Connect with us

National

പ്രതിഷേധം പടരുന്നു; ബംഗാളിൽ അഞ്ച് ട്രെയിനുകൾ കത്തിച്ചു

Published

|

Last Updated

ന്യൂഡൽഹി/ കൊൽക്കത്ത | പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമേ പശ്ചിമ ബംഗാളിലും പ്രതിഷേധം പടരുകയാണ്. പശ്ചിമ ബംഗാളിൽ അഞ്ച് ട്രെയിനുകൾക്ക് തീവെച്ചു. മുർഷിദാബാദ് ജില്ലയിലെ ലാൽഗോല റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനുകൾക്കാണ് തീയിട്ടത്. ട്രെയിനുകളിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല.
മുർഷിദാബാദിലെ തന്നെ നിംതിത റെയിൽവേ സ്റ്റേഷനും തീവെച്ചു. വെള്ളിയാഴ്ച ബെൽദംഗ സ്റ്റേഷന് പ്രതിഷേധക്കാർ തീവെച്ചിരുന്നു. മുർഷിദാബാദിൽ ബസിന് തീവെച്ചു. യാത്രക്കാരെ ഇറക്കിയതിന് ശേഷമാണ് തീവെച്ചത്. അക്രമാസക്തമായ പ്രതിഷേധമാണ് പലയിടത്തും അരങ്ങേറുന്നത്.

ഹൌറയില്‍ റെയില്‍വേ സ്റ്റേഷന്‍റെ ഒരു ഭാഗവും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് നേരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രതിഷേധം സമാധാനപരം ആകണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. അക്രമം തുടരുകയാണെങ്കില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബംഗാള്‍ ബി.ജെ.പി പ്രതികരിച്ചു.

നാളെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പൌരത്വഭേദഗതി നിയമത്തിനെതിരെ ബംഗാളില്‍ റാലി നടത്തും.

ഹൗറയിൽ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന് തീയിട്ടു. റോഡ് ഗതാഗതം തടഞ്ഞു. പോലീസിനെയും ദ്രുതകർമ സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കോന എക്‌സ്പ്രസ് വേയിൽ ആറ് ബസുകൾക്ക് തീവെച്ചു.
നോർത്ത് 24 പർഗാന ജില്ലയിൽ റോഡുകൾ തടഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചു.

കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കി.
പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി മമതാ ബാനർജിയാണെന്ന് ബി ജെ പി കുറ്റപ്പെടുത്തി. വോട്ട് ബേങ്ക് നഷ്ടമാകുമോയെന്ന ഭീതിയാണ് മമതക്കെന്നും ബി ജെ പി നേതാക്കൾ ആരോപിച്ചു.

അസം
അസം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഇന്നലെയും വ്യാപക പ്രതിഷേധം അരങ്ങേറി.
അസമിലെ ഗുവാഹത്തിയിൽ അക്രമ സംഭവങ്ങൾ കുറഞ്ഞെങ്കിലും പ്രതിഷേധം തുടരുകയാണ്. ടിൻസുകിയ, ദിബ്രുഗഢ്, ജോർഹത് എന്നിവിടങ്ങളിൽ പ്രതിഷേധത്തിന് അയവില്ല.

ഇന്ന് വൈകീട്ട് ഏഴ് വരെ കർഫ്യൂവിൽ ഇളവ് നൽകി.
പലയിടങ്ങളിലും കടകൾക്ക് മുന്നിൽ വൻ തിരക്ക് അനുഭവപ്പെട്ടു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അസമിൽ 85 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നാഗാലാൻഡ്
നാഗാലാൻഡിൽ നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഇന്നലെ ആറ് മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തു. കാര്യമായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടന്നു. വാഹനങ്ങൾ പൊതുവേ നിരത്തിലിറങ്ങിയില്ല.

ഡൽഹി
ഡൽഹിയിൽ ജാമിഅ മില്ലിയ്യ ഉൾപ്പെടെയുള്ള വിവിധ സർവകലാശാലകളിലെ വിദ്യാർഥികളും സന്നദ്ധ സംഘടനകളും ചേർന്ന് ജന്തർമന്തറിലേക്ക് റാലി നടത്തി. വിദ്യാർഥികൾ നടത്തിയ പ്രതിഷേധ മാർച്ച് അക്രമത്തിൽ കലാശിച്ചതോടെ ജാമിഅ മില്ലിയ്യ സർവകലാശാല ജനുവരി അഞ്ച് വരെ അടച്ചു. പാർലിമെന്റിലേക്ക് വെള്ളിയാഴ്ച നടത്തിയ പ്രതിഷേധ മാർച്ച് ആണ് അക്രമാസക്തമായത്.
കോൺഗ്രസിന്റെ ഭാരത് ബച്ചാവോ പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു.

ബിഹാറിൽ 21ന് സംസ്ഥാന ബന്ദിന് ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആർ ജെ ഡി ആഹ്വാനം ചെയ്തു.

യാത്ര ഒഴിവാക്കണം
പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യു എസ്, യു കെ, ഫ്രാൻസ്, കാനഡ, ഇസ്‌റാഈൽ എന്നീ രാജ്യങ്ങൾ പൗരന്മാരോട് നിർദേശിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്.

Latest