Connect with us

International

ബോറിസ് ജോൺസണ് വലിയ ജയം; ബ്രെക്സിറ്റിന് വേഗം കൂടും

Published

|

Last Updated

United Kingdom, Dec 13 (ANI): Britain”s Prime Minister Boris Johnson as he arrives at 10 Downing Street on the morning after the general election in London on Friday. (REUTERS photo)

ലണ്ടൻ | ബ്രിട്ടീഷ് തിരഞ്ഞെടുപ്പിൽ ബോറിസ് ജോൺസണ് വലിയ വിജയം. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ജോൺസൺ നേതൃത്വം നൽകുന്ന കൺസർവേറ്റീവുകൾ ഭരിക്കുന്നതിനുള്ള ഭൂരിപക്ഷമായ 326 സീറ്റുകൾ മറികടന്നു.
പൊതുസഭയിൽ 650 സീറ്റുകളിൽ 365 എണ്ണമാണ് കൺസർവേറ്റുകൾ നേടിയത്. ജെറമി കോർബിൻ നയിക്കുന്ന പ്രധാന എതിരാളിയായ ലേബർ പാർട്ടിക്ക് 203 സീറ്റുകൾ നേടാനേ സാധിച്ചുള്ളൂ. മൂന്നാം സ്ഥാനത്തുള്ള നിക്കോളാസ് സർജിയന്റെ സ്കോട്ടിഷ് നാഷനൽ പാർട്ടി 48, ജോ സ്വിൻസന്റെ ലിബറൽ ഡെമോക്രാറ്റുകൾ 11 സീറ്റുകൾ നേടി.
ബോറിസ് ജോൺസന്റെ വലിയ തിരഞ്ഞെടുപ്പ് വിജയം ബ്രിട്ടനിൽ മൂന്ന് വർഷമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് അവസാനമൊരുക്കുകയും യൂറോപ്യൻ യൂനിയനിൽ നിന്ന് പുറത്തുപോകുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു. 2020 ജനുവരി 31ന് ബ്രെക്സിറ്റ് യാഥാർഥ്യമാക്കുമെന്നാണ് ബോറിസ് ജോൺസന്റെ പ്രഖ്യാപനം.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടൻ നേരിട്ട ഏറ്റവും വലിയ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയാണ് ബ്രെക്‌സിറ്റ് ഉണ്ടാക്കിയത്. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുള്ള ബ്രിട്ടനെ വിശാലമായ വ്യാപാര കൂട്ടായ്മയിൽ നിന്ന് ഒഴിവാക്കുന്നതിലേക്കും യു കെയുടെ സമഗ്രതക്ക് തന്നെ ഭീഷണി ഉയർത്തുന്നതിലേക്കും ഇത് പരിണമിക്കപ്പെടുകയായിരുന്നു.

“ബ്രെക്‌സിറ്റ് യാഥാർഥ്യമാക്കും” എന്ന വലിയ പ്രഖ്യാപനം ഉയർത്തിപ്പിടിച്ച് പ്രചാരണത്തിനിറങ്ങിയ ജോൺസണെ സംബന്ധിച്ച്, ബ്രെക്‌സിറ്റ് വിരുദ്ധ കേന്ദ്രങ്ങൾക്ക് തടയിട്ട് നേടിയ വിജയം വലിയ ഊർജമാണ് നൽകുന്നത്. അതേസമയം, ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ ചേർന്ന് അര നൂറ്റാണ്ടിന് ശേഷമുള്ള വിജയം ജോൺസണ് ചില വെല്ലുവിളികളും ഒരുക്കുന്നുണ്ട്. പുതിയ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ, ആഗോള മൂലധന തലസ്ഥാനം എന്ന ലണ്ടന്റെ സ്ഥാനം സംരക്ഷിക്കൽ, യു കെയെ ഒരുമിച്ചു നിലനിർത്തൽ തുടങ്ങിയവയാണ് ആ വെല്ലുവിളികൾ.
സ്വാതന്ത്ര്യ ഹിതപരിശോധന ആവശ്യപ്പെടുന്ന നാഷനലിസ്റ്റ് പാർട്ടിയെ സ്കോട്്ലാൻഡ് അനുകൂലിച്ചതും ഐറിഷ് ദേശീയവാദികളിൽ നിന്ന് വടക്കൻ അയർലാൻഡിൽ ശക്തമായ ഏതിർപ്പ് നേരിടേണ്ടിവന്നതും ജോണസന്റെ പാതയിൽ ഇനിയും വെല്ലുവിളികൾ തീർക്കും.
ബോറിസ് ജോൺസന്റെ വിജയത്തിന് ശേഷം സ്കോട്്ലാൻഡിന്റെ പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയൻ നടത്തിയ പ്രതികരണം അത് വ്യക്തമാക്കുന്നുണ്ട്. യൂറോപ്യൻ യൂനിയനിൽ നിന്ന് ഇംഗ്ലണ്ടിനെ പുറത്തെടുക്കാൻ ബോറിസ് ജോൺസന് അധികാരമുണ്ടായിരിക്കാമെങ്കിലും സ്‌കോട്്ലാൻഡിനെ പുറത്താക്കാൻ അത് മതിയാകില്ല എന്നാണ് സ്റ്റർജിയൻ പ്രതികരിച്ചത്.

Latest