Connect with us

Kerala

അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള മാധ്യമ പ്രവർത്തകരുടെ പോരാട്ടത്തിൽ സർക്കാർ ഒപ്പമുണ്ടാകും: മന്ത്രി എ സി മൊയ്തീൻ

Published

|

Last Updated

തൃശൂർ | അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള മാധ്യമ പ്രവർത്തകരുടെ പോരാട്ടത്തിൽ സംസ്ഥാന സർക്കാർ ഒപ്പമുണ്ടാകുമെന്ന് മന്ത്രി എ സി മൊയ്തീൻ. കേരള പത്രപ്രവർത്തക യൂണിയൻ 55ാമത് സംസ്ഥാന സമ്മേളനം ത്യശൂരിലെ കെ എം ബഷീർ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അപകടവും വെല്ലുവിളിയും നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് മാധ്യമ ലോകം കടന്നു പോകുന്നത്. ഭരണകൂടത്തിന് എതിരെ ശബ്ദമുയർത്തുന്ന മാധ്യമ പ്രവർത്തകരെ രാജ്യദോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കാൻ കേന്ദ്രം നീക്കം നടത്തുന്നുണ്ട്. ഏകാധിപത്യ വാഴ്ച്ചക്കെതിരെ ശബ്ദമുയർത്തിയ മാധ്യമ പ്രവർത്തകരുടെ തലമുറയുടെ പിൻമുറക്കാരാണ് ഇവിടെയുള്ളത്. അതിനാൽ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ നടത്തുന്ന ഒരു ശ്രമവും നടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കമാൽ വരദൂർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി എസ് സുനിൽകുമാർ, പ്രൊഫ. സി രവീന്ദ്രനാഥ്, ഗവൺമെന്റ് ചീഫ് വിപ്പ് കെ രാജൻ, തൃശൂർ മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സി നാരായണൻ, മുൻ സെക്രട്ടറി പത്മനാഭൻ, ജനറൽ കൺവീനർ വിനീത തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് നടന്ന ആദര സമ്മേളനം കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസത്തെ സമ്മേളനം നാളെ സമാപിക്കും.

Latest