ടായി. ജാമിഅ സർവകലാശാല ജനുവരി അഞ്ച് വരെ അടച്ചിടും.