Connect with us

Uae

അക്കാഫിന് സി ഡി എ അംഗീകാരം

Published

|

Last Updated

ദുബൈ | അക്കാഫ് വൊളന്റിയർ ഗ്രൂപ്പിന് സി ഡി എയുടെ (കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറ്റിയുടെ) സാക്ഷ്യപത്രം. ദുബൈയിലെ മികച്ച മൂന്നു സന്നദ്ധ സേവന ഗ്രൂപ്പുകളിലൊന്നായി അക്കാഫ് വൊളന്റിയർ ഗ്രൂപ്പിനെ(ഓൾ കേരള കോളജ് അലമ്‌നി ഫോറം) സി ഡി എ തിരഞ്ഞെടുത്തു. കഴിഞ്ഞദിവസം സിഡിഎ അധികൃതർ സാക്ഷ്യപത്രവും സമ്മാനിച്ചു. കേരളത്തിലെ നൂറോളം കലാലയങ്ങളിലെ പൂർവവിദ്യാർഥി കൂട്ടായ്മയാണ് അക്കാഫ് വൊളന്റിയർ ഗ്രൂപ്പ്.

കഴിഞ്ഞ റമസാനിൽ ഗ്രൂപ്പ് നടത്തിയ ഇഫ്താർ വിതരണത്തിനും പ്രത്യേക പ്രശംസ ലഭിച്ചു. അമ്പതോളം ലേബർ ക്യാംപുകളിലായി മുപ്പതിനായിരത്തോളം കിറ്റുകളാണ് വിതരണം ചെയ്തത്. ഇതിന്റെ ഏകോപനം നിർവഹിച്ച എ.വി ചന്ദ്രന് മികച്ച സന്നദ്ധപ്രവർത്തകനുള്ള അനുമോദനവും സാക്ഷ്യപത്രവും ലഭിച്ചു. കേരളത്തിൽ പ്രളയക്കെടുതിയിൽപെട്ട ജില്ലകളിലും അക്കാഫ് വൊളന്റിയർ ഗ്രൂപ്പ് ദുരിതാശ്വാസ പ്രവർത്തനം നടത്തിയിരുന്നു. ദുബൈ പോലീസുമായി ചേർന്നു കുട്ടികൾക്കും സ്ത്രീകൾക്കുമായി പ്രത്യേക സുരക്ഷാബോധവത്കരണം നടത്തിയിരുന്നു. ദുബൈ സി ഡി എ നടത്തിയ എല്ലാ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമാണ് അക്കാഫ് സന്നദ്ധസേന.

കഴിഞ്ഞവാരം ദേശീയദിനത്തോടനുബന്ധിച്ച് ദുബൈ പോലീസ് സ്ഥാപിച്ച ഏറ്റവും കൂടുതൽ ആളുകൾ ഉയർത്തിയ ബാനർ, ഏറ്റവും കൂടുതൽ രാജ്യക്കാർ ഉയർത്തിയ ബാനർ എന്നീ ഗിന്നസ് റെക്കോർഡ് സംരംഭങ്ങളിലും അക്കാഫ് സജീവമായിരുന്നു. കഴിഞ്ഞ വർഷം റെഡ്ക്രസന്റുമായി ചേർന്നും ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നു. ലാഭേച്ഛയില്ലാതെ നടത്തുന്ന പ്രവർത്തനങ്ങളും അതിനു മനസ്സുള്ള ആളുകളുടെ കൂട്ടായ്മയുമാണ് അക്കാഫ് സന്നദ്ധ സേനയുടെ ശക്തിയെന്ന് മുതിർന്ന അംഗമായ പോൾ ടി. ജോസഫ് ചൂണ്ടിക്കാട്ടി.