Connect with us

National

പൗരത്വ നിയമ ഭേദഗതി: ജാമിയ മില്ല്യ വിദ്യാര്‍ഥികളുടെ സമരത്തിനെതിരെ പോലീസ് ലാത്തിച്ചാര്‍ജ്, സംഘര്‍ഷം

Published

|

Last Updated

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മില്ല്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി നഗരത്തില്‍ തെരുവു യുദ്ധം തന്നെ അരങ്ങേറി. നേരത്തെ നടത്തിയ പ്രഖ്യാപന പ്രകാരം വിദ്യാര്‍ഥികള്‍ പ്രകടനമായി പാര്‍ലിമെന്റിനു മുമ്പിലേക്കു നീങ്ങവെയാണ് സംഘര്‍ഷമുണ്ടായത്.

പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ച പ്രക്ഷോഭകരെ പോലീസ് തടയുകയും അറസ്റ്റ് ചെയ്ത് നീക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ വിദ്യാര്‍ഥികള്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. തിരിച്ച് പോലീസും കല്ലെറിയുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം നീണ്ട സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കും പോലീസുകാര്‍ക്കും പരുക്കേറ്റു. നിരവധി വാഹനങ്ങള്‍ സമരക്കാര്‍ തകര്‍ത്തു.

സംഘര്‍ഷത്തെ തുടര്‍ന്ന് പട്ടേല്‍ ചൗക്, ജന്‍പത് മെട്രോ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഈ ഭാഗത്തെ റോഡ് ഗതാഗതവും സ്തംഭിച്ചു.