Connect with us

Gulf

അബൂദബി ഖലീഫ തുറമുഖം 400 കോടി ദിര്‍ഹം ചെലവില്‍ വിപുലീകരിക്കും

Published

|

Last Updated

അബൂദബി | ഏഴാം വാര്‍ഷികം ആഘോഷിക്കുന്ന അബൂദബി ഖലീഫ തുറമുഖം ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 400 കോടി ദിര്‍ഹം ചെലവില്‍ നവീകരിക്കും. ഖലീഫ തുറമുഖത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചതാണ് ഇക്കാര്യം. 2025 ഓടെ അബൂദബിയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിനായി 320 കോടി ദിര്‍ഹത്തിലധികം മുതല്‍മുടക്കും. തുറമുഖത്ത് നടപ്പിലാക്കുന്ന രണ്ട് പുതിയ പദ്ധതികള്‍ നേരിട്ടും പരോക്ഷമായും 2,800 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

സൗത്ത് ക്വേയുടെ വികസനത്തിനായി 22 കോടി ദിര്‍ഹവും ഖലീഫ പോര്‍ട്ട് ലോജിസ്റ്റിക്‌സ്, അബൂദബി ടെര്‍മിനലുകളില്‍ 160 കോടി ദിര്‍ഹവും മുതല്‍മുടക്കും. ഈ പണം പ്രാദേശിക ബേങ്കുകള്‍ സ്വയം മുതല്‍ മുടക്കുകയും ധനസഹായം നല്‍കുകയും ചെയ്യും. വിപുലീകരണം ഖലീഫ തുറമുഖത്തിനും കിസാദിനും മത്സരാധിഷ്ഠിത നേട്ടങ്ങള്‍ നല്‍കുന്നുവെന്ന് തുറമുഖത്തിന്റെ ആക്ടിംഗ് ഡയറക്ടര്‍ മുഹമ്മദ് ഈദാ തന്നഫ് അല്‍ മെന്‍ഹാലി അഭിപ്രായപ്പെട്ടു. പൊതുവായ ചരക്ക്, റോ-റോ, ബള്‍ക്ക് ഉപയോഗം എന്നിവ സൗത്ത് ക്വേ കൈകാര്യം ചെയ്യും.

വിപുലീകരണത്തിന്റെ ഒന്നാം ഘട്ടം 2020 ന്റെ നാലാം പാദത്തോടെയും രണ്ടാം ഘട്ടവും ഖലീഫ പോര്‍ട്ട് ലോജിസ്റ്റിക്‌സും 2021 ന്റെ ആദ്യ പാദത്തോടെയും പൂര്‍ത്തിയാകും. വ്യാപാര മേഖലയില്‍ തങ്ങള്‍ പ്രാപ്തരാണെന്ന് അല്‍ മെന്‍ഹാലി പറഞ്ഞു. പ്രാദേശിക, ആഗോള വിപണിയില്‍ ശക്തമായ ആവശ്യങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. ഈ വിപുലീകരണത്തോടെ, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കൂടുതല്‍ നിക്ഷേപകരെ കൊണ്ടുവരികയും ചെയ്യും. അബൂദബി സര്‍ക്കാരിന്റെ വിഷന്‍ 2030 ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2012 മുതല്‍ ഇന്നുവരെ ഞങ്ങള്‍ വളര്‍ച്ച കൈവരിച്ചു. വെല്ലുവിളികള്‍ ഉണ്ടെങ്കില്‍ അത് ഖലീഫ തുറമുഖത്തെ ബാധിച്ചിട്ടില്ല. ഞങ്ങള്‍ അവയെ അവസരങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്നു അല്‍ മെന്‍ഹാലി കൂട്ടിച്ചേര്‍ത്തു.

ടെര്‍മിനലുകള്‍ വിപുലീകരിച്ചു ശേഷി ഇരട്ടിയാക്കുമെന്ന് അബൂദബി ടെര്‍മിനലുകളുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ജാക്കോബ് ലാര്‍സന്‍ പറഞ്ഞു.