Connect with us

Uae

പൗരത്വ ഭേദഗതി നിയമം വിദേശ ഇന്ത്യക്കാരുടെ കാഴ്ചപ്പാടിൽ

Published

|

Last Updated

വിദേശ രാജ്യങ്ങൾ, വിശേഷിച്ചു ഗൾഫ് മൂന്നോ നാലോ വർഷത്തിലൊരിക്കൽ പൊതുമാപ്പ് പ്രഖ്യാപിക്കാറുണ്ട്. അനധികൃത താമസക്കാരുടെ “പദവി” ക്രമീകരിക്കാനാണിത്. ഗൾഫിൽ അനധികൃത താമസക്കാരെന്നാൽ, യാതൊരു രേഖയും ഇല്ലാത്തവർ, വിസ കാലാവധി തീർന്നിട്ടും നാട്ടിലേക്ക് തിരിച്ചു പോകാത്തവർ എന്നിങ്ങനെയാണ് വിവക്ഷ. അനധികൃത താമസക്കാരെ ഗൾഫ് ഭരണകൂടം പക്ഷേ ശത്രുക്കളായി കാണാറില്ല. ജീവിതോപാധി തേടിയാണ് അവരെത്തിയതെന്നും ക്രമസമാധാനത്തിന് വെല്ലുവിളി ഉയർത്തുന്നില്ലെങ്കിൽ തുടരട്ടെയെന്നും ഉള്ള മനോഭാവമാണ് ഭരണകൂടത്തിന്. വിദേശികളുടെ ആധിക്യം കാരണം തദ്ദേശീയർക്കു തൊഴിൽ സാധ്യത കുറഞ്ഞപ്പോഴും ഭരണകൂട സമീപനം മാറിയില്ല. അനധികൃത താമസക്കാരെ ജയിലിൽ തള്ളിയില്ല. മാത്രമല്ല, സാമ്പത്തിക സാമൂഹിക സാംസ്‌കാരിക മേഖലയിൽ സൃഷ്ടിക്കുന്ന അസന്തുലിതത്വം ചൂണ്ടിക്കാട്ടി പൊതുമാപ്പിന് മുമ്പ് വലിയ ബോധവത്കരണം നടത്തും. സ്വന്തം നാട്ടിൽ കലാപമോ പ്രകൃതിക്ഷോഭമോ ഉണ്ടെങ്കിൽ അനധികൃത താമസക്കാരെ പറഞ്ഞയക്കാറില്ല. പ്രതികൂല സാഹചര്യം കെട്ടടങ്ങുന്നതു വരെ തുടരാൻ, യു എ ഇ കഴിഞ്ഞ തവണ സൗജന്യമായി വിസ നൽകുക പോലും ചെയ്തു. അടിസ്ഥാനപരമായി മനുഷ്യത്വമാണ് കാര്യം.

അനധികൃത താമസക്കാരെ മതത്തിന്റെയോ വർണത്തിന്റെയോ പേരിൽ വേർതിരിച്ചു കണ്ടില്ല. കുറേക്കാലം അനധികൃത താമസക്കാരായാൽ ലക്ഷക്കണക്കിന് ദിർഹം പിഴ അടക്കണം. കഴിഞ്ഞ വർഷം മിക്കവർക്കും അതും ഒഴിവാക്കിക്കൊടുത്തു. പൊതുമാപ്പ് തേടിയവരുടെ കൂട്ടത്തിൽ ഇന്ത്യ, ഫിലിപ്പൈൻ, ബംഗ്ലാദേശ് നേപ്പാൾ, പാകിസ്ഥാൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരൻമാരാണ് കൂടുതൽ. ഇപ്പോൾ യു എ ഇ ജാതിയോ മതമോ വർഗമോ നോക്കാതെ ദീർഘകാല വിസ നൽകുന്നു. ഏതാണ്ട് പൗരത്വത്തിനു തുല്യമാണത്. ഇറാനിൽ നിന്ന് പണ്ട് കാലത്തു കുടിയേറിയ പലരും ഗൾഫ് രാജ്യങ്ങളിൽ പൗരൻമാരായി. ഇറാനുമായി സംഘർഷം കൊടുമ്പിരിക്കൊണ്ട കാലത്തു പോലും അത്തരമാളുകൾക്ക് യാതൊരു ഭീഷണിയും നേരിടേണ്ടി വന്നില്ല. കുടിയേറ്റം, പലായനം തുടങ്ങിയ ചരിത്ര സന്ധികളിൽ ഇരകളും അഭയം നൽകുന്നവരും മനുഷ്വത്വത്തിന്റെ പാലങ്ങളിലൂടെയാണ് കടന്നു പോകാറുള്ളത്. അപവാദങ്ങൾ ഇല്ലെന്നല്ല മ്യാൻമാർ ഉദാഹരണം. ആയിരക്കണക്കിന് റോഹിംഗ്യൻ വംശജരെ കൂട്ടക്കൊല ചെയ്തു. വർഗീയതയുടെ കൊടും വിഷം കയറിയ സമൂഹം ഉരുത്തിരിയുമ്പോൾ മാത്രമേ അത്തരം കരുണയില്ലാത്തവരും സ്വാർഥരും ജനിക്കുന്നുള്ളൂ.

ഇന്ത്യയിൽ പൗരത്വ നിയമ ഭേദഗതി അഥവാ സി എ ബി അത്തരമാളുകളുടെ ജാര സന്തതിയാണ്. അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുമ്പോൾ മുസ്്ലിംകളെ മാത്രം മാറ്റി നിർത്തുന്നു. അസമിൽ നാഷനൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് നടപ്പാക്കിയപ്പോൾ 19 ലക്ഷത്തോളം ആളുകൾ ഇന്ത്യൻ പൗരത്വത്തിന് പുറത്തായി. ഇതിൽ മുസ്്ലിംകൾ മൂന്നിലൊന്നാണ്. മുസ്്ലിം ഇതര വിഭാഗക്കാരാണ് കൂടുതൽ.

മുസ്ലിംകളെ മാത്രം ആട്ടിയോടിക്കാം എന്നാണ് ഭരണകൂടത്തിന്റെ തീരുമാനം. തോട്ടങ്ങളിൽ തൊഴിലെടുക്കാൻ ബ്രിട്ടീഷ് ഇന്ത്യ ബംഗ്ലാദേശിൽ നിന്നും നേപ്പാളിൽ നിന്നും പിടിച്ചു കൊണ്ടു വന്നവരുടെ പിൻമുറക്കാരും ആട്ടിയോടിക്കപ്പെടും. മറ്റു മത വിഭാഗക്കാർക്കു പ്രശ്‌നമില്ല. എന്നിട്ടും അവർ തെരുവിലിറങ്ങി. തദ്ദേശീയരുടെ സാധ്യതകൾ കവർന്നെടുക്കുമെന്നാണ് ഭയം. കുറേ പേർ വെടിയേറ്റ് മരിച്ചു.

ദേശീയ പൗരത്വ രജിസ്ട്രേഷൻ ഇന്ത്യയാകെ നടപ്പാക്കുമെന്നാണ് കേന്ദ്ര ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ളത്. പാസ്‌പോർട്, റേഷൻ കാർഡ്, വോട്ടേഴ്സ് ഐ ഡി തുടങ്ങിയ രേഖകൾ കൈയിൽ കരുതണം. വിദേശ രാജ്യങ്ങളിൽ കുറേക്കാലമായി ജീവിക്കുന്ന അനേകം ഇന്ത്യക്കാരുണ്ട്. അവരിൽ പലർക്കും റേഷൻ കാർഡോ, വോട്ടേഴ്സ് ഐ ഡി യോ ഉണ്ടാകില്ല. എന്നാൽ ഇന്ത്യയിലേക്കു എന്നെങ്കിലും തിരിച്ചു പോയേ മതിയാകൂ എന്നുള്ളവരുമുണ്ട് പൗരത്വ നിയമ ഭേദഗതി ബിൽ അനുസരിച്ചു,ഒരു പക്ഷേ മുസ്ലിം ഇതര വിഭാഗങ്ങളോട് അധികം ചോദ്യം ഉണ്ടാകില്ല. പാസ്‌പോർട് മതിയാകും. മുസ്ലിംകൾ ആണെങ്കിൽ,1971 മാർച് 24 നു മുമ്പ് ഇന്ത്യയിൽ കുടുംബ വേരുകൾ ഉണ്ടായിരുന്നു എന്ന് തെളിയിക്കണം. ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഏറെക്കുറെ എൻ ആർ ഐ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുള്ളവർ ആശങ്കയിലാണ്. ഏത് നിമിഷവും ‘ഇരട്ട” പൗരത്വം നഷ്ടപ്പെടാം. ഇന്ത്യ വിരുദ്ധനെന്ന് ആരെങ്കിലും ഏഷണി പറഞ്ഞാൽ മതി. വിദേശത്തു നിന്ന് നാട്ടിലേക്ക് അവധിക്കു പോകുമ്പോൾ ഇന്ത്യയിൽ വിമാനത്താവളങ്ങളിൽ ചില ഉദ്യോഗസ്ഥർ മുസ്ലിംകളെ സംശയ ദൃഷ്ടിയോടെ നോക്കാറുണ്ട്. അവർക്കു ചൊറിയാൻ ഒരു കാരണം കൂടിയായി. അധികാരം ഉറപ്പിക്കാൻ ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചു. സംഘപരിവാരം അത് തുടരുന്നു. ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങളെ പരസ്പരം സംശയത്തിൽ നിർത്തുക. അതിൽ ഭൂരിപക്ഷത്തിനെ വർഗീയ ലഹരി നൽകി സുഖിപ്പിക്കുക. മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് ഭരണകൂടത്തിന് ശ്രദ്ധ തിരിച്ചു വിടാനും കഴിയും. കേരളം വേറിട്ടു ചിന്തിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലിനെതിരെ ഭരണ-പ്രതിപക്ഷ ഭേദമന്യെ രംഗത്തിറങ്ങിയിട്ടുണ്ട്.

അതേസമയം, കുറേ മുസ്്ലിംകൾ ഇന്ത്യയിൽ നിന്ന് ആട്ടിയോടിക്കപ്പെടേണ്ടവരാണെന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടവരിൽ മലയാളികളുണ്ട്. അവരിൽ ഗൾഫ് മലയാളികളും. നാട്ടിൽ പട്ടിണി ആയപ്പോഴാണ്, നിൽക്കക്കള്ളി ഇല്ലാതായപ്പോഴാണ് ആദ്യകാല മലയാളികൾ കൂട്ടത്തോടെ കടൽ കടന്നതെന്നു ഓർക്കുക. പായ്കപ്പലിൽ ദിവസങ്ങളോളം ദുരിതം താണ്ടിയവരിൽ ഹിന്ദുക്കളും മുസ്ലിംകളും ഒക്കെ ഉണ്ടായിരുന്നു. ഒരു പിടി വറ്റ് മാത്രമായിരുന്നു അപ്പോഴത്തെ ചിന്ത. പൗരത്വത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്ന ആളുകളും ഇതേ വിഭ്രാന്തിയിലൂടെയല്ലേ കടന്നു പോകുന്നത്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

---- facebook comment plugin here -----

Latest