Connect with us

National

ജാമിഅ നഗറില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് ബസുകള്‍ കത്തിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിഅ മില്ലിയ യൂനിവേഴ്സിറ്റിക്ക് പുറത്ത് നടത്തിവന്നിരുന്ന സമരം സംഘര്‍ഷഭരിതമായി. ജാമിഅ നഗറില്‍ പ്രതിഷേധക്കാര്‍ മൂന്ന് ബസുകള്‍ കത്തിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഡല്‍ഹിയിലെ സുഖ്‌ദേവ് വിഹാര്‍, ഫ്രണ്ട്‌സ് കോളനി എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. കാമ്പസിന് പുറത്ത് നിന്നെത്തിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് സര്‍വകലാശാല യൂനിയന്‍ പറഞ്ഞു. കല്ലേറില്‍ രണ്ട് അഗ്നിശമനാ സേനാംഗങ്ങള്‍ക്കും പരുക്കേറ്റു.

പ്രക്ഷോഭം ആളിക്കത്തിയ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല അടുത്ത മാസം അഞ്ചാം തീയതി വരെ അടച്ചിട്ടിരുന്നു. ശീതകാല അവധി നേരത്തേ പ്രഖ്യാപിച്ച സര്‍വകലാശാല ഇതിന് മുമ്പ് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വച്ചിരുന്നുവെങ്കിലും സമരത്തില്‍ നിന്ന് പിന്‍മാറാതെ വിദ്യാര്‍ഥികളും ജാമിഅ ടീച്ചേഴ്സ് അസോസിയേഷനും (ജെ ടി എ) രംഗത്തുണ്ടായിരുന്നു. പ്രതിഷേധിച്ച നൂറ് കണക്കിന് വിദ്യാര്‍ഥികളെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസാണ് ആക്രമണത്തിന് വഴിവെച്ചതെന്ന തരത്തിലുള്ള ദൃശ്യങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെട്രോൾ കന്നാസുമായെത്തിയ പോലീസ് വാഹനങ്ങൾക്ക് തീയിടുന്നതാണ് ദൃശ്യം. സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.