Connect with us

Malappuram

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബി ജെ പി ഘടകകക്ഷിയും സുപ്രീംകോടതിയിലേക്ക്

Published

|

Last Updated

ദിസ്പുര്‍ | പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി അസമില്‍ ബി ജെ പി സഖ്യ സര്‍ക്കാരില്‍ ഭിന്നത. നിയമത്തിനെതിരെ എതിര്‍പ്പുമായി ബി ജെ പിയുടെ പ്രധാന സഖ്യകക്ഷിയായ അസം ഗണ പരിഷത്താണ് രംഗത്തെത്തിയത്. നിയമത്തെ ആദ്യ ഘട്ടത്തില്‍ പിന്തുണച്ച എ ജി പി പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനിച്ചു.

ഇന്നലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബി ജെ പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായി ചര്‍ച്ച നടത്താനും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

ബി ജെ പിയുടെ നേതൃത്വത്തിലുള്ള അസമിലെ സര്‍ബാനന്ദ സൊനോവാള്‍ സഖ്യ സര്‍ക്കാരില്‍ എ ജി പിയുടെ മൂന്നു മന്ത്രിമാരുണ്ട്. പാര്‍ലമെന്റില്‍ ബില്ലിനെ എ ജി പി പിന്തുണച്ചെങ്കിലും പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പാണ് ഉണ്ടായത്. പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്നു പലരും രാജിവെക്കുകയും ചെയ്തിരുന്നു. നേതാക്കള്‍ ജനങ്ങളുടെ വികാരങ്ങള്‍ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടെന്ന പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് നിലപാട് മാറ്റം.

അതിനിടെ ബി ജെ പി അസം ഘടകത്തില്‍ നിന്ന് നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടു. വെള്ളിയാഴ്ച മുതിര്‍ന്ന ബി ജെ പി നേതാവും അസം പെട്രോകെമിക്കല്‍സ് ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭുയാന്‍ ബോര്‍ഡ് സ്ഥാനം രാജിവെച്ചിരുന്നു. അസം നടനും സംസ്ഥാന ഫിലിം ഫിനാന്‍സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനുമായ ജതിന്‍ ബോറയും പാര്‍ട്ടി നേതാവും നടനുമായ രവി ശര്‍മയും മുന്‍ സ്പീക്കര്‍ പുലകേഷ് ബറുവയും രാജിവെച്ചു.. ജമുഗുരിഹട്ട്, പദ്മ ഹസാരിക മണ്ഡലങ്ങളിലെ ബി ജെ പി. എം എല്‍ എമാരും രാജിവയ്ക്കുമെന്ന് അറിയിച്ചു.